സൂപ്പര്‍ ടീമുകള്‍ 200 എടുക്കാന്‍ പാടുപെടുമ്പോഴാണ് 290 റണ്‍സിന്റെ വിജയം!! മിഷന്‍ 2026, സിംബാബ്‌വേ കുതിക്കുന്നു
Sports News
സൂപ്പര്‍ ടീമുകള്‍ 200 എടുക്കാന്‍ പാടുപെടുമ്പോഴാണ് 290 റണ്‍സിന്റെ വിജയം!! മിഷന്‍ 2026, സിംബാബ്‌വേ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th October 2024, 9:30 am

ടി-20 ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ചാണ് കഴിഞ്ഞ ദിവസം സിംബാബ്‌വേ ഗാംബിയയെ പരാജയപ്പെടുത്തിയത്. 2026 ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആഫ്രിക്ക റീജ്യണല്‍ ക്വാളിഫയര്‍ മത്സരത്തില്‍ 290 റണ്‍സിനാണ് സിംബാബ്‌വേ വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഷെവ്‌റോണ്‍സ് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗാംബിയ വെറും 54 റണ്‍സിന് പുറത്തായി.

ഇതോടെ ഒകു തകര്‍പ്പന്‍ നേട്ടമാണ് സിംബാബ്‌വേ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ റണ്‍സിന്റെ അടിസ്ഥാനത്തിലെ ഏറ്റവും മികച്ച വിജയം എന്ന നേട്ടമാണ് സിംബാബ്‌വേ തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തത്. നേപ്പാളിന്റെ പേരിലുണ്ടായിരുന്ന 273 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും മികച്ച വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍)

(ടീം – എതിരാളികള്‍ – റണ്‍സ് – വിജയമാര്‍ജിന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സിംബാബ്‌വേ – ഗാംബിയ – 344 – 290 – 2024*

നേപ്പാള്‍ – മംഗോളിയ – 315 – 273 – 2023

ചെക് റിപ്പബ്ലിക് – ടര്‍ക്കി – 279 – 257 – 2019

കാനഡ – പനാമ – 246 – 208 – 2021

ജപ്പാന്‍ – മംഗോളിയ – 218 – 205 – 2024

 

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഷെവ്‌റോണ്‍സ് ആദ്യ പന്ത് മുതല്‍ക്കുതന്നെ ആഞ്ഞടിച്ചു. ആറ് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ടീം സ്‌കോര്‍ 100 കടന്നിരുന്നു.

98ല്‍ നില്‍ക്കവെയാണ് സിംബാബ്‌വേക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 19 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സറുമായി 62 റണ്‍സ് നേടിയ താഡിവനാഷേ മരുമാണിയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. അധികം വൈകാതെ 26 പന്തില്‍ 50 റണ്‍സ് നേടിയ ബ്രയന്‍ ബെന്നറ്റും മടങ്ങി.

കഴിഞ്ഞ മത്സരത്തില്‍ സിംബാബ്‌വേയുടെ ടോപ് സ്‌കോററായ ഡിയോണ്‍ മയേഴ്‌സിന് എന്നാല്‍ ഗാംബിയക്കെതിരെ തിളങ്ങാന്‍ സാധിച്ചില്ല. അഞ്ച് പന്തില്‍ 12 റണ്‍സുമായാണ് താരം പുറത്തായത്.

എന്നാല്‍ റുവാണ്ടക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ബാറ്റ് കൊണ്ട് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതെ പോയ സിക്കന്ദര്‍ റാസ തകര്‍ത്തടിച്ചു. 43 പന്തില്‍ പുറത്താകാതെ 133 റണ്‍സാണ് താരം സ്വന്തമാക്കിയത്. 15 സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

റയാന്‍ ബേള്‍ 11 പന്തില്‍ 25 റണ്‍സ് നേടിയപ്പോള്‍ ക്ലൈവ് മദാന്‍ദെ 17 പന്തില്‍ പുറത്താകാതെ 53 റണ്‍സും നേടി.

എക്‌സ്ട്രാസ് ഇനത്തില്‍ എട്ട് റണ്‍സും പിറന്നതോടെ സിംബാബ് വേ 120 പന്തില്‍ 344 റണ്‍സ് അടിച്ചുനേടി.

ഗാംബിയക്കായി ആന്ദ്രേ ജാര്‍ജു രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബുബാകര്‍ കുയാതെ, അര്‍ജുന്‍സിങ് രാജ്പുരോഹിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗാംബിയന്‍ നിരയില്‍ പത്താം നമ്പറിലിറങ്ങിയ ആന്ദ്രേ ജാര്‍ജു മാത്രമാണ് ഇരട്ടയക്കം കണ്ടത്. 12 പന്തില്‍ പുറത്താകാതെ 12 റണ്‍സാണ് താരം നേടിയത്. 296 പന്തില്‍ ഏഴ് റണ്‍സ് നേടിയ ആസിം അഷ്‌റഫാണ് ടീമിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

സിംബാബ്‌വേക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയുമുയര്‍ത്താതെ ഗാംബിയ 14.4 ഓവറില്‍ 54ന് പുറത്തായി.

സിംബാബ്‌വേക്കായി ബ്രാന്‍ഡന്‍ മവൂറ്റ, റിച്ചാര്‍ഡ് എന്‍ഗരാവ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ബാസിരു ജായെ അബ്‌സന്റ് ഹര്‍ട്ടായി പുറത്തായി. വെസ്‌ലി മധേവരെ രണ്ട് വിക്കറ്റും റയാന്‍ ബേള്‍ ഒരു വിക്കറ്റും നേടി ഗാംബിയന്‍ ഇതിഹാസത്തിന് വിരാമമിട്ടു.

നാല് മത്സരത്തില്‍ നാലിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് സിംബാബ് വേ. നാല് മത്സരം കളിച്ച് പരാജമറിയാത്ത കെനിയയാണ് രണ്ടാമത്.

വ്യാഴാഴ്ചയാണ് സിംബാബ്‌വേ അടുത്ത മത്സരത്തിനിറങ്ങുന്നത്. ജിംഖാന ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കെനിയയാണ് എതിരാളികള്‍.

2024 ടി-20 ലോകകപ്പില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതിന്റെ നിരാശയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് റാസയുടെ പട്ടാളം. 2026ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിലേക്കാണ് ഇവര്‍ കണ്ണുവെക്കുന്നത്.

 

Content Highlight: Zimbabwe tops the list of Largest margin of victory (by runs) in T20Is