Kerala
ഒടുവില്‍ സക്കരിയ എത്തി; ഒരു ദിവസത്തെ ജാമ്യത്തില്‍ തളര്‍ന്നുകിടക്കുന്ന ഉമ്മയെ കാണാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 20, 08:20 am
Sunday, 20th October 2019, 1:50 pm

ബംഗളുരു സ്ഫോടനക്കേസിലെ വിചാരണത്തടവുകാരന്‍ പരപ്പനങ്ങാടി സ്വദേശി സക്കരിയ ഒരു ദിവസത്തെ ജാമ്യത്തില്‍ നാട്ടിലെത്തി. രോഗിയായ അമ്മയെ കാണാനാണ് സക്കരിയക്ക് ജാമ്യം ഒനുവദിച്ചത്. കര്‍ണാടക പൊലീസിന്റെയും കേരള പൊലീസിന്റെയും സംരക്ഷണത്തിലാണ് സക്കരിയ നാട്ടിലെത്തിയത്.

വിചാരണ തടവുകാരനായതിന് ശേഷം മൂന്നാം തവണയാണ് സക്കരിയ നാട്ടിലെത്തുന്നത്. സക്കരിയയുടെ അമ്മ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലാണ്.

2008ലെ ബംഗളൂരു സ്ഫോടനക്കേസില്‍ 2009 ഫെബ്രുവരി അഞ്ചിനാണ് കര്‍ണാടക പൊലീസ് തിരൂരില്‍ സക്കരിയ ജോലി ചെയ്യുന്ന കടയിലെത്തി അവനെ പിടികൂടിയത്. 19ാം വയസിലായിരുന്നു അറസ്റ്റ്. അറസ്റ്റു ചെയ്ത് നാലുദിവസത്തിനുശേഷമാണ് ബംഗളുരു പൊലീസ് സക്കരിയയെ കോടതിയില്‍ ഹാജരാക്കിയത്.

ബംഗളുരു സ്ഫോടനക്കേസിലെ അഞ്ചാം പ്രതിയെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. അന്നുമുതല്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് സക്കരിയ.

സ്ഫോടനത്തിന് മൈക്രോ ചിപ്പുകളും ടൈമറുകളും നാലാംപ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചുനല്‍കി എന്നതാണ് സക്കരിയക്കെതിരായ കുറ്റം. എന്നാല്‍ സക്കരിയയ്ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.

സക്കരിയ പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ത്വരീഖത്ത് ക്ലാസില്‍ പങ്കെടുക്കാറുണ്ടായിരുന്നെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനായി പൊലീസ് ഹാജരാക്കിയ സാക്ഷികള്‍ തന്നെ ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്ന് കോടതിയില്‍ നിലപാടെടുത്തിരുന്നു.