സൂര്യയുടെ വിക്കറ്റ് നേടാനുള്ള ഏകമാര്‍ഗം അതാണ്; ബൗളര്‍മാര്‍ക്ക് ഉപദേശവുമായി ഇന്ത്യന്‍ ഇതിഹാസം
Cricket
സൂര്യയുടെ വിക്കറ്റ് നേടാനുള്ള ഏകമാര്‍ഗം അതാണ്; ബൗളര്‍മാര്‍ക്ക് ഉപദേശവുമായി ഇന്ത്യന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th December 2023, 1:21 pm

ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍.

സൂര്യ കുമാര്‍ യാദവിനെ കൂടുതല്‍ റണ്‍സ് നേടുന്നതില്‍ നിന്നും എങ്ങനെ തടയാം എന്നതിനെകുറിച്ചാണ് സഹീര്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘സൂര്യകുമാര്‍ യാദവ് കളിക്കളത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് വ്യത്യസ്തമായ പേര് ഉണ്ടാക്കിയെടുത്തു. ഗ്രൗണ്ടിലെ എല്ലാ ഭാഗങ്ങളിലൂടെയും ഷോട്ടുകള്‍ കളിക്കാന്‍ അവന് സാധിക്കും. കളിക്കളത്തില്‍ എതിര്‍ ടീം പിച്ചിന്റെ ഒരു വശം മാത്രം ടാര്‍ഗറ്റ് ചെയ്യുമ്പോള്‍ ബൗളര്‍മാര്‍ക്ക് ഫീല്‍ഡിങ് നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ ലോങ്ങ് ഓണിലേക്കും മിഡ് വിക്കറ്റിലേക്കും ഷോട്ടുകള്‍ പായിക്കാനുള്ള അവന്റെ കഴിവ് ഏതൊരു ബൗളര്‍മാര്‍ക്കും വെല്ലുവിളി സൃഷ്ടിക്കും.  സ്‌കൈ മത്സരത്തില്‍ അവന്റെ ഫോമില്‍ എത്തിക്കഴിഞ്ഞാല്‍ ബൗളര്‍മാര്‍ക്ക് അവനെതിരെ ബൗള്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും,’ സഹീര്‍ ഖാന്‍ ക്രിക്ക്ബസിനോട് പറഞ്ഞു.

മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെ എങ്ങനെ തടയണമെന്നുള്ള നിര്‍ദ്ദേശം സഹീര്‍ ബൗളര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു.

‘കളിക്കളത്തില്‍ സൂര്യക്കെതിരെ ബൗള്‍ ചെയ്യുമ്പോള്‍ കൃത്യമായ ലക്ഷ്യത്തോടെയും അവനെ പുറത്താക്കാനുമുള്ള രീതിയില്‍ നിങ്ങള്‍ ബൗള്‍ ചെയ്യണം. അതാണ് അവനെ തടയാനുള്ള ഏകമാര്‍ഗ്ഗം,’ സഹീര്‍ കൂട്ടിച്ചേര്‍ത്തു.

ഐ.സി.സി ഏകദിന ലോകകപ്പിനു ശേഷംനടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള ടി-20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് സ്‌കൈ ആയിരുന്നു. സൂര്യയുടെ മികച്ച പ്രകടനങ്ങളിലൂടെ ആ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

അതിനുശേഷം നടന്ന സൗത്ത് ആഫ്രിക്കെതിരെയുള്ള പരമ്പരയിലും സൂര്യ മികച്ച പ്രകടനമാണ് നടത്തിയത്. സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മൂന്നാം ടി-20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമായിരുന്നു സൂര്യ നടത്തിയത്.

56 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഏഴ് ഫോറുകളും എട്ട് പടുകൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. ഈ മിന്നും പ്രകടനത്തിലൂടെ ഇന്ത്യ 106 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കിയിരുന്നു.

Zaheer khan talks about Suryakumar yadav.