കോഴിക്കോട്: സംഘപരിവാര്‍ അനുകൂലി ആയിരിക്കുക എന്നത് ഏറ്റവും കഷ്ടമായ കാര്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. എല്ലാ വസ്തുതാവിരുദ്ധമായ കാര്യവും ന്യായീകരിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇവര്‍ക്കെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.
നോട്ട് നിരോധനം, പെട്രോള്‍- ഡീസള്‍ വില വര്‍ധന, കേരള സ്‌റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ സൂചിപ്പിച്ചാണ് ഫിറോസിന്റെ കുറിപ്പ്.
‘സത്യത്തില്‍ ഈ സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണ്. നോട്ട് നിരോധിച്ചാല്‍ അത് ഏതോ കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാല്‍ അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.
2000 രൂപയുടെ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ കണ്ണും പൂട്ടി വിശ്വസിക്കണം. കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസില്‍ പിടിക്കപ്പെട്ടാല്‍ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാന്‍ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.
പെട്രോളിനും ഡീസലിനും ഗ്യാസിനും വില കുത്തനെ കൂടുമ്പോഴും പ്രത്യേക ഡിസ്‌കൗണ്ട് ഒന്നും കിട്ടുന്നില്ലെങ്കിലും അതിനെയും ന്യായീകരിക്കണം. അദ്വാനി മാത്രമല്ല അദാനിയും വേണ്ടപ്പെട്ട ആളാണെന്ന് വിശ്വസിക്കണം. താന്‍ ദുരിതത്തിലാണെങ്കിലും അയാള്‍ തടിച്ച് കൊഴുക്കുമ്പോള്‍ സന്തോഷിക്കണം.
മുസ്‌ലിം വിരുദ്ധത ഉണ്ടെങ്കില്‍ ഏത് തല്ലിപ്പൊളി സിനിമയും പോയി കാണണം. 32000 പെണ്‍കുട്ടികള്‍ ഒക്കെ മതം മാറി സിറിയയിലേക്ക് പോയി എന്നത് കണ്ണടച്ച് വിശ്വസിക്കണം. മറ്റുള്ളവരൊക്കെ എല്ലാ വിഭാഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോള്‍ ഇവരിങ്ങനെ ടെന്‍ഷനടിച്ച് മസിലും പിടിച്ച് നടക്കണം,’ ഫിറോസ് പറഞ്ഞു.