ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയായി; ആര്‍.എസ്.എസും എസ്.ഡി.പി.ഐയും പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ പിണറായി വിജയന്‍ ഗ്യാലറിയിലിരുന്നു കളി കാണുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്
പാലക്കാട്: ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ ഗുണ്ടാസംഘങ്ങള്‍ പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്‍ ഗ്യാലറിയിലിരുന്നു കളി കാണുന്നകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.
ആലപ്പുഴയിലെ വര്‍ഗീയ കൊലപാതകങ്ങള്‍ നാടിന്റെ സമാധാനത്തെ കെടുത്തുകയാണ്. കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടര്‍കഥയാവുകയാണ്. പരാജയ സങ്കല്‍പ്പങ്ങളുടെ പൂര്‍ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം. ഭരണതുടര്‍ച്ച ക്രിമിനലുകള്‍ക്ക് എന്തും ചെയ്യുവാനുള്ള ലൈസന്‍സ് ആയി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.
ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ രഞ്ജിത്തിനെ വീടിന് മുന്നിലിട്ട് ഒരുസംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്താണ് സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനിലായിരുന്നു ഷാനിന് വെട്ടേറ്റത്.