ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; ബാരിക്കേഡ് കെട്ടി തടഞ്ഞ് പൊലീസ്; വീടിന് കാവല്‍ ഏര്‍പ്പെടുത്തി
Kerala
ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; ബാരിക്കേഡ് കെട്ടി തടഞ്ഞ് പൊലീസ്; വീടിന് കാവല്‍ ഏര്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st November 2021, 3:29 pm

തൃശൂരില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രവര്‍ത്തകരെ തടഞ്ഞു. കൊച്ചിയില്‍ നടന്ന സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ചാണ് തൃശൂരിലെ ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

മാളയ്ക്ക് സമീപം വലിയ പറമ്പിന് സമീപമാണ് ജോജുവിന്റെ വീട്. വലിയപറമ്പ് ജങ്ഷനില്‍ നിന്നും പ്രതിഷേധ മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ വീടിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു.

മുദ്രാവാക്യം വിളിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ജോജു ജോര്‍ജ് മാപ്പ് പറയണമെന്നാണ് സമരക്കാരുടെ ആവശ്യം. ജോജു ജോര്‍ജ് ഒരു നിഷേധിയാണെന്നും മാപ്പു പറയാതെ പിരിഞ്ഞുപോകില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ ജോജു ജോര്‍ജിന്റെ വീടിന് മുന്‍പില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏതെങ്കിലും രീതിയിലുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലിലാണ് കുറച്ചുദിവസത്തേക്ക് വീടിന് മുന്‍പില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.

ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു തുടക്കത്തില്‍ സമരക്കാരുടെ വാദം. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ജോജു മദ്യപിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ നടന്‍ തങ്ങളെ അപമാനിച്ചെന്ന് കാണിച്ച് വനിതാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ജോജു മുണ്ടും മാടിക്കുത്തി തറഗുണ്ടയെപ്പോലെയാണ് പെരുമാറിയെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചത്. സമരക്കാരോട് പ്രത്യേകിച്ച് സ്ത്രീകളോട് ജോജു അപമര്യാദയായി പെരുമാറിയെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. ജോജുവിന്റെ വണ്ടി അടിച്ചു തകര്‍ത്തതിനേയും സുധാകരന്‍ ന്യായീകരിച്ചിരുന്നു.

അതേസമയം വഴിതടഞ്ഞുകൊണ്ടുള്ള സമരത്തെ താന്‍ വ്യക്തിപരമായി അംഗീകരിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

ജോജുവിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു. ജോജു ജോര്‍ജിന്റെ വികാരത്തെ മാനിക്കുന്നുവെന്നും ജോജുവിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ മൗലിക ആവശ്യമായി കാണുന്നുവെന്നുമായിരുന്നു ഹൈബി ഈഡന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Youth Congress Protest Aganist Joju George Home