പാലക്കാട്: ഇന്ധന- പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു സമരം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ് സമരം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കാളവണ്ടിയില്‍ കെട്ടിയാണ് സമരം നടത്തിയത്.
കേന്ദ്ര സര്‍ക്കാരിന്‍രെ ക്രൂരമായ മനോഭാവമാണ് ഇന്ധനവില വര്‍ധനയോടെ വ്യക്തമാകുന്നതെന്നും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കൊള്ളയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
‘ഇത് വിലയുടെ പേരിലുളള കൊള്ളയല്ല മറിച്ച് നികുതി ഭീകരതയാണ്. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തെറ്റിധരിപ്പിച്ച് മനുഷ്യത്വം പ്രകടിപ്പിക്കാത്ത മുഖമായി മാറിയിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി,’ അദ്ദേഹം പറഞ്ഞു.
45 രൂപ വരുന്ന ഇന്ധനത്തിന് 55 രൂപ നികുതി എന്നത് കൊള്ളയും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. പ്രതിസന്ധിയുടെ കാലത്ത് നികുതിയുടെ പേരില്‍ ജനങ്ങളെ വലക്കുകയാണ് സര്‍ക്കാര്‍. കോണ്‍ഗ്രസ് കാലത്ത് 9 രൂപ 46 പൈസയായിരുന്നു ടാക്‌സ്. നികുതി കുറച്ച് അധികവരുമാനം ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നില്ല. ഇത് ഖേദകരവും ദയനീയവുമാണെന്ന് ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.