ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷം; അമേരിക്കന്‍ ചെറുപ്പക്കാര്‍ ഫലസ്തീനോടൊപ്പം: സി.എന്‍.എന്‍ സര്‍വ്വേ
World News
ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷം; അമേരിക്കന്‍ ചെറുപ്പക്കാര്‍ ഫലസ്തീനോടൊപ്പം: സി.എന്‍.എന്‍ സര്‍വ്വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2023, 11:51 am

വാഷിംഗ്ടണ്‍: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അമേരിക്കയിലെ ഭൂരിപക്ഷം ചെറുപ്പക്കാര്‍ ഫലസ്തീനോടൊപ്പമെന്ന് സി.എന്‍.എന്‍ സര്‍വ്വേ. അമേരിക്കയിലെ 27 ശതമാനം ചെറുപ്പക്കാര്‍ മാത്രമേ  ഇസ്രഈല്‍ സൈന്യം ഗസയില്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കുന്നുള്ളു. ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാര്‍ യുദ്ധത്തോടും അധിനിവേശത്തോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്.

എന്നാല്‍ പ്രായമായവരില്‍ ഏകദേശം 81 ശതമാനം അമേരിക്കക്കാര്‍ ഇസ്രഈല്‍ സര്‍ക്കാരിന്റെ പ്രതികരണത്തോടും മറ്റും സഹതാപം കാണിക്കുന്നുണ്ട്. എസ്.എസ്.ആര്‍.എസിന്റെ നേതൃത്വത്തില്‍ സി.എന്‍.എന്‍ ആണ് അമേരിക്കയില്‍ സര്‍വ്വേ നടത്തിയത്.

പ്രായത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും അടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങളോടും അതിനോടുള്ള അമേരിക്കയുടെ പ്രതികരണത്തോടും അമേരിക്കന്‍ ജനത ഭിന്നമായാണ് പ്രതികരിക്കുന്നത്. ഇസ്രഈല്‍ – ഫലസ്തീന്‍ വിഷയത്തില്‍ ജോ ബൈഡനില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ 47 ശതമാനമാണ്. ഉക്രെയിന്‍ വിഷയത്തില്‍ അത് 42 ശതമാനം മാത്രമായിരുന്നെന്നും ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍വ്വേ പ്രകാരം രാഷ്ട്രീയപാര്‍ട്ടിയുടെ അടിസ്ഥാനത്തിലുള്ള പ്രതികരണത്തില്‍ ഡെമോക്രാറ്റുകളെക്കാളും സ്വതന്ത്രരെക്കാളും 68 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഇസ്രഈലിനോടോപ്പം നില്‍ക്കുന്നു. അതേസമയം സംഘര്‍ഷങ്ങളില്‍ നിലപടുകളെടുക്കുന്നത്തില്‍ സ്വതന്ത്രരെക്കാളും ഡെമോക്രാറ്റുകളെക്കാളും 80 ശതമാനം റിപ്പബ്ലിക്കന്മാര്‍ ബൈഡനില്‍ വിശ്വാസം അര്‍പ്പിക്കുന്നു.

ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം കാരണം അമേരിക്കയും ഭീകരവാദത്തിലേക്ക് പോകുമോയെന്ന് ആശങ്കപെടുന്നവരും അമേരിക്കയില്‍ ഉണ്ട്. ഇസ്രഈല്‍ – ഫലസ്തീന്‍ വിഷയത്തെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ അമേരിക്കയിലെ പത്തില്‍ ഏഴ് പേര്‍ ശ്രമിക്കുന്നുണ്ടെന്നും സര്‍വ്വേ കണക്കുകള്‍ പറയുന്നു.

അതായത് 71 ശതമാനം ആളുകള്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളെ പിന്തുടരുന്നുണ്ടെന്നും 26 ശതമാനം ആളുകള്‍ വളരെ ആഴത്തില്‍ സംഘര്‍ഷങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും സര്‍വ്വേ ഫലം രേഖപ്പെടുത്തുന്നു.

 

 

 

Content Highlight: Young Americans side with Palestine, CNN poll results