ബോർഡർ-ഗവാസ്ക്കർ പരമ്പരയിലെ അവസാന മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. 2-1 എന്ന നിലയിലാണ് നാല് മത്സര പരമ്പര ഇന്ത്യൻ ടീം സ്വന്തമാക്കിയിരിക്കുന്നത്.
കൂടാതെ ന്യൂസിലാൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തുക കൂടി ചെയ്തതോടെ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കും യോഗ്യത ലഭിച്ചിട്ടുണ്ട്.
മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെക്കാൻ സാധിച്ചതോടെ വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് വിരാടിനെ തേടിയെത്തുന്നത്.
വിരാടിന്റെ 186 റൺസ് മികവിലാണ് ആദ്യ ഇന്നിങ്സിൽ ഓസീസ് നേടിയ 480 റൺസ് എന്ന കൂറ്റൻ സ്കോർ മറികടന്ന് ഇന്നിങ്സ് ലീഡ് നേടാൻ ഇന്ത്യൻ ടീമിന് സാധിച്ചത്. വിരാടിനെക്കൂടാതെ ശുഭ്മാൻ ഗിലും മികച്ച പ്രകടനമാണ് ടീം ഇന്ത്യക്കായി കാഴ്ച വെച്ചിരുന്നത്.
എന്നാലിപ്പോൾ മത്സരത്തിൽ മിന്നും പ്രകടനം നടത്തിയ വിരാടിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ്.
വിരാടിന്റെ ഇത്തരത്തിലുള്ളൊരു മികച്ച ഇന്നിങ്‌സ് കാണാൻ ഒരുപാട് കാലം താൻ കാത്തിരുന്നു എന്നായിരുന്നു ദ്രാവിഡ് അഭിപ്രായപ്പെട്ടത്.
“വിരാടിന്റെ സെഞ്ച്വറി സ്ക്രീനിലൂടെ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി.
കഴിഞ്ഞ 15 മാസമായി ഞാൻ ഈ ടീമിനൊപ്പമുണ്ട്. വിരാട് ഒരു മികച്ച ഇന്നിങ്സ് പുറത്തെടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. എന്തൊരു മാസ്റ്റർ ക്ലാസ് പെർഫോമൻസായിരുന്നു അത്,’ ദ്രാവിഡ് പറഞ്ഞു.
ബി.സി.സി.ഐ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ വിരാട് കൂടെയിരിക്കുമ്പോഴാണ് താരത്തെ പ്രശംസിച്ച് ദ്രാവിഡ് സംസാരിച്ചത്.
മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച വിരാടായിരുന്നു കളിയിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്.
അതേസമയം ഓസീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യൻ ടീം അടുത്തതായി ഏകദിന പരമ്പരയാണ് കളിക്കുന്നത്.