ലീഗിൽ വലിയ തിരിച്ചടികളിലൂടെ മുന്നോട്ട് പോവുകയാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി.
സൂപ്പർ താരങ്ങൾ അടങ്ങിയ വമ്പൻ സ്‌ക്വാഡ് ഡെപ്ത്തുള്ള ടീമിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നുള്ളൂ. പ്രതിരോധത്തിലെ പിഴവുകളും താരങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും രൂക്ഷമായ ക്ലബ്ബ് വലിയ തിരിച്ചടികളിലൂടെയാണ് മുന്നോട്ട് പോകുന്നത്.
എന്നാൽ വരുന്ന ജൂണിൽ എംബാപ്പെയെ ക്ലബ്ബിൽ നിന്നും ഒഴിവാക്കണമെന്നും താരം ക്ലബ്ബിന്റെ ദീർഘമായ ഭാവിക്ക് ഉതകുന്ന താരമല്ല അദ്ദേഹമെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പി.എസ്. ജി മുന്നേറ്റനിര താരമായ ജെറോം റോത്തൻ.
റയൽ അടക്കമുള്ള ടീമുകൾ നോട്ടമിട്ട എംബാപ്പെയെ വിശ്വസിച്ച് പി.എസ്.ജി തങ്ങളുടെ ദീർഘമായ ഭാവിക്കായി പദ്ധതികൾ തയ്യാറാക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് എംബാപ്പെയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ജെറോം റോതം തുറന്ന് പറഞ്ഞത്.
“എംബാപ്പെ പോയാൽ എന്ത് ചെയ്യാനാണ് പി.എസ്.ജി ഉദേശിച്ചിരിക്കുന്നത്. തീർച്ചയായും ഈ ചോദ്യത്തിന് ക്ലബ്ബിന്റെ കയ്യിൽ ഉത്തരം ഉണ്ടാകില്ല. ക്ലബ്ബ് എംബാപ്പെക്ക് പകരം ഒരു ഓപ്ഷൻ കണ്ടെത്തണം,’ ജെറോം റോത്തൻ പറഞ്ഞു.
“നിങ്ങളുടെ പണം കൊണ്ട് നിങ്ങൾക്ക് ഉപകാരമുണ്ടാവണമെങ്കിൽ എംബാപ്പെ മൂന്നോ നാലോ കൊല്ലം പി. എസ്.ജി.യിൽ ഉണ്ടാവുമെന്ന് ക്ലബ്ബിന് ഉറപ്പ് വേണം. എന്നാൽ റയൽ ഉൾപ്പെടെ അദ്ദേഹത്തെ നോട്ടമിട്ട സാഹചര്യത്തിൽ ആ ഉറപ്പ് നൽകാൻ ആർക്കും കഴിയില്ല.അതിനാൽ തന്നെ അദ്ദേഹത്തെ ജൂണിൽ വിൽക്കുന്നതാണ് ക്ലബ്ബിന് നല്ലത്,’ ജെറോം റോത്തൻ കൂട്ടിച്ചേർത്തു.
അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 27ന് മാഴ്സെക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:You have to sell him in June said Jerome Rothen