കല്‍ബുര്‍ഗി കൊലപാതകം; കര്‍ണ്ണാടക സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ലെന്ന് സുപ്രീം കോടതി
national news
കല്‍ബുര്‍ഗി കൊലപാതകം; കര്‍ണ്ണാടക സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 12:05 am

ന്യൂദല്‍ഹി: കല്‍ബുര്‍ഗി കൊലപാതകം അന്വഷിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന കര്‍ണ്ണാടക സര്‍ക്കാരിന് സുപ്രീം കോടതിയുടെ താക്കീത്. കേസന്വേഷണത്തില്‍ “ഒന്നും ചെയ്യാതെ വെറുതെ തിരിഞ്ഞു കളിക്കുകയാണ്” എന്ന് സുപ്രീം കോടതി കര്‍ണ്ണാടക സര്‍ക്കാരിനെ പരാമര്‍ശിച്ച് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു. “നിങ്ങള്‍ എന്താണ് ഇത് വരെ ചെയ്തത്? നിങ്ങള്‍ വെറുതെ തിരിഞ്ഞു കളിക്കുകയാണ്”- കോടതി പറഞ്ഞു

കല്‍ബുര്‍ഗിയുടെ ഭാര്യ ഉമ ദേവി കല്‍ബുര്‍ഗി നല്‍കിയ ഹരജി പരിഗണിക്കവേ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, നവീന്‍ സിന്ഹ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കര്‍ണ്ണാടയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കാര്യക്ഷമമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കര്‍ണ്ണാടക സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.


Also Read രാജ്യത്ത് രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തി ; മോദി സ്വയം നിയന്ത്രിക്കണം : മന്‍മോഹന്‍ സിങ്ങ്


“സമാനമായ കേസുകള്‍” ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രസ്തുത ഹരജി ബോംബെ ഹൈക്കോടതിക്ക് അയക്കുന്നത് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. 2013ല്‍ കൊല്ലപ്പെട്ട നരേന്ദ്ര ദബോര്‍ക്കറിന്റെയും 2015ല്‍ കെല്ലപ്പെട്ട ഗോവിന്ദ് പന്‍സാരയുടേയും കൊലപാതകത്തെക്കുറിച്ചുള്ള അന്വഷണം ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ്.

അന്വഷത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ജനവരിയില്‍ കല്‍ബുര്‍ഗിയുടെ ഭാര്യ വിദഗ്ദ സംഘത്തിന് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ എന്‍.ഐ.എയുടെ പരിതിയില്‍ പെടാത്ത കേസ് ആയതിനാല്‍ അവരെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയെ ബോധ്യപ്പെടുത്തി.