Utharpradesh
യുപിയില്‍ ലക്ഷ്യം 2022ലെ നിയമസഭ തെരഞ്ഞെടുപ്പ്, ആരുമായും സഖ്യത്തിനില്ല; കോണ്‍ഗ്രസ് പദ്ധതി വ്യക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 15, 03:02 am
Saturday, 15th June 2019, 8:32 am

യു.പിയില്‍ കോണ്‍ഗ്രസിന്റെ സംഘടന ശക്തി വര്‍ധിപ്പിക്കുക എന്നതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. സംസ്ഥാനത്തെ ആറര മാസത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം നേതാക്കളുമായി വിശകലനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

സ്ഥാനാര്‍ത്ഥികളോടും നേതാക്കളോടും കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അന്വേഷിച്ചു. താഴെ തട്ടില്‍ പാര്‍ട്ടി കെട്ടിപടുക്കാന്‍ കഠിനപ്രയത്‌നം തന്നെ വേണ്ടി വരുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

രണ്ടാഴ്ചക്ക് ശേഷം നടക്കുന്ന അടുത്ത യോഗത്തില്‍ 12 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും. ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. രണ്ടാഴ്ചക്കകം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

പടിഞ്ഞാറന്‍ യു.പിയിലെയും ടെറായി മേഖലയിലെയും 39 സീറ്റുകളുടെ ഉത്തരാവാദിത്വമാണ് ജ്യോതിരാദിത്യ സിന്ധ്യക്കുള്ളത്. കിഴക്കന്‍ യു.പിയിലെ 41 ജില്ലകളുടെ ഉത്തരവാദിത്വമാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്.