സച്ചിന്റെ മകനാണെന്നുള്ള ചിന്ത അങ്ങ് മറന്നേക്കണം; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനോട് യുവരാജിന്റെ അച്ഛന്‍ ഇങ്ങനെ പറയാന്‍ കാരണമെന്ത്?
Sports News
സച്ചിന്റെ മകനാണെന്നുള്ള ചിന്ത അങ്ങ് മറന്നേക്കണം; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനോട് യുവരാജിന്റെ അച്ഛന്‍ ഇങ്ങനെ പറയാന്‍ കാരണമെന്ത്?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st December 2022, 10:46 pm

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ പോലെ തന്നെ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചകളില്‍ ഇടം നേടിയത്. രഞ്ജിയില്‍ രാജസ്ഥാനെതിരായ മത്സരത്തിലായിരുന്നു അര്‍ജുന്റെ സെഞ്ച്വറി നേട്ടം.

ഏഴാം നമ്പറില്‍ ഇറങ്ങി 207 പന്തില്‍ നിന്നും 120 റണ്‍സാണ് അര്‍ജുന്‍ സ്വന്തമാക്കിയത്. 16 ബൗണ്ടറിയും മൂന്ന് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അര്‍ജുന്റെ ഈ പ്രകടനത്തിന് കാരണമായി വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഒരാളാണ് യുവരാജ് സിങ്ങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തന്റെ കഴിവുകളെ മൂര്‍ച്ചപ്പെടുത്തുകയായിരുന്നു അര്‍ജുന്‍. സച്ചിന്റെയും യുവരാജ് സിങ്ങിന്റെയും അഭ്യര്‍ത്ഥന പ്രകാരമാണ് യോഗ്‌രാജ് സിങ് അര്‍ജുന് സ്പഷ്യല്‍ ട്രെയ്‌നിങ് നല്‍കിയത്.

സെപ്തംബറിലായിരുന്നു യോഗ്‌രാജ് സിങ് അര്‍ജുന് വേണ്ട പരിശീലനം നല്‍കിയത്. അന്ന് അര്‍ജുനെ പരിശീലിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് യോഗ്‌രാജ് സിങ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകനാണെന്നുള്ള ചിന്ത ഉപേക്ഷിക്കണെന്നായിരുന്നു താന്‍ ആദ്യം തന്നെ അര്‍ജുനോട് പറഞ്ഞതെന്നാണ് യോഗ്‌രാജ് സിങ് പറയുന്നത്.

‘നീ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകനാണെന്നുള്ള ചിന്ത ഉപേക്ഷിക്കണം. നിനക്ക് നിന്റേതായ വ്യക്തിത്വമുണ്ട്. നാളെ വന്ന് പരിശീലനം തുടങ്ങാം. ഞാന്‍ നിനക്ക് 15 ദിവസം ട്രെയ്‌നിങ് തരും,’ എന്നായിരുന്നു താന്‍ അര്‍ജുനോട് പറഞ്ഞതെന്ന് യോഗ്‌രാജ് സിങ് വ്യക്തമാക്കി.

‘അര്‍ജുന്‍ വന്നപ്പോള് ഗ്രൗണ്ടിന് ചുറ്റും പത്ത് റൗണ്ട് ഓടാന്‍ ഞാന്‍ അവനോട് പറഞ്ഞു. അവന്‍ നല്ല രീതിയില്‍ ഓടി. അതിന് ശേഷം അവനോട് നെറ്റ്‌സില്‍ പന്തെറിയാന്‍ ആവശ്യപ്പെട്ടു.

ബൗള്‍ ചെയ്യുമ്പോള്‍ അവന്റെ ഇടം കൈ ചെവിയോട് ചേര്‍ന്നിരിക്കുന്ന പ്രശ്‌നം അവനുണ്ടായിരുന്നു. ആദ്യം തന്നെ ഞാന്‍ അത് ശരിയാക്കി. അവന്‍ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ പഠിക്കുന്നവനാണ്. ഇക്കാര്യം അവന്‍ പെട്ടെന്ന് തന്നെ പഠിച്ചെടുത്തു. അവന്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ തുടങ്ങി.

അവന്‍ ഏറെ കഴിവുള്ളവനാണ്. അവന്‍ മുംബൈ ക്രിക്കറ്റ് ടീം വിട്ടത് മുംബൈയുടെ ഏറ്റവും വലിയ നഷ്ടമാണ്. അവരത് പെട്ടെന്ന് തിരിച്ചറിയും. അവന്റെ കഴിവുകളെ മനസിലാക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടു.

സച്ചിനും യുവിയും എന്നോട് അഭ്യര്‍ത്ഥിച്ചതിനാലാണ് ഞാന്‍ അവനെ പരിശീലിപ്പിച്ചത്. സച്ചിന് അര്‍ജുന്റെ കാര്യത്തില്‍ അല്‍പം ആശങ്കയുണ്ടായിരുന്നു. അര്‍ജുന്‍ കഴിവുള്ളവനാണെന്ന് സച്ചിന് അറിയാമായിരുന്നു അതുകൊണ്ടാണ് അവനെ എന്റെയടുക്കലേക്കയച്ചത്.

ഗ്രൗണ്ടിലേക്കെത്തിയപ്പോള്‍ മറ്റു ബൗളര്‍മാരോടൊക്കെ അര്‍ജുന്‍ സച്ചിന്റെ മകന്‍ ആണെന്ന പരിഗണന ഒരിക്കലും നല്‍കരുതെന്നും അവനെതിരെ പന്തെറിയുമ്പോള്‍ വളരെ വേഗത്തിലും മികച്ച സ്പിന്‍ കണ്ടെത്താനും ഞാന്‍ അവരോട് പറഞ്ഞു. അര്‍ജുന്‍ അവരെയെല്ലാം അടിച്ചുപറത്തി. ബാറ്ററെന്ന നിലയില്‍ അവന്‍ അപകടകാരിയാണ്.

അവന്‍ മികച്ച ഓള്‍ റൗണ്ടറാണ്. പിന്നെ എന്തിനാണ് ടീമുകള്‍ അവനെ ബാറ്റിങ് അര്‍ഡറില്‍ നിന്നും താഴേക്കിറക്കുന്നത്? യുവരാജിനെ പോലെ അര്‍ജുന്‍ ഒരു ഹാര്‍ഡ് ഹിറ്റിങ് ഓള്‍ റൗണ്ടറാണ്. അവന്‍ ഒരുപാട് ദൂരം സഞ്ചരിക്കും. ഒരിക്കല്‍ സച്ചിന്റെ പേര് എങ്ങനെയാണോ ലോകം ഓര്‍ക്കുന്നത് അതുപോലെ അര്‍ജുന്റെ പേരും ലോകം ഓര്‍ത്തുവെക്കും. അര്‍ജുന്‍ ലോകത്തിലെ തന്നെ വിനാശകാരിയായ ബാറ്ററായി മാറും,’ യോഗ്‌രാജ് സിങ് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Yograj Singh about Arjun Tendulkar