'പിതാവിനെപ്പോലും നിങ്ങള്‍ ബഹുമാനിച്ചിട്ടില്ല'; അഖിലേഷ് യാദവിനെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്
national news
'പിതാവിനെപ്പോലും നിങ്ങള്‍ ബഹുമാനിച്ചിട്ടില്ല'; അഖിലേഷ് യാദവിനെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2023, 7:18 pm

ലഖ്‌നൗ: അന്തരിച്ച പിതാവ് മുലായം സിങ് യാദവിനെ ബഹുമാനിക്കാന്‍ പോലും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മറന്നുപോയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവും പിതാവ് മുലായം സിങ്ങ് യാദവുമായുള്ള തര്‍ക്കത്തെ ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം കൊലപാതകക്കേസ് സാക്ഷിയെ പരസ്യമായി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

‘നിങ്ങള്‍ ലജ്ജിക്കണം. നിങ്ങളുടെ പിതാവിനെപ്പോലും ബഹുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല’ എന്നായിരുന്നു യോഗിയുടെ പരാമര്‍ശം.

പ്രയാഗ് രാജില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി എം.എല്‍.എയെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളായിരുന്നു തര്‍ക്കത്തില്‍ കലാശിച്ചത്.

പ്രയാഗ് രാജ് സ്വദേശിയായ ഉമേഷ് പാലിനെയാണ് വാഹനങ്ങളിലെത്തിയ അക്രമി സംഘം വെടിവെച്ച് കൊന്നത്. ആക്രമണത്തില്‍ ഉമേശിന്റെ കൂടെയുണ്ടായിരുന്ന രണ്ട് അംഗരക്ഷകര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

2005ല്‍ ബഹുജന്‍ സമാജ് വാദി(ബി.എച്ച്.പി) പാര്‍ട്ടി എം.എല്‍.എ രാജുപാലിനെ വെടിവെച്ച് കൊന്ന കേസിലെ പ്രധാന ദൃക്സാക്ഷിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഉമേഷ് പാല്‍. പ്രയാഗ് രാജ് ടൗണില്‍ കാറിലെത്തിയ ഉമേഷിനെ രണ്ട് വാഹനത്തിലെത്തിയ അക്രമി സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു.

റോഡരികില്‍ കാര്‍ നിര്‍ത്തിയ ഉമേഷും, അംഗരക്ഷകരും വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതും, ഇവരെ പിന്തുടര്‍ന്ന് വന്ന രണ്ട് പേര്‍ റോഡില്‍ ബോംബെറിയുന്നതും ദൃശ്യത്തിലുണ്ട്. പിറകെ വന്ന രണ്ട് പേര്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആദ്യം ഉമേഷിനെ വെടിവെക്കുന്നതും അയാള്‍ അടുത്തുള്ള കടയിലേക്ക് ഓടി കയറുകയും ചെയ്യുന്നുണ്ട്.

തൊട്ടു പിറകെ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ക്ക് നേരെയും അക്രമി സംഘം വെടി വെക്കുകയായിരുന്നു.

മുന്‍ ലോകസഭാംഗവും അധോലോകത്തലവനുമായ ആത്തിഫ് അഹമ്മദാണ് 2005ലെ രാജുപാല്‍ കൊലപാതക കേസിലെ പ്രധാന പ്രതി. ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയിപ്പോള്‍ ഗുജറാത്ത് ജയിലിലാണ്.

Content Highlight: Yogi Adityanath slams Akhilesh yadav, says he never even respected his deceased father