കാസർഗോഡ്: കേരളത്തിലും വർഗീയ പരാമർശവുമായി യു.പി മുഖ്യമന്ത്രി ആദിത്യനാഥ്. വിവിധ സംസ്ഥാന സർക്കാരുകൾ ലവ് ജിഹാദിനെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് ആദിത്യ നാഥ് പറഞ്ഞത്. കാസർഗോഡ് കേരള വിജയ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ആദിത്യനാഥ് കേരളത്തിലും വർഗീയത പറഞ്ഞത്.
നിർബന്ധിത മത പരിവർത്തനങ്ങളിൽ സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന 2009 ലെ ഹൈക്കോടതി വിധി ഉദ്ധരിച്ചായിരുന്നു യു.പി മുഖ്യമന്ത്രിയുടെ പരാമർശം.
ലവ് ജിഹാദ് കേരളത്തെ ഇസ്‌ലാമിക സ്റ്റേറ്റാക്കി മാറ്റാനുള്ള ഗൂഢാലോചനയാണെന്ന് ഹെെക്കോടതി പറഞ്ഞിട്ടുണ്ട്. പക്ഷേ നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമം കൊണ്ടുവരുന്നതിൽ എല്ലാ സംസ്ഥാന സർക്കാരുകളും പരാജയപ്പെട്ടു, ആദിത്യനാഥ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ യോഗി രൂക്ഷ വിമര്‍ശനം നടത്തിയത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ രാമക്ഷേത്രം നിർമ്മിച്ചത് ഭരണനേട്ടമായി ഉയർത്തിക്കാട്ടിയായിരുന്നു ആദിത്യനാഥിന്റെ പ്രസംഗം. രാമക്ഷേത്രം നിർമ്മിച്ചത് കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരത്തെ മാനിച്ചാണെന്നും ക്ഷേത്രത്തിന് സംഭാവന നൽകിയ കേരളത്തിലുള്ളവരെ അഭിനന്ദിക്കുന്നുവെന്നും യോഗി പറഞ്ഞു.
മാര്‍ച്ച് ഏഴിനാണ് വിജയയാത്രയുടെ സമാപന സമ്മേളനം. കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ. സിംഗ്, കോഴിക്കോട്ട് ദേവേന്ദ്ര ഫഡ്‌നാവിസ്, മലപ്പുറത്ത് ഷാനവാസ് ഹുസൈന്‍, തൃശൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എറണാകുളത്ത് ധനമന്ത്രി നിര്‍മല സീതാരാമന്‍, കോട്ടയത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആലപ്പുഴയില്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, പത്തനംതിട്ടയില്‍ ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി മീനാക്ഷി ലേഖി, പാലക്കാട്ട് നടി ഖുശ്ബു സുന്ദര്‍ എന്നിവര്‍ പങ്കെടുക്കും.