ചെങ്കടലും കടന്ന് ഹൂത്തികൾ; ഇസ്രഈലി കപ്പലുകളെ ഇന്ത്യൻ മഹാസമുദ്രത്തിലും ആഫ്രിക്കയിലും ആക്രമിക്കുമെന്ന് പ്രഖ്യാപനം
World News
ചെങ്കടലും കടന്ന് ഹൂത്തികൾ; ഇസ്രഈലി കപ്പലുകളെ ഇന്ത്യൻ മഹാസമുദ്രത്തിലും ആഫ്രിക്കയിലും ആക്രമിക്കുമെന്ന് പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2024, 2:56 pm

സനാ: ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ ഇനി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിലും കേപ്പ് ഓഫ് ഗുഡ് ഹോപ്പിലും ആക്രമിക്കുമെന്ന് ഹൂത്തികൾ.

മാർച്ച് 14ന് അൻസാറുള്ള (ഹൂത്തികളുടെ ഔദ്യോഗിക സംഘടന) നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തി ടെലിവിഷൻ പ്രഭാഷണത്തിലാണ് തങ്ങളുടെ പ്രതിരോധം ചെങ്കടലിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചത്.
‘അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഇസ്രഈലി കപ്പലുകളുടെ ഇന്ത്യൻ മഹാസമുദ്രത്തിലെയും ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലെയും സഞ്ചാരം തടയാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഗസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെങ്കടലിൽ കപ്പലുകളെ ആക്രമിക്കാൻ ആരംഭിച്ചത് മുതൽ ഇതുവരെ 34 ഹൂത്തി പോരാളികൾ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ഇതുവരെ ഇസ്രഈലുമായി ബന്ധമുള്ള 73 കപ്പലുകളെ ആക്രമിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ബാബ് അൽ മന്ദബ് കടലിടുക്ക് വഴി അപൂർവമായേ ഇസ്രഈലികളുമായി ബന്ധപ്പെട്ട കപ്പലുകൾ കടന്നുപോകാറുള്ളൂ എന്നും ചൂണ്ടിക്കാട്ടി.

‘ഈ വാരം, ചെങ്കടലിലും അറബിക്കടലിലും ഏദൻ കടലിടുക്കിലുമായി 12 കപ്പലുകൾക്ക് നേരെ ഓപ്പറേഷൻ നടത്തി. ആകെ 58 മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് നടത്തിയത്.

ഞങ്ങളുടെ ഓപ്പറേഷൻ ഈ പ്രാവശ്യം അപ്രതീക്ഷിത മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ മൂന്ന് ആക്രമണങ്ങൾ നടത്തി. കപ്പലുകൾക്ക് നേരെയുള്ള അക്രമങ്ങൾ 73ലെത്തിയിരിക്കുകയാണ്,’ അബ്ദുൽ മാലിക് അൽ ഹൂത്തി പറഞ്ഞു.

ശത്രുക്കൾ പ്രതീക്ഷിക്കാത്ത മേഖലകളിലും സ്ഥലങ്ങളിലും തങ്ങളുടെ ഓപ്പറേഷൻ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗസയിലെ ആക്രമണം തടയുകയും ജനങ്ങളെ പട്ടിണിക്കിടുന്നത് അവസാനിപ്പിക്കുകയുമല്ലാതെ അമേരിക്കയുടെയും ബ്രിട്ടന്റെയും മുമ്പിൽ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Yemeni military to expand operations against Israel-linked ships to Indian Ocean: Houthi