ബെംഗലൂരു: രാജ്യം കൊവിഡിനെതിരെ പോരാടുമ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് വൈറസ് മാത്രമല്ല മുന്നിലുള്ള പ്രതിസന്ധി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം സ്വന്തം മന്ത്രിസഭയില്‍നിന്നുണ്ടാവുന്ന അസ്വാരസ്യങ്ങളും തലവേദനയായിരിക്കുകയാണ് യെദിയൂരപ്പയ്ക്ക്.
കൊവിഡ് പ്രവര്‍ത്തനങ്ങളിലും മന്ത്രിമാരടക്കം ചിലര്‍ രാഷ്ട്രീയം കലര്‍ത്തിയതോടെ യഥാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് കര്‍ണാടകത്തില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.
226 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആറുപേര്‍ രോഗം ബാധിച്ച് മരിച്ചു. ഒരു സമയത്ത് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്ന കര്‍ണാടക ഇപ്പോള്‍ 11ാമതാണ്. പക്ഷേ, ഈ വസ്തുതകളൊന്നും സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നില്ല എന്നതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മെഡിക്കല്‍ എജ്യുക്കേഷന്‍ മന്ത്രി കെ സുധാകറും ആരോഗ്യമന്ത്രി ബി ശ്രീരാമലുവും തമ്മിലുണ്ടായ പിണക്കത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറിനെയാണ് യെദിയൂരപ്പ കൊവിഡ് ചുമതലകള്‍ ഏല്‍പിച്ചിരിക്കുന്നത്. ഇത് വലിയ തര്‍ക്കങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം തള്ളാനാണ് യെദിയൂരപ്പ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ‘ഇത്തരം ആരോപണങ്ങളില്‍ അല്‍പംപോലും യാഥാര്‍ത്ഥ്യമില്ല. ആ രണ്ട് മന്ത്രിമാരും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടല്ലോ. സുരേഷ കുമാര്‍ ബെംഗലൂരുവിലുള്ളതുകൊണ്ട് അദ്ദേഹത്തിന് എളുപ്പം മാധ്യമങ്ങളെ കാണാന്‍ കഴിയും. അതുകൊണ്ടാണ് അക്കാര്യങ്ങള്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്’, യെദിയൂരപ്പ ലൈവ് മിന്റിനോട് പറഞ്ഞു.
അതേസമയം, ചുമതല തന്നില്‍നിന്നും മാറ്റിയതില്‍ രോഷാകുലനായ ശ്രീരാമലു യെദിയൂരപ്പയെ രാജിക്കത്തുമായി സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും രണ്ട് മണിക്കൂറിനകം യെദിയൂരപ്പ തന്റെ തീരുമാനം പിന്‍വലിക്കുകയും ശ്രീരാമലുവിന് തന്നെ കൊവിഡ് ഉത്തരവാദിത്വം നല്‍കുകയും ചെയ്തു.
യെദിയൂരപ്പയുടെ ഈ പ്രശ്‌നപരിഹാര നടപടിയോട് പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലുമുള്ള പലര്‍ക്കും മുറുമുറുപ്പുണ്ട്. ഇത് ഇനി വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഉയരുന്നുണ്ട്. പ്രശ്‌നത്തെ പരിഹരിച്ച രീതി ഒട്ടും മെച്ചപ്പെട്ടതല്ലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു പ്രവര്‍ത്തകന്‍ വ്യക്തമാക്കി.
ജില്ലാ ചുമതലയിലേക്ക് മന്ത്രിമാരെ യെദിയൂരപ്പ പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നും ആരോപണമുണ്ട്. ജലവിഭവശേഷി മന്ത്രി രമേശ് ജാര്‍ക്കിഹോളിയെ അവഗണിച്ചു എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. വി സോമണ്ണയെ തള്ളി മൈസൂരുവിന്റെ ചുമതല സഹമന്ത്രി എസ്.ടി സോമശേഖരനെ ചുമതലപ്പെടുത്തിയതും വിമര്‍ശനങ്ങളുണ്ട്.
യെദിയൂരപ്പ തന്റെ മകന്‍ ബി.വൈ വിജയേന്ദ്രയ്ക്ക് വേണ്ടി ചില മന്ത്രിമാരെ തഴയുകയാണെന്നും ചിലര്‍ പറയുന്നു.
കര്‍ണാടകത്തിനായുള്ള കേന്ദ്ര ധനസഹായം കുറഞ്ഞത് യെദിയൂരപ്പയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തമ്മിലുള്ള വിള്ളല്‍ രൂക്ഷമാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നുമുണ്ട്. ജി.എസ്.ടി ഇനത്തില്‍ സംസ്ഥാനത്തിന് 22,000 കോടിയിലധികമാണ് നഷ്ടമുണ്ടായത്. 15-ാമത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം കര്‍ണാടകത്തിനായുള്ള നികുതികളുടെ കേന്ദ്ര വിഹിതം കുറയ്ക്കുകയും ചെയ്തു.
‘ഞങ്ങള്‍ പ്രതിസന്ധിയുടെ നടുവിലായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍നിന്നുള്ള വിഹിതത്തെ എങ്ങനെയാണ് കണക്കാക്കേണ്ടത്? രോഗം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍. ഇതിനിടയില്‍ ഫണ്ടുകളുടെ കുറവില്ലെന്ന് മാത്രമാണ് ഞാന്‍ ഉറപ്പുനല്‍കുന്നത്’, യെദിയൂരപ്പ പറഞ്ഞു.