രാജശക്തിയെ ജനശക്തി മറികടക്കും; രാജ്യത്ത് നികുതി തീവ്രവാദത്തെക്കാള്‍ വലിയ അവസ്ഥയെന്നും യശ്വന്ത് സിന്‍ഹ
Daily News
രാജശക്തിയെ ജനശക്തി മറികടക്കും; രാജ്യത്ത് നികുതി തീവ്രവാദത്തെക്കാള്‍ വലിയ അവസ്ഥയെന്നും യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2017, 4:08 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. വിദര്‍ഭയിലെ അകോളയില്‍ കര്‍ഷകരുടെ എന്‍.ജി.ഒ ആയ ഷെത്കാരി ജഗാര്‍ മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് സിന്‍ഹ മോദി സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചത്.


Also Read: ‘കുഞ്ഞാവേന്റെ അച്ഛന്‍ ഷീനിച്ചോ’; മനം കവര്‍ന്ന് ഈ അച്ഛനും മകളും; ഓടിത്തളര്‍ന്ന ധോണിയ്ക്ക് വെള്ളവുമായി മകള്‍ സിവ ഗ്രൗണ്ടില്‍; വീഡിയോ കാണാം


ജനങ്ങളുടെ ശക്തി സര്‍ക്കാരിന് മറുപടി നല്‍കുമെന്ന് സിന്‍ഹ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് പ്രകാശ് നാരായണന്റെ ലോക് ശക്തി പ്രക്ഷോഭം പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു സിന്‍ഹയുടെ വിമര്‍ശനങ്ങള്‍. “ഇവിടെനിന്ന് ജനമുന്നേറ്റം ആരംഭിക്കണം. നാമിപ്പോള്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. എല്ലാം കണക്കുകളാണ്. അതിനെ എങ്ങനെ വേണമെങ്കിലും കണക്കുകള്‍ ഉപയോഗിച്ച് നമുക്ക് വ്യാഖ്യാനിക്കാം” അദ്ദേഹം പറഞ്ഞു.

“നമ്മുടെ പ്രധാനമന്ത്രി അടുത്തിടെ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തിലൂടെ കണക്കുകള്‍ നിരത്തി ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. നിരവധി കാറുകളും ബൈക്കുകളും വിറ്റുപോയി എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതൊക്കെ വിറ്റതിന്റെ കണക്കുകളായിരുന്നു. പക്ഷെ ഉത്പാദനത്തിന്റെ കണക്കുകള്‍ ഉണ്ടായിരുന്നോ? ഇതിനര്‍ഥം രാജ്യം പുരോഗമിക്കുന്നുവെന്നാണോ ?” അദ്ദേഹം ചോദിച്ചു.

നോട്ടു നിരോധനം പരാജയമാണെന്നുംഅതിനെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “പരാജയപ്പെട്ട നയത്തെപ്പറ്റി എന്തിന് സംസാരിക്കണം. അതുകൊണ്ട് നോട്ട് അസാധുവാക്കലിനെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ല” സിന്‍ഹ പറഞ്ഞു.

“പ്രതിപക്ഷത്തായിരുന്നപ്പോള്‍ രാജ്യത്ത് നികുതി തീവ്രവാദവും റെയ്ഡ് രാജും നിലനില്‍ക്കുന്നുവെന്നായിരുന്നു സര്‍ക്കാരിനെതിരെ ഞങ്ങള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതിനെ എന്താണ് വിളിക്കേണ്ടതെന്ന് തനിക്കറിയില്ല. അതിനെ തീവ്രവാദമെന്ന് പറഞ്ഞാല്‍ മതിയാകില്ല” അദ്ദേഹം പറഞ്ഞു.


Dont Miss:  ‘മിണ്ടരുത്’;മോദിയെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സന്ദേശം; മഹാരാഷ്ട്രയില്‍ പൊലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു


ജി.എസ്.ടി നല്ലതും ലളിതവുമായ നികുതി സമ്പ്രദായമാകേണ്ടതാണ്. എന്നാല്‍ ജനങ്ങള്‍ക്കിത് സങ്കീര്‍ണവും മോശവുമായ നികുതി എന്നാണ് അനുഭവപ്പെടുന്നത്. ജി.എസ്.ടി നടപ്പിലാക്കുമ്പോഴുണ്ടാകുന്ന അസ്വഭാവികത ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ജനങ്ങള്‍ക്ക് എന്താണ് അനുഭവപ്പെടുന്നത് എന്നതാണ് താന്‍ നേരത്തെ പത്രത്തില്‍ വിശദീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വരുന്നത് കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതിരുന്ന ജാര്‍ഖണ്ഡില്‍ നിന്നാണെന്നും എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി അവിടെയും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും പറഞ്ഞ സിന്‍ഹ എന്നാല്‍ എന്താണ് അതിന്റെ കാരണമെന്ന് തനിക്കറിയില്ലെന്നും പറഞ്ഞു.