ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
യശസ്വി ജെയ്‌സ്വാള്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ രോഹിത്തും സംഘവും ബാസ്‌ബോളിന് ചരമഗീതം പാടി. വിജയത്തോടെ ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും പോയിന്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.
പരമ്പരയിലെ അഞ്ച് മത്സരത്തിലും മികച്ച രീതിയില്‍ ബാറ്റ് വീശിയ യശസ്വി ജെയ്‌സ്വാളാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ഇരട്ട സെഞ്ച്വറിയടക്കം ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 712 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഈ പരമ്പരയില്‍ നിരവധി റെക്കോഡുകളും ജെയ്സ്വാള്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം, ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരം, ഒരു പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത് സ്‌കോര്‍ (ആദ്യ രണ്ട് സ്ഥാനങ്ങളില്‍ സുനില്‍ ഗവാസ്‌കര്‍) തുടങ്ങി നിരവധി റെക്കോഡുകളാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ തന്റെ പേരില്‍ കുറിച്ചത്.
ഇതിന് പുറമെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരവും ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ഫെബ്രുവരി മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.
India’s young superstar Yashasvi Jaiswal has been voted the ICC Men’s Player of the Month for February 2024 🔥
ഇതോടെ മറ്റൊരു നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 22 വയസും രണ്ട് മാസവും പ്രായമുള്ളുപ്പോഴായിരുന്നു ജെയ്‌സ്വാളിന്റെ ഈ ഐതിഹാസിക നേട്ടം പിറന്നത്.
23 വയസും നാല് മാസവും പ്രായമുണ്ടായിരിക്കെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ റെക്കോഡാണ് ജെയ്‌സ്വാള്‍ മറികടന്നത്. ഇതിന് മുമ്പ് 23 വയസും അഞ്ച് മാസവും പ്രായമുണ്ടായിരിക്കെ ശുഭ്മന്‍ ഗില്ലാണ് ഈ റെക്കോഡിനുടമയായിരുന്നത്.