അവന് പ്രാന്തായത് പോലെയായിരുന്നു, റഫറിയെ പിടിച്ച് ഇടിച്ചേനെ; ബാഴ്‌സ താരത്തെ സമാധാനിപ്പിച്ചതിനെ കുറിച്ച് സാവി
Sports News
അവന് പ്രാന്തായത് പോലെയായിരുന്നു, റഫറിയെ പിടിച്ച് ഇടിച്ചേനെ; ബാഴ്‌സ താരത്തെ സമാധാനിപ്പിച്ചതിനെ കുറിച്ച് സാവി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th October 2022, 4:24 pm

കഴിഞ്ഞ ദിവസം ലാ ലീഗയില്‍ നടന്ന ബാഴ്‌സലോണ – സെല്‍റ്റ വിഗോ മത്സരത്തിനിടെ നടന്ന സംഭവങ്ങളെ കുറിച്ച് ബാഴ്‌സ കോച്ച് സാവി. മത്സരത്തില്‍ പെനാല്‍ട്ടി അനുവദിക്കാത്തതില്‍ സൂപ്പര്‍ താരം റഫീന്യ റഫറിയോട് ദേഷ്യപ്പെട്ടതും ഒടുവില്‍ ഡ്രസ്സിങ് റൂമിലെത്തിച്ച ശേഷമാണ് താരത്തെ ശാന്തനാക്കാനായതെന്നും സാവി പറയുന്നു.

സെല്‍റ്റ വിഗോയുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു സംഭവം. ഇരു ടീമുകള്‍ക്കും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ബാഴ്‌സക്ക് മാത്രമാണ് മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ ഒറ്റ ഗോളിനാണ് ജയിച്ചതെങ്കിലും തങ്ങള്‍ക്ക് അര്‍ഹിച്ച പെനാല്‍ട്ടി അനുവദിക്കാത്തതില്‍ ബാഴ്‌സ വിങ്ങര്‍ റഫീന്യ കലിപ്പിലായിരുന്നു.

പന്തുമായി മുന്നേറിയ റഫീന്യയെ സെല്‍റ്റ വിഗോ താരം ജാവി ഗാലന്‍ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വെച്ച് ഒബ്‌സ്ട്രക്ട് ചെയ്യുകയായിരുന്നു. എന്നിരുന്നാലും റഫറി പെനാല്‍ട്ടി അനുവദിച്ചില്ല.

എന്നാല്‍ റഫീന്യ ഇതില്‍ ഒട്ടും തൃപ്തനായിരുന്നില്ല. ഇതുകാരണം ഡ്രസ്സിങ് റൂമിലെത്തിയതിന് ശേഷവും കലിപ്പിലായിരുന്നെന്നും ഒടുവില്‍ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ശാന്തനാക്കുകയായിരുന്നുവെന്നാണ് സാവി പറയുന്നത്.

‘ഞങ്ങള്‍ക്ക് ഡ്രസ്സിങ് റൂമില്‍ വെച്ച് റഫീന്യയെ സമാധാനിപ്പേക്കേണ്ടി വന്നു. റഫറിയോട് അവന് അത്രത്തോളം ദേഷ്യമുണ്ടായിരുന്നു. അത് ശരിക്കും പെനാല്‍ട്ടിയാണെന്നായിരുന്നു അവന്‍ എന്നോട് പറഞ്ഞത്,’ സാവി പറയുന്നു.

അതേസമയം, 17ാം മിനിട്ടില്‍ സൂപ്പര്‍ താരം പെഡ്രി ഗോണ്‍സാല്‍വസ് നേടിയ ഗോളിലൂടെയാണ് ബാഴ്‌സ മുന്നിലെത്തിയത്. ലാ ലീഗയില്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ ജയിച്ച് ബാഴ്‌സ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.

 

സെല്‍റ്റ വിഗോക്കെതിരായ മത്സരത്തിന് പിന്നാലെ ലാ ലീഗ പോയിന്റ് പട്ടിയകയില്‍ റയലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ബാഴ്‌സക്കായി.

എട്ട് മത്സരത്തില്‍ നിന്നും ഏഴ് ജയവും ഒരു സമനിലയുമാണ് ഇരുവര്‍ക്കുമുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ബാഴ്‌സ ഒന്നാമതെത്തിയത്.

ഒക്ടോബര്‍ 16നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ലാ ലീഗ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ റയലാണ് കറ്റാലന്‍മാരുടെ എതിരാളികള്‍.

 

 

Content highlight: Xavi about Raphinha