വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ നാടകീയതകള്‍ തുടരുകയാണ്. പോയിന്റ് ടേബിളില്‍ ആധിപത്യം ഉറപ്പിച്ച ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയയെ കീഴ്‌പ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതുമെല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കിക്കണ്ടത്.
ടെസ്റ്റ് ക്രിക്കറ്റിന് ചിലപ്പോള്‍ മറ്റേത് ഫോര്‍മാറ്റിനേക്കാളും ത്രില്ലടിപ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് ക്രിക്കറ്റ് ലോകം കടന്നുപോകുന്നത്.
A new leader in the race for #WTC25 Final spots 👏
More 👉 https://t.co/CN8g0rRS2j#SAvSL pic.twitter.com/YhhktLUXxI
— ICC (@ICC) December 9, 2024
പോയിന്റ് ടേബിളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുക. നിലവിലെ സാഹചര്യത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം പിടിച്ച സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ ടീമുകള്‍ക്കാണ് സാധ്യത കല്‍പിക്കുന്നത്. ശ്രീലങ്കയുടെ സാധ്യതകള്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ ഇല്ലാതായ മട്ടാണ്.
മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ സൈക്കിളില്‍ ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ എവേ ഫോര്‍മാറ്റില്‍ ഇന്ത്യ ഈ മൂന്ന് മത്സരങ്ങളും കളിക്കും. 16 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും ആറ് തോല്‍വിയും ഒരു സമനിലയുമായി 57.29 എന്ന പോയിന്റ് ശതമാനമാണ് മൂന്നാമതുള്ള ഇന്ത്യക്കുള്ളത്.
രണ്ടാമതുള്ള ഓസീസിന് ഇനിയും അഞ്ച് മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം കങ്കാരുക്കള്‍ വോണ്‍ – മുരളീധരന്‍ ട്രോഫിയ്ക്കായി ശ്രീലങ്കയിലേക്ക് പറക്കും. സ്വന്തം തട്ടകത്തില്‍ മികച്ച വിജയശതമാനവുമായാണ് ലങ്ക ഓസ്‌ട്രേലിയയെ വരവേല്‍ക്കാനൊരുങ്ങുന്നത്.
നിലവില്‍ ഒന്നാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കക്ക് രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. പാകിസ്ഥാനെതിരെ സ്വന്തം തട്ടകത്തില്‍ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകള്‍ പ്രോട്ടിയാസ് കളിക്കും. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യതകള്‍ ഈ രണ്ട് മത്സരങ്ങളെ ആശ്രയിച്ചിരിക്കും.
16 മത്സരത്തില്‍ നിന്നും ഒമ്പത് ജയത്തോടെ 110 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ട് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടു. ബി.ജി.ടിയിലെ ശേ്ഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് 146 ആയി ഉയരും (കൂടുതല്‍ പോയിന്റ് ഡിഡക്ട് ചെയ്യപ്പെടുന്ന സാഹചര്യം പരിഗണിക്കാതെ). പി.സി.ടി 64.03 ആയും മാറും.
പത്ത് മത്സരത്തില്‍ നിന്നും 76 പോയിന്റുമായി ഒന്നാമതുള്ള സൗത്ത് ആഫ്രിക്ക പാകിസ്ഥാനെതിരെ രണ്ട് മത്സരത്തിലും വിജയിച്ചാല്‍ 24 പോയിന്റ് കൂടി ടോട്ടലിലേക്ക് ചേര്‍ക്കപ്പെടുകയും, പോയിന്റ് 100 ആയി മാറുകയും ചെയ്യും. പോയിന്റ് ശതമാനമാകട്ടെ 69.44 ആയും ഉയരും.
ഇതില്‍ ഒരു മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചാല്‍ അത് ഇന്ത്യക്ക് ഗുണമായി മാറും. അങ്ങനെ സംഭവിച്ചാല്‍ 88 പോയിന്റും 61.1 എന്ന പോയിന്റ് ശതമാനമാകും പ്രോട്ടിയാസിനുണ്ടാവുക. രണ്ട് മത്സരത്തിലും പരാജയപ്പെട്ടാല്‍ പോയിന്റ് 76 ആയി തുടരുകയും പി.സി.ടി 52.7ലേക്ക് വീഴുകയും ചെയ്യും.
ഓസ്‌ട്രേലിയയാകട്ടെ, ശേഷിക്കുന്ന എല്ലാ മത്സരത്തിലും വിജയിച്ചാല്‍ 71.05 പോയിന്റ് ശതമാനത്തോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറും. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെടുകയും ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരുകയും ചെയ്താല്‍ 55.2 ശതമാനത്തിലേക്കാകും കങ്കാരുക്കള്‍ വീഴും.
ഇന്ത്യ ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിക്കുകയും സൗത്ത് ആഫ്രിക്ക – പാകിസ്ഥാന്‍ മത്സരത്തില്‍ ഗ്രീന്‍ ആര്‍മി കരുത്ത് കാട്ടാന്‍ സാധിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ലോര്‍ഡ്‌സിലേക്ക് ടിക്കറ്റുറപ്പിക്കാം.
Content Highlight: WTC final chances of each team