ഇടുക്കി: പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ (82) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബര്‍ 26ന് ജനിച്ചു. കുടയത്തൂര്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായി. പിന്നീട് തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് 1995ല്‍ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് നാരായന്റെ പ്രധാന സാഹിത്യ സംഭാവന.
1998ല്‍ പുറത്തിറങ്ങിയ കൊച്ചേരത്തിയാണ് ആദ്യ കൃതി. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള നോവലാണിത്. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ഇതിനെ ദളിത് നോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കി. പിന്നീടെഴുതിയ ഊരാളിക്കുടി എന്ന നോവലില്‍ മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് പ്രമേയം.
കൊച്ചേരത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല ഈ വഴിയില്‍ ആളേറെയില്ല, ആരാണു തോല്‍ക്കുന്നവര്‍ എന്നീ നോവലുകളും, നിസഹായന്റെ നിലവിളി, പെലമറുത എന്നീ കഥാസമാഹാരങ്ങളുമാണ് പ്രധാന കൃതികള്‍.