Kerala News
തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അവിടുത്തെ തെരഞ്ഞെടുപ്പില്‍ വിഷയമാകണം: എന്‍.എസ്. മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 05, 02:03 pm
Thursday, 5th May 2022, 7:33 pm

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം തൃക്കാക്കര മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിഷയമാകണമെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേയെന്നും എന്‍.എസ്. മാധവന്‍ ചോദിച്ചു. ട്വീറ്റിലൂടെയായിരുന്നു എന്‍.എസ്. മാധവന്റെ പ്രതികരണം.

‘തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം അവിടത്തെ തെരഞ്ഞെടുപ്പില്‍ വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും? അല്ല, സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ?,’ എന്‍.എസ്. മാധവന്‍ പറഞ്ഞു.

എന്‍.എസ്. മാധവന്റെ ട്വീറ്റിന് മറുപടിയുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സി. ജോസഫും രംഗത്തെത്തി.

‘സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കില്ലെന്ന പിടിവാശി എന്തിനാണ്? രാജ്യസുരക്ഷയെ ബാധിക്കുന്ന വല്ലവിവരവും റിപ്പോര്‍ട്ടില്‍ ഉണ്ടോ? ആരെ സംരക്ഷിക്കാനാണ് ഈ തത്രപ്പാട്?,’ എന്നായിരുന്നു എന്‍.എസ്. മാധവന്റെ ട്വീറ്റിന് കെ.സി. ജോസഫ് മറുപടി നല്‍കിയത്.

അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഈ യോഗത്തില്‍ ഡബ്ല്യു.സി.സി വീണ്ടും ആവശ്യപ്പെട്ടു. സിനിമാസംഘടനകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യു.സി.സി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് താരസംഘടന അമ്മ പ്രതികരിച്ചു. സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്.

ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അമ്മ, ഫെഫ്ക, ഡബ്ല്യു.സി.സി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കമുള്ള സിനിമാ മേഖലയിലെ സംഘടനകള് പങ്കെടുത്തിരുന്നു.