മഹാശ്വേതാ ദേവി ക്യാമറയ്ക്ക് മുന്നിലേക്ക്
Movie Day
മഹാശ്വേതാ ദേവി ക്യാമറയ്ക്ക് മുന്നിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th June 2012, 9:56 am

കൊല്‍ക്കത്ത: മാഗ്‌സസെ അവാര്‍ഡ് ജേതാവ് മഹാശ്വേതാ ദേവി ക്യാമറയ്ക്ക് മുന്നില്‍. മഹാശ്വേതയുടെ  മൂന്ന് കഥകള്‍ ഉള്‍പ്പെടുന്ന ഉല്ലാസ് എന്ന സിനിമയിലെ ദൗര്‍ എന്ന കഥയിലൂടെയാണ് അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന പീഡനങ്ങള്‍ പ്രമേയമാക്കുന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന കാര്യം മഹാശ്വേതാ ദേവി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കൊല്‍ക്കത്തയിലെ സിനിമാ കേന്ദ്രം നന്ദനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിനിമയുടെ ചില ക്ലിപ്പുകളും പ്രദര്‍ശിപ്പിച്ചു.

” സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളുടെയൊപ്പവുമല്ല ഞാന്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത്” മഹാശ്വേതാദേവി പറഞ്ഞു. താനീ സിനിമ ഇതുവരെ കണ്ടിട്ടില്ല. ഈ കഥയെഴുതുക മാത്രമാണ് ചെയ്തത്. പിന്നെ ചിത്രീകരണ സമയത്ത് സംവിധായകന്റെ വാക്കുകള്‍ അനുസരിക്കുകയും ചെയ്തു. ഇതിന്റെ ഗുണവും ദോഷവും പ്രേക്ഷകര്‍ വിലയിരുത്തണമെന്നും അവര്‍ വ്യക്തമാക്കി.

പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനെത്തിയ ഒരു ഗോത്രവര്‍ഗയുവാവിനെ ശാരീരികക്ഷമതാ പരിശോധനയുടെ ഭാഗമായി പൊരിവെയിലത്ത് നിര്‍ത്തി പീഡിപ്പിക്കുകയും ഇതേതുടര്‍ന്ന് അയാള്‍ മരണപ്പെടുകയും ചെയ്യുന്നു. ഈ മരണത്തെ ചുറ്റിപ്പറ്റിയാണ് ദൗറിന്റെ കഥ മുന്നോട്ടുപോകുന്നത്. അടുത്തിടെ കൊല്‍ക്കത്ത പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കുള്ള ഫിസിക്കല്‍ ടെസ്റ്റിനെത്തിയ രണ്ട് യുവാക്കള്‍ സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഈ സംഭവങ്ങളുമായി വളരെയേറെ സാമ്യമുള്ളതാണ് ദൗറിന്റെ പ്രമേയം.  ഈശ്വര്‍ ചക്രവര്‍ത്തിയാണ് സംവിധായകന്‍.

ദൗറിന് പുറമേ അരണ്യ അധികാര്‍, മാധുഹോ എന്നീ കഥകളാണ് ഉല്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുമുഖങ്ങളായ അമിത് ദാസും, സാധന ഹര്‍സയുമാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മഹാധൗ എന്ന ആദിവാസി കുട്ടിയുടെ വേഷത്തിലാണ് ദൗറില്‍ അമിത് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പല ഭാഗങ്ങളിലും ഈ കുട്ടി നഗ്നനായാണ് പ്രത്യക്ഷപ്പെടുന്നതെന്ന് സംവിധായകന്‍ ചക്രവര്‍ത്തി പറയുന്നു. ആര്‍.എന്‍.ആര്‍ എന്റര്‍പ്രൈസസാണ് ചിത്രം നിര്‍മ്മിക്കുന്നത്.