അവര്‍ണനെ പടിപ്പുറത്ത് നിര്‍ത്തിയ രാജ്യാധികാരം ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് അശ്ലീലം: അശോകന്‍ ചെരുവില്‍
Kerala News
അവര്‍ണനെ പടിപ്പുറത്ത് നിര്‍ത്തിയ രാജ്യാധികാരം ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് അശ്ലീലം: അശോകന്‍ ചെരുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2023, 6:28 pm

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം തുറന്ന ജീപ്പില്‍ നടത്തിയ യാത്രയെ പരിഹസിച്ച് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. അവര്‍ണനെ പടിപ്പുറത്ത് നിര്‍ത്തിയ തിരുവിതാംകൂര്‍ രാജ്യാധികാരം ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് അശ്ലീലമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആര്‍ക്കു വേണമെങ്കിലും തെരുവില്‍ ഘോഷയാത്ര നടത്താവുന്നതാണ്. പക്ഷേ അവര്‍ണനെ പടിപ്പുറത്ത് നിര്‍ത്തിയ തിരുവിതാംകൂര്‍ രാജ്യാധികാരം ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് അശ്ലീലമാണ്,’ അശോകന്‍ ചെരുവില്‍ പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാല ദിവസം മുന്‍ രാജ കുടുംബത്തിലെ തലമുറയില്‍ പെട്ടവരായി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും മകന്‍ ആദിത്യ വര്‍മയുമാണ് തുറന്ന ജീപ്പില്‍ യാത്ര ചെയ്തിരുന്നത്.

സംഭവത്തേയും ഇത് വലിയ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരെയും വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. രാജകാലമൊക്കെ കഴിഞ്ഞ് കാലം കുറേയായിട്ടും ഈ ആരാധന നിര്‍ത്താനായില്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

‘പൊങ്കാല; ആ

ശംസകളുമായി തുറന്ന ജീപ്പില്‍ രാജ കുടുംബം’ എന്ന തലക്കെട്ടില്‍ മാതൃഭൂമി പത്രത്തില്‍ ചിത്രം സഹിതം വന്ന മൂന്ന് കോളം വാര്‍ത്തയും വിമര്‍ശിക്കപ്പെടുന്നുണ്ട്.

‘കവടിയാറിലെ രാജ കുടുംബത്തിന്റെ വീട്ടില്‍ നിന്ന് രാജ്ഭവന്‍ വരെ തുറന്ന ജീപ്പില്‍ യാത്ര ചെയ്തു’ എന്ന മാതൃഭൂമി വാര്‍ത്തയിലെ തന്നെ ഒരു വാചകം എടുത്തുപറഞ്ഞായിരുന്നു രാം കുമാര്‍ എസ്. എന്ന പ്രൊഫൈലിന്റെ പരിഹാസം.

‘തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം ആറ്റുകാല്‍ പൊങ്കാല ദിവസം കവടിയാറിലെ അവരുടെ വീട്ടില്‍ നിന്നും രാജ്ഭവന്‍ വരെ തുറന്ന ജീപ്പില്‍ യാത്ര ചെയ്തു എന്ന്.

അതെന്തുകൊണ്ടാ അതിനപ്പുറത്തേക്ക് പോകാത്തത് എന്ന് അറിയോ?
അവിടെ അയ്യങ്കാളി നില്‍പ്പുണ്ട്,’ എന്നാണ് രാം കുമാര്‍ എഴുതിയിരുന്നത്.