ബോധമുള്ള സംവിധായകരാണ് നല്ല നടന്‍മാരെ സൃഷ്ടിക്കുന്നത്; സൗബിന്റെ മധു ഉദാഹരണം
Entertainment news
ബോധമുള്ള സംവിധായകരാണ് നല്ല നടന്‍മാരെ സൃഷ്ടിക്കുന്നത്; സൗബിന്റെ മധു ഉദാഹരണം
മഹേഷ് മധു
Sunday, 17th July 2022, 4:02 pm

: ഈ സ്ഥലത്തിനെങ്ങനെയാണ് ഇലവിഴാപൂഞ്ചിറ എന്ന് പേരു വീണതെന്നറിയുമോ സാറേ?

: പണ്ട് ദേവന്മാര്‍ പാര്‍വതിയുടെ കുളി സീന്‍ കാണാന്‍ ഒളിഞ്ഞുനോക്കിയത് ഇവിടെ നിന്നാണ്. ഇത് കണ്ട് അരിശംപൂണ്ട ശിവന്‍ ഇനിയൊരിക്കലും ഇവിടെ മരങ്ങള്‍ വളരാതിരിക്കട്ടെ എന്ന് ശപിച്ചു. അങ്ങനെയാണ് ഈ സ്ഥലം മരങ്ങള്‍ ഇലപൊഴിക്കാത്ത, മരങ്ങള്‍ വളരാത്ത, മൊട്ടക്കുന്നായ ഇലവീഴാപൂഞ്ചിറയായി മാറിയത്.

ദേവന്‍മാര്‍ ഒളിഞ്ഞുനോക്കിയതിന് അപ്പോഴും ശാപം കിട്ടിയത് മരങ്ങള്‍ക്ക്. ഈ ഐതിഹ്യകഥയുടെ സാരാംശത്തിലെവിടെയോ ഈ സിനിമയുടെ കഥാതന്തു വളരുന്നുണ്ട്.

നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ അതുവരെ മലയാള സിനിമയിലൂടെ പറഞ്ഞ കുട്ടന്‍ പിള്ള പൊലീസ് കഥകളെ മോചിപ്പിച്ച തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ ആദ്യ സ്യതന്ത്ര സംവിധാന സംരംഭമാണ് ഇലവീഴാപൂഞ്ചിറ. അത്രമേല്‍ സുന്ദരമെന്ന് തോന്നിക്കുന്ന പ്രകൃതിയുടെ രൗദ്ര തീവ്ര ഭാവഭേദങ്ങളെ സിനിമയില്‍ തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട് എന്നുവേണം പറയാന്‍.

ഷാഹി കബീര്‍

സിനിമയില്‍ ആദ്യന്തം വന്നു പോകുന്ന കഥാപാത്രങ്ങള്‍ക്കും കാണിച്ചിട്ടുള്ള വസ്തുക്കള്‍ക്കും സജീവമായ ഇഴയടുപ്പമുള്ള പ്രവര്‍ത്തന സാധ്യതയും ചിത്രം നല്‍കുന്നുണ്ട്.

ഉദാഹരണമായി മുകളില്‍ സൂചിപ്പിച്ച ഐതിഹ്യകഥ, തോക്ക്, സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന സീറ്റ് മാറിയിരിക്കല്‍, അമ്മയുടെയും മകളുടെയും വഴിയിലെ ഇറങ്ങിപ്പോക്ക്, മഴു, സിഗരറ്റ് വലി, സി.ഐയുടെ കുടുംബ കഥ, നായകള്‍, ആദ്യം കാണുന്ന ചോരക്കറ, വിശപ്പില്ലായ്മ, ചീട്ടുകളിയിലെ ആദ്യ ജോക്കര്‍ കാര്‍ഡ് പിന്നിട്ടുള്ള മധുവിന്റെ ചീട്ടുകളിയിലെ വിജയം, ബൈനോക്കുലര്‍, കപിള്‍സ് അങ്ങനെയങ്ങനെ…

ഒരു വസ്തുവും കഥാപാത്രവും സിനിമയില്‍ അധികമാകുന്നില്ല. അത്രയേറെ ഡീറ്റെയ്‌ലിങ് അവയ്‌ക്കൊക്കെ നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജിന്റെ സിനിമകള്‍ക്ക് ശേഷം കഥയുമായി വസ്തുക്കള്‍ക്കും, കഥാപാത്രങ്ങള്‍ക്കും ഇത്രയെറെ ഇഴയടുപ്പമുള്ള മറ്റൊരു മലയാളസിനിമ കാണാന്‍ കഴിയുന്നതിപ്പോഴാണ്.

ഇലവീഴാപൂഞ്ചിറ;

കോട്ടയം, ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന 3600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തുറസ്സായ മലമ്പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. ഇവിടം വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണെന്നിരിക്കെ പൊടുന്നനേ വരുന്ന മഴയും കാറ്റും മിന്നലും ഇലവീഴാപൂഞ്ചിറക്ക് പ്രകൃതിയുടെ നിഗൂഢമായ രൗദ്രഭാവത്തിന്റെ ഭയപ്പെടുത്തലുകള്‍ നല്‍കുന്നുമുണ്ട്.

സിനിമയില്‍;

ഇലവീഴാപൂഞ്ചിറയിലെ ബേസ് ക്യാമ്പില്‍ താമസിച്ച് ആ പ്രദേശത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാരുടെ ദയനീയാവസ്ഥകളെ സിനിമയില്‍ ഉടനീളം പ്രേക്ഷകനുമുന്നില്‍ സംവിധായകന്‍ കാട്ടിത്തരുന്നുണ്ട്. അവിടത്തെ പ്രകൃതി പോലെ സരളവും കലുഷിതവുമായ മനസ്സാണ് ഇലവീഴാപൂഞ്ചിറയില്‍ വന്നുപോകുന്ന മനുഷ്യര്‍ക്കെല്ലാം.

പ്രധാന കഥാപാത്രങ്ങളൊഴികെ സിനിമയില്‍ വന്നുപോകുന്ന പൊലീസ് കഥാപാത്രങ്ങളെല്ലാം സിനിമക്ക് പുറത്തും ഔദ്യോഗികമായി പൊലീസുകാര്‍ തന്നെയാണെന്നുള്ളതും അവരെ അത്തരം കഥാപാത്രങ്ങളുടെ വേഷങ്ങളില്‍ അവതരിപ്പിച്ചതും. പൊലിസ് മാനറിസങ്ങളും മറ്റും പ്രേക്ഷകനുമായി അത്രത്തോളം സംവദിക്കാന്‍ സഹായിച്ചു. ഇത് സിനിമയെ കൂടുതല്‍ യാഥാര്‍ഥ്യത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. കുറ്റാന്വേഷണ ജോണറില്‍ പെടുത്താവുന്ന സിനിമയ്ക്ക് ഒരോ നിമിഷവും പ്രേക്ഷകനെ ത്രില്ലടിപ്പിച്ച്, സിനിമയിലേക്ക് പിടിച്ചടുപ്പിക്കാന്‍ സാധിക്കുന്നുമുണ്ട്.

മികച്ച തിരക്കഥയും ബോധമുള്ള സംവിധായകരുമാണ് നല്ല കഥാപാത്രങ്ങളെയും അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ വഴി നല്ല നടന്‍മാരെയും സൃഷ്ടിക്കുന്നത് എന്നതിനുദാഹരണമാണ് ഇലവീഴാപൂഞ്ചിറയെന്ന സിനിമയും സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച മധു എന്ന പൊലീസ് കഥാപാത്രവും. പകയും പ്രതികാരവും ഭയവും സഹജീവി സ്‌നേഹവും വിഷാദവുമെല്ലാം മധുവിലുടെ മാറിമാറി കടന്നുപോകുന്നത് അത്ഭുതത്തോടെ തന്നെയാണ് ഞാനെന്ന പ്രേക്ഷകന്‍ നോക്കിയിരുന്നത്.

അയാള്‍ ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യപ്പെടേണ്ട മികച്ച ഒരു നടന്‍ തന്നെയാണ്. സിനിമയില്‍ വന്നുപോയ അഭിനേതാക്കളെല്ലാം അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി തന്നെയാണ് കടന്നുപോയത്. സിനിമയില്‍ പറയുന്ന ഹണിമൂണ്‍ ഡിപ്രഷന്‍ എന്ന മധുവിന്റെ മാനസികാവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നായി തോന്നി.

ഇലവീഴാപൂഞ്ചിറ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട പടമാണെന്നിരിക്കേ, സിനിമ ഇത്രയേറെ സാങ്കേതികമായി വളര്‍ന്നിട്ടും തിയേറ്ററുകള്‍ മാറ്റമൊന്നുമില്ലാതെ തുടരുന്നത് ശോചനീയം തന്നെയാണ്. സിനിമയില്‍ മിക്ക പശ്ചാത്തല ശബ്ദങ്ങളും അരോചകമായും സംഭാഷണങ്ങള്‍ വ്യക്തയില്ലാത്തതായും തോന്നി. മികച്ച ഒരു അനുഭവം ലഭിക്കാത്തത് തിയേറ്ററുകള്‍ പിന്തുടരുന്ന ഈ സാങ്കേതികപരമായ മാറ്റമില്ലായ്മ കാരണം തന്നെയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ പ്രേക്ഷകര്‍ സിനിമകള്‍ക്കായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതിന് തെറ്റുപറയാന്‍ പറ്റുന്നതെങ്ങനെ?

Content Highlight: write up on Ela Veezha Poonchira movie by Mahesh Madhu, mention Soubin Shahir and director Shahi Kabir