‘ ഇതാണ് ബ്രിജ് ഭൂഷണിന്റെ ശക്തി. അദ്ദേഹം തന്റെ മസില്‍ പവറും രാഷ്ടീയ ശക്തിയും ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വനിതാ താരങ്ങളെ ചൂഷണം ചെയ്യുകയുമാണ്. അദ്ദേഹത്തിന്റെ അറസ്റ്റ് ഉടനടി വേണം. ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നതിന് പകരം പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ , നീതി ലഭിക്കുമെന്ന് വിശ്വാസം ഞങ്ങള്‍ക്കുണ്ടാകും. അല്ലെങ്കില്‍ അതില്ല,’ വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു.
‘അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലത്ത് ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ ഞങ്ങള്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പോയതായി മാധ്യമങ്ങളില്‍ പ്രചരിച്ചു,’ വിനേഷ് കൂട്ടിച്ചേര്‍ത്തു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ബജ്‌റംഗ് പൂനിയയും ഇതേ അഭിപ്രായം പങ്കുവെച്ചു.
ഇത് രണ്ടാം തവണയാണ് ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ വരുന്നത്. റെയില്‍വേ ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന് പിന്നാലെ സമരം അവസാനിപ്പിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
ഒത്തുതീര്‍പ്പിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും താരങ്ങളെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ വസതിയിലേക്ക് കൊണ്ടുപോയതെന്നും ദല്‍ഹി പൊലീസും വ്യക്തമാക്കി.
‘തെറ്റായ വാര്‍ത്തകള്‍ക്ക് ശ്രദ്ധ കൊടുക്കരുത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഗുസ്തി താരങ്ങളെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ കൊണ്ടുപോയത്’ ദല്‍ഹി ഡി.സി.പിയുടെ ഒഫീഷ്യല്‍ ട്വീറ്റില്‍ അറിയിച്ചു.
അതേസമയം, ബ്രിജ് ഭൂഷണിനെതിരായ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഗുസ്തി സമരം തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു.