ഈ മലയാളി കാത്തത് മുംബൈ ഇന്ത്യന്‍സിന്റെ സര്‍വകാല റെക്കോഡ്; 2023 ആവര്‍ത്തിച്ച് ക്യാപ്റ്റനും
WPL
ഈ മലയാളി കാത്തത് മുംബൈ ഇന്ത്യന്‍സിന്റെ സര്‍വകാല റെക്കോഡ്; 2023 ആവര്‍ത്തിച്ച് ക്യാപ്റ്റനും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 8:57 am

വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് മുംബൈ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയത്.

20ാം ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി മലയാളി താരം സജന സജീവനാണ് മുംബൈ ഇന്ത്യന്‍സിന് വിജയം നേടിക്കൊടുത്തത്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് ആവശ്യമുള്ളപ്പോള്‍ ലോകോത്തര താരമായ അലീസ് ക്യാപ്‌സിയെ സിക്‌സറിന് പറത്തിയാണ് സജന മുംബൈക്ക് വിജയം സമ്മാനിച്ചത്.

ഇതോടെ വനിതാ പ്രീമിയര്‍ ലീഗില്‍ ഒരിക്കല്‍പ്പോലും ചെയ്‌സിങ്ങില്‍ തോല്‍ക്കേണ്ടി വന്നിട്ടില്ല എന്ന തങ്ങളുടെ റെക്കോഡ് നിലനിര്‍ത്താനും മുംബെക്കായി. ഇത് ആറാം തവണയാണ് മുംബൈ രണ്ടാമത് ബാറ്റ് ചെയ്ത് വിജയം സ്വന്തമാക്കുന്നത്.

ആദ്യ സീസണില്‍ കളിച്ച 10 മത്സരത്തില്‍ എട്ട് കളിയിലും മുംബൈ വിജയിച്ചിരുന്നു. ഫൈനല്‍ അടക്കം ഇതില്‍ അഞ്ച് തവണയും ചെയ്‌സ് ചെയ്താണ് മുംബൈ വിജയം സ്വന്തമാക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് അലീസ് ക്യാപ്സി, ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ മെഗ് ലാന്നിങ് എന്നിവരുടെ ഇന്നിങ്സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. ക്യാപ്സി 53 പന്തില്‍ 75 റണ്‍സ് നേടിയപ്പോള്‍ ജെമീമ 24 പന്തില്‍ 42 റണ്‍സും മെഗ് ലാന്നിങ് 25 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി.

മുംബൈക്കായി നാറ്റ് സ്‌കിവര്‍ ബ്രണ്ട്, അമേലിയ കേര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷബ്നിം ഇസ്മൈല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം പിഴച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ യാഷ്ടിക ഭാട്ടിയക്കൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ നല്‍കി. 56 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഹര്‍മന്‍-യാഷ്ടിക സഖ്യം സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 50ല്‍ നില്‍ക്കവെ ഒന്നിച്ച കൂട്ടുകെട്ട് 106ലാണ് പിരിഞ്ഞത്. ഭാട്ടിയയെ പുറത്താക്കി അരുന്ധതി റെഡ്ഡിയാണ് ക്യാപ്പിറ്റല്‍സിന് അവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. പുറത്താകുമ്പോള്‍ 45 പന്തില്‍ 57 റണ്‍സാണ് വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.

ശേഷമെത്തിയ അമേലിയ കേര്‍ 18 പന്തില്‍ 24 റണ്‍സും പൂജ വസ്ത്രാര്‍കര്‍ മൂന്ന് പന്തില്‍ ഒരു റണ്ണും നേടി മടങ്ങി.

അവസാന ഓവറില്‍ 12 റണ്‍സാണ് മുംബൈക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ പൂജയെ മടക്കിയ ക്യാപ്സി ദല്‍ഹിക്ക് വിജയപ്രതീക്ഷകള്‍ നല്‍കി.

രണ്ടാം പന്തില്‍ രണ്ട് റണ്‍സും മൂന്നാം പന്തില്‍ ഒരു റണ്ണും പിറന്നതോടെ അവസാന മൂന്ന് പന്തില്‍ വിജയിക്കാന്‍ മുംബൈക്ക് ഒമ്പത് റണ്‍സ് വേണമെന്ന നിലയിലെത്തി. നാലാം പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ ബൗണ്ടറി നേടിയപ്പോള്‍ അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി.

എന്നാല്‍ അഞ്ചാം പന്തില്‍ ഹര്‍മനെ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ കൈകളിലെത്തിച്ച് ക്യാപ്സി പുറത്താക്കി. 34 പന്തില്‍ 55 റണ്‍സടിച്ചാണ് ഹര്‍മന്‍ മടങ്ങിയത്. 2023 സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയ ഹര്‍മന്‍ 2024ലും ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേട്ടം ആഘോഷിച്ചു.

അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സാണ് മുംബൈക്ക് വേണ്ടിയിരുന്നത്. ക്രീസിലെത്തിയത് വയനാട്ടുകാരിയായ സജന സജീവനും. രണ്ടാം സീസണിന്റെ ആദ്യ മാച്ചിന്റെ ആവേശം അവസാന പന്തിലേക്ക് വന്നുചേര്‍ന്നപ്പോള്‍ ആ പന്ത് സിക്‌സറിന് പറത്തി സജന മുംബൈക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

 

Content Highlight: WPL: Mumbai Indians never lost a match while batting second