World News
മോദിയ്ക്ക് വേണമെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 02, 02:37 am
Friday, 2nd August 2019, 8:07 am

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഇന്ത്യയും പാകിസ്താനുമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സഹായമാവശ്യപ്പെട്ടാല്‍ ഇടപെടാന്‍ തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച ഇമ്രാന്‍ഖാനുമായി മാധ്യമപ്രവര്‍ത്തകരെ കാണവെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചാണ് ട്രംപിന്റെ പ്രതികരണം.

മധ്യസ്ഥന്റെ ഇടപെടല്‍ വേണമോയെന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി മോദിയാണെന്ന് ട്രംപ് പറഞ്ഞു. നേരത്തെ പാകിസ്താന്‍ ട്രംപിന്റെ മധ്യസ്ഥ ഓഫര്‍ സ്വാഗതം ചെയ്തപ്പോള്‍ ഇന്ത്യ നിരസിക്കുകയാണുണ്ടായത്.

കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യ എതിര്‍ത്തിരുന്നു.

ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. കശ്മീരിലെ സ്ഥിതി വളരെ വഷളാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നും ട്രംപ് പറഞ്ഞു.

ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീര്‍ വിഷയത്തില്‍ മോദി സഹായം അഭ്യര്‍ഥിച്ചതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.