ഭോപ്പാലിലെ സിമി പ്രവര്‍ത്തകരുടേത് രാഷ്ട്രീയപ്രേരിത കൊലപാതകമെന്ന് യു.എസ് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്
India
ഭോപ്പാലിലെ സിമി പ്രവര്‍ത്തകരുടേത് രാഷ്ട്രീയപ്രേരിത കൊലപാതകമെന്ന് യു.എസ് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd April 2017, 10:22 am

വാഷിങ്ടണ്‍: ഭോപ്പാലില്‍ വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ ഭാരത സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.എസ് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. സിമി പ്രവര്‍ത്തകര്‍ക്കുനേരെ നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും രാഷ്ട്രീയ പ്രേരിത കൊലപാതകമാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

“ഹ്യൂമണ്‍ റൈറ്റ്‌സ് പ്രാക്ടീസസ് ഇന്‍ ഇന്ത്യ 2016” എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ യു.എസ് മനുഷ്യാവകാശ കമ്മീഷന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.


Must Read: കരുനാഗപ്പള്ളിയില്‍ 12വയസുകാരി ആത്മഹത്യ: ക്ഷേത്രപൂജാരിയും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍


സിമി പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പുറമേ ആക്ടിവിസ്റ്റായ ടീസ്റ്റ സെതല്‍വാദിനെതിരായ നടപടികള്‍, മധ്യപ്രദേശിലെ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട മരണം എന്നീവിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

വ്യാപം മരണങ്ങള്‍ “അഴിമതിക്കും സര്‍ക്കാറിന്റെ സുതാര്യതയില്ലായ്മയ്ക്കും” ഉദാഹരണമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും എതിരായ പൊലീസ് നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. “മനുഷ്യാവകാശ ധ്വംസന ആരോപണങ്ങളില്‍ ഉണ്ടാവുന്ന അന്താരാഷ്ട്ര, സര്‍ക്കാര്‍ ഇതര അന്വേഷണങ്ങളോടുള്ള സര്‍ക്കാറിന്റെ മനോഭാവമാണ്” ഇവര്‍ക്കെതിരായ പൊലീസ് നടപടിയിലൂടെ വെളിവാകുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങിന്റെ “ലോയേഴ്‌സ് കലക്ടീവ്” ഉള്‍പ്പെടെ 25 എന്‍.ജി.ഒകളെ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയ നടപടിയെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാറിന്റെ ഈ നടപടി ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തെ എത്രത്തോളം മോശമായി ബാധിച്ചുവെന്നതും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.