ലോകത്തെ ഒരേയൊരു വെള്ള ജിറാഫിനു മേല്‍ ജി.പി.എസ് ട്രാക്കര്‍ ഘടിപ്പിച്ചു, കാട്ടില്‍ എവിടെയുണ്ടെന്ന് അപ്പപ്പോള്‍ അറിയാം
കെനിയ: ലോകത്ത് ഇനി ബാക്കിയുള്ള ഒരേയൊരു വെള്ള ജിറാഫിന് മേല്‍ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചു.വേട്ടക്കാരില്‍ നിന്നും ഈ ജിറാഫിനെ സംരക്ഷിക്കുന്നതിനായാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരമൊരു നീക്കം നടത്തിയത്. കാട്ടില്‍ ഈ ജിറാഫ് എവിടെയാണ് നില്‍ക്കുന്നതെന്ന് എല്ലാ മണിക്കൂറിലും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് അപ്‌ഡേഷന്‍ ലഭിക്കും.
ലോകത്ത് ഇനി ആകെ ഈ ഒരൊറ്റ വെളുമ്പന്‍ ജിറാഫ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്ക്. ഇവന്‍ കൂടി നഷ്ടപ്പെട്ടാല്‍ പ്രകൃതിയിലെ അപൂര്‍വ സൃഷ്ടികളിലൊന്നാണ് ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുക.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഈ ജിറാഫിന്റെ ഇണയെയും കുട്ടിയെയും വേട്ടക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. കെനിയയിലെ വടക്കുകിഴക്കന്‍ വനമേഖലയിലെ ഗാരിസ കൗണ്ടി വനപ്രദേശത്താണ് ഈ മൂന്ന് ജിറാഫുകളും കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഈ ആണ്‍ ജിറാഫ് ഇവിടെ ഒറ്റയ്ക്കാണ്.
ജിറാഫിന്റെ കൊമ്പുകളിലൊന്നിന്‍ മേലാണ് ഈ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചത്. 2017 ല്‍ ഈ വെള്ള ജിറാഫുകളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവര്‍ ലോകപ്രശസ്തരാവുന്നത്. 2016 ലാണ് കെനിയയില്‍ വെള്ള ജിറാഫുകളെ ആദ്യമായി കണ്ടത്.
ലൂസിയം എന്നു പറയുന്ന ഒരു ശാരീരിക അവസ്ഥ മൂലമാണ് ഇവയ്ക്ക് വെളുത്ത നിറമായത്.
ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ജിറാഫുകളുടെ എണ്ണത്തില്‍ 40% ത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. മാംസത്തിനും തൊലിക്കുമായുള്ള വേട്ടയാണ് ഇവയുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ കാരണം.