ഇസ്രഈലിനെ മത്സരങ്ങളിൽ നിന്ന് അനിശ്ചിത കാലത്തേക്ക് വിലക്കി രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷൻ
World News
ഇസ്രഈലിനെ മത്സരങ്ങളിൽ നിന്ന് അനിശ്ചിത കാലത്തേക്ക് വിലക്കി രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2024, 2:52 pm

ന്യൂയോർക്ക്: മത്സരങ്ങളിൽ നിന്നും ഇസ്രഈലിനെ അനിശ്ചിത കാലത്തേക്ക് വിലക്കി രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷൻ (ഐ.ഐ.എച്ച്.എഫ്).

മുഴുവൻ മത്സരാർത്ഥികളുടെയും സുരക്ഷ ഉറപ്പാകുന്നത് വരെ ഇസ്രഈലിനെ ഐ.ഐ.എച്ച്.എഫ് ചാമ്പ്യൻഷിപ്പുകളിൽ വിലക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ സംഘടന അറിയിച്ചു.

‘ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഇസ്രഈലിനെ വിലക്കുവാൻ ഐ.ഐ.എച്ച്.എഫ് തീരുമാനിച്ചു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇസ്രഈൽ ഐ.ഐ.എച്ച്.എഫ് മത്സരങ്ങളിൽ പങ്കെടുക്കില്ല,’ ഐ.ഐ.എച്ച്.എഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഏപ്രിലിൽ സെർബിയയിൽ വെച്ച് ഡിവിഷൻ II എ ലോക ചാമ്പ്യൻഷിപ്പ് മത്സരം കളിക്കാനിരിക്കുകയായിരുന്നു ഇസ്രഈൽ പുരുഷ ടീം.

ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഒക്ടോബർ ഏഴിനും ഡിസംബർ ആറിനുമിടയിൽ ഇസ്രഈൽ ഫലസ്തീനിലെ 85 കായിക താരങ്ങളെയാണ് കൊലപ്പെടുത്തിയത്. ഇതിൽ 55 പേരും ഫുട്ബോൾ താരങ്ങളാണ്.

ഇസ്രഈലിനെതിരെ വംശഹത്യ കുറ്റത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

പിന്നാലെ ദക്ഷിണാഫ്രിക്കക്ക് പിന്തുണ അറിയിച്ച് നിരവധി രാജ്യങ്ങൾ രംഗത്ത് വന്നു.

ഇസ്രഈൽ ഗസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് തെളിയിക്കാൻ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളും വീഡിയോ ഫുട്ടേജുകളും ദക്ഷിണാഫ്രിക്ക കോടതിയിൽ സമർപ്പിച്ചിരുന്നു.

Content Highlight: World Ice Hockey body bans Israel indefinitely