“ഈ ദീപാവലിക്ക് മൈസൂര്‍ ഇന്ത്യ എന്നു പേരുമാറ്റും വരെ ഞാന്‍ മൈസൂര്‍ പാക് കഴിക്കില്ലെന്ന് ശപഥം ചെയ്യുന്നു. ” എന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം.
ന്യൂദല്‍ഹി: ഉറി ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഈ സംഭവത്തിനു ചൈനയിലെയും പാകിസ്ഥാനിലെയും എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും പാക് നടന്മാരെയും മറ്റും ഇന്ത്യയില്‍ നിന്നും ഓടിക്കണമെന്നും ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളും ശക്തമായി രംഗത്തെത്തിയിരുന്നു.
പാക് താരങ്ങള്‍ അഭിനയിച്ച ഇന്ത്യന്‍ സിനിമകള്‍ക്കെതിരെയും അവരെ സഹകരിപ്പിച്ച നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെയുമെല്ലാം സംഘപരിവാര്‍ സംഘടനകള്‍ ആഞ്ഞടിച്ചിരുന്നു. ഇത്തരം “ദേശസ്‌നേഹി”കളെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററില്‍ ചിലര്‍.
ഇന്ത്യക്കാര്‍ ദേശസ്‌നേഹം തെളിയിക്കാന്‍ “മൈസൂര്‍ പാക്” എന്ന പലഹാരം ബഹിഷ്‌കരിക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ഇന്ത്യ എന്നാക്കുംവരെ ഇതു കഴിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഇവര്‍ മുന്നോട്ടുവന്നിരിക്കുന്നത്.
“ഈ ദീപാവലിക്ക് മൈസൂര്‍ ഇന്ത്യ എന്നു പേരുമാറ്റും വരെ ഞാന്‍ മൈസൂര്‍ പാക് കഴിക്കില്ലെന്ന് ശപഥം ചെയ്യുന്നു. ” എന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം.
“മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ഇന്ത്യ എന്നാക്കുംവരെ മധുരപലഹാരങ്ങള്‍ ബഹിഷ്‌കരിക്കുക” എന്നാണ് വീ സപ്പോര്‍ട്ട് ഡംഗാല്‍ ട്വീറ്റു ചെയ്തിരിക്കുന്നത്.
“മൈസൂര്‍ പാക് മൈസൂര്‍ ഇന്ത്യ ആകും വരെ കഴിക്കരുതെന്ന് ആളുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഒരു പക്‌വാനും (പലഹാരം) ഇന്‍ഡ്‌വാന്‍ ആക്കും വരെ കഴിക്കരുത്” എന്നാണ് മറ്റൊരു ട്വീറ്റ്.
മൈസൂര്‍ കൊട്ടാരത്തിലെ അടുക്കളയില്‍ ആദ്യമായി തയ്യാറാക്കിയതിനാലാണ് മൈസൂര്‍ പാകിന് ആ പേരു വന്നത്. പാക് എന്ന കന്നട വാക്കിനര്‍ത്ഥം മധുരപലഹാരമെന്നാണ്.
“തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യക്കാരിയെന്ന നിലയില്‍ ഞാനൊരിക്കലും മൈസൂര്‍ പാക് കഴിക്കില്ലെന്ന് ശപഥം ചെയ്യുന്നു. ഞങ്ങള്‍ക്ക് കാവേരി ലഭിക്കുകയും അഖണ്ഡ ഭാരതും പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്നതുവരെ” തമിഴ്‌നാട്ടുകാരായ തങ്ങളുടെ പ്രശ്‌നം മൈസൂരാണെന്ന് സൂചിപ്പിച്ചുള്ളതാണ് മറ്റൊരു ട്വീറ്റ്.
ഇന്ത്യയില്‍ ഷൂട്ടിങ്ങിന് പാക് നടന്മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ പാക് കലാകാരന്മാരും ഇന്ത്യ വിടണമെന്ന ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ഇത്.
നിലവില്‍ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രങ്ങളെ നിരോധനം ബാധിക്കില്ലെന്ന് അറിയിച്ചിട്ടും കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കിലിനെതിരെ എം.എന്‍.എസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ തനിക്ക് ഇന്ത്യയോടുള്ള സ്‌നേഹവും മേലില്‍ പാക് താരങ്ങളെ തന്റെ ചിത്രത്തില്‍ സഹകരിപ്പിക്കില്ലെന്നും പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍ വീഡിയോ പുറത്തിറക്കിയിരുന്നു.
നവനിര്‍മാണ സേനയ്ക്കു മുമ്പില്‍ അടിയറവു പറഞ്ഞ കരണ്‍ ജോഹറിനെ പരിഹസിക്കാനും മൈസൂര്‍ പാക് വിഷയം ചിലര്‍ ഉയര്‍ത്തുന്നുണ്ട്.