ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ നിന്ന് ഫിലിം ഫെസ്റ്റിവെല്‍ വേദിയിലേക്ക്
Daily News
ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ നിന്ന് ഫിലിം ഫെസ്റ്റിവെല്‍ വേദിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th March 2012, 5:21 pm

എസ്സേയ്‌സ് / റെനി ഐലിന്‍

രംഗം 1:  2010-ല്‍ തിരുവനന്തപുരത്തെ   അന്താരാഷ്ട്ര ചലചിത്രോത്സവ വേദി. പട്ടാപകല്‍ തന്റെ പാര്‍ട്ടിയുടെ കലണ്ടര്‍ വില്‍ക്കാന്‍ സമീപിച്ച ഒരു സ്ത്രീയെ  പോക്കറ്റില്‍ നിന്ന് ഒരു കെട്ടു “ഇന്ത്യന്‍ റുപി” എടുത്തു കൈയില്‍ വച്ച് കൊടുത്ത ശേഷം പ്രശസ്തനായ ഒരു സംവിധായകന്‍ കയറി പിടിക്കുന്നു. കണ്ടു നിന്ന “പാല്‍” എന്ന് വാലുള്ള സംവിധായകനടന്‍ ഇടപെട്ടു സ്ത്രീയെ രക്ഷപ്പെടുത്തി.

രംഗം 2: തിരുവനന്തപുരത്തെ “കൈരളി” എന്ന സര്‍ക്കാര്‍ തീയേറ്റര്‍. കേരളത്തിലെ പ്രശസ്തയായ ഒരു സ്ത്രീപക്ഷ പ്രവര്‍ത്തക സന്തോഷ് പണ്ഡിറ്റിന്റെ “കൃഷ്ണനും രാധയും” സിനിമ കാണാന്‍ പോയി. അവിടെ കണ്ട കാഴ്ച; സ്‌ക്രീനില്‍ നായിക പ്രത്യക്ഷപ്പെട്ടു അല്‍പ്പം കഴിഞ്ഞപ്പോഴേക്കും സ്‌ക്രീനിനു മുന്‍പിലുള്ള ആറടിയിലേറെ ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍ ചാടി കടന്നു നായികയുടെ മാറിടത്തിന്റെ ഭാഗത്ത് (സ്‌ക്രീനില്‍) അമര്‍ത്തുകയും തടവി രസിക്കുകയും ചെയ്യുന്നു.

രംഗം 3: ഫേസ്ബുക്കില്‍ ഒരു മലയാളി കൂട്ടായ്മ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീയുടെ വാദങ്ങള്‍ക്ക് മുന്നില്‍ തോറ്റപ്പോള്‍ ഒരു മുസ്ലിം ലീഗുകാരന്റെയും ആര്‍.എസ്സ്.എസ്സ് കാരന്റെയും (ഇത്തരം കാര്യത്തില്‍ അവര്‍ക്ക് വളരെ ഐക്യമാണ്.) പുളിച്ചതെറി മാത്രമല്ല, റേറ്റ് എത്രയാണെന്ന് ചോദിച്ചു കൊണ്ടുള്ള സ്വകാര്യ സന്ദേശങ്ങളും അയച്ചു പകരം വീട്ടി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളികള്‍ സദാചാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ആരോടും തയ്യാറല്ല. സംഘടിത മതങ്ങളുടെയും ഒപ്പം കേരളത്തിന്റെ തനത് ബ്രാഹ്മണ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെയും എടുത്താല്‍ പൊങ്ങാത്ത സദാചാര ത്വസംഹിതകളുടെ ഭാണ്ഡങ്ങളും പേറി ഒളിഞ്ഞു നോക്കിയും, പൊതു സ്ഥലത്ത് വച്ച് പെണ്ണിനെ തോണ്ടിയും, കയറി പിടിച്ചും, വേണ്ടി വന്നാല്‍ ബലാല്‍സംഗം തന്നെ ചെയ്തും മലയാളി പുരുഷ കേസരി തന്റെ “കെട്ടി കിടക്കുന്ന വീര്യം പമ്പ് ചെയ്തു കളയുന്നു.”

സൗമ്യ തീവണ്ടിയില്‍ നിന്ന് തള്ളിയിടപ്പെട്ട 2011 ഫെബ്രവരി ഒന്നിന് രാത്രി ഏകദേശം 8.30നു മലയാളികള്‍ ആരംഭിച്ച “ആഘോഷം” നവംബര്‍ 11 ആയപ്പോള്‍ ഉച്ചസ്ഥായിലെത്തി. ചുക്ക് ഏത് ചുണ്ണാമ്പ് ഏതെന്ന് അറിഞ്ഞുകൂടാത്ത കൂപമണ്ഡൂകങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ട് പെണ്ണിന്റെ സുരക്ഷിതത്വം, ആന, ചേന, മണ്ണാങ്കട്ട എന്നിവയെ കുറിച്ച് വാചാലരായി. മറ്റു ചിലരാകട്ടെ കോടതി വിധി കേട്ടപ്പോള്‍ ഹിസ്റ്റീരിയ  ബാധിച്ചവരെ പോലെ അലറി.

കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചക്കും ഒരു പക്ഷെ ഇപ്പോഴത്തെ “നൂല്‍പാല”ത്തിലൂടെയുള്ള യു.ഡി.എഫ് യാത്രക്കുപോലും വിഘ്‌നം വരാന്‍പോലും സാധ്യതയുണ്ടായിരുന്ന ഒരു സംഭവം ആയിരുന്നു പെരുമ്പാവൂരില്‍ വെച്ച് രഘു എന്ന മനുഷ്യന്‍ കെല്ലപ്പെട്ടത്. കണ്ണൂര്‍ മലയാളികളെ ദല്‍ഹി സഭയില്‍ പ്രതിനിധീകരിക്കുന്ന ഒരു “ഗാന്ധിയന്‍ ഗുണ്ട” പരസ്യമായി കൊലയാളിയെ അനുകൂലിച്ചപ്പോള്‍ ഒന്നും സംഭവിച്ചില്ല. ഭരണം ഇപ്പോഴും “അതി വേഗം ബഹുദൂരം” തന്നെ മുന്നോട്ട് നീങ്ങുന്നു.

ഇപ്പോള്‍ ‘മന്ത്രി- പുങ്കവനായിരിക്കുന്ന ഗോവിന്ദ ചാമി’ സ്വയം  പ്രവാചക വേഷം പോലും കെട്ടിയാടി ഇസ്ലാമിനെ അവഹേളിക്കുകയാണ് ചെയ്തത്

“ഒരു നിരപരാധിയെ കൊന്നു” എന്നാണ് ചുവപ്പന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മൊഴിഞ്ഞത്. അപ്പോള്‍ “അപരാധി ആണെങ്കില്‍ നിങ്ങള്‍ നിയമം കൈയിലെടുത്ത് അയാളെ കൊന്നോളൂ എന്നാണോ അര്‍ത്ഥമാക്കിയത്?. കേരളീയന്റെ സഹജമായ സ്വഭാവ വൈകൃതങ്ങള്‍ തന്നെ ആണ് പ്രസ്തുത രാഷ്ട്രീയ നേതാക്കളിലൂടെ പുറത്തു വരുന്നത്. അവര്‍ രാഷ്ട്രീയ നേതാക്കളോ പൊതു പ്രവര്‍ത്തകരോ ആയത് കൊണ്ട് പ്രത്യേകം മാറ്റി നിര്‍ത്തപ്പെടേണ്ട ആവശ്യം ഇല്ല.

കേരളത്തിലെ സ്ത്രീ പീഡനങ്ങള്‍ ശരിയായ അന്വേഷണം നടത്തി “കുറ്റക്കാരെ കണ്ടുപിടിച്ചു തെരുവിലൂടെ കൈയ്യാമം വച്ച് നടത്തുന്ന ആ വലിയ സുദിനത്തിനോ മഹാസംഭവത്തിനോ സാക്ഷിയാവാന്‍” കഴിയില്ലെന്ന് അറിയാവുന്ന ഒരു സാധാരണക്കാരന്‍ ആണ് ഈയുള്ളവന്‍. രാഷ്ട്രീയ നേട്ടത്തിന് ഉപരിയായി സ്ത്രീ വാണിഭ റാക്കറ്റുകളുടെ ഭീകരത ശരിയായ വിധത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാത്ത വിധം ആസൂത്രിതമായി കുഴിച്ചുമൂടി, ഒന്നുമറിയാത്ത പാവങ്ങളെ പോലെ കണ്‍മിഴിച്ചു കഴിയുന്ന സദാചാര കാവല്‍ക്കാരാണ് മലയാളി ജന്മങ്ങള്‍.

16.01.1996 മുതല്‍ 26.01.1996 വരെ സമൂഹത്തിലെ എം.പി. മുതല്‍ കൂലിക്കാരന്‍ വരെ വിവിധ തുറകളില്‍പെട്ട “സദാചാര വാദികള്‍” പീഡിപ്പിച്ചതിനു ശേഷം തിരികെ വരണമെന്ന വ്യവസ്ഥയില്‍ ആണത്രേ സൂര്യനെല്ലി പെണ്‍കുട്ടിയെ വിട്ടയച്ചത് പോലും. തളര്‍ന്നു പോയ അവളുടെ ഗുഹ്യ ഭാഗങ്ങള്‍ പഴുത്തളിഞ്ഞു, പനി, നടുവേദന, ഇരിക്കാനോ, കിടക്കാനോ, നടക്കാനോ പറ്റാതെ അവള്‍ വിഷമിച്ചു, മൂത്രം പോകാതെയായി. (ഗീത; അന്യയങ്ങള്‍  അരാഷ്ട്രീയ കേരളത്തെ രൂപപ്പെടുത്തിയ സ്ത്രീ പീഡന കേസുകളെക്കുറിച്ച് ഒരു സമഗ്രന്വഷണം, പേജ് നമ്പര്‍ 26. ഫാബിയന്‍ ബുക്‌സ്).

ദാരുണമായ അവസ്ഥയിലൂടെ കടന്നു പോയ പെണ്‍കുട്ടിയെ പോലീസ് കാഴ്ച വസ്തുവിനെ പോലെ കൊണ്ടു നടന്നു ഔദ്യോഗിക ഭാഷയില്‍ തെളിവെടുപ്പ്, വിചാരണ തുടങ്ങിയ പ്രക്രിയകള്‍ പോലുള്ള “പൊതുപ്രദര്‍ശനത്തിന്” വച്ചപ്പോള്‍ കോടതി പരിസരത്ത് ആര്‍ത്തി പിടിച്ച് അവളെ കാത്തു നിന്ന പുരുഷാരം അലറി “തലയിലെ തുണി മാറ്റെടി ഒരുപാട് പേരെ സുഖിപ്പിച്ച നിന്റെ മുഖം ഞങ്ങളൊന്നു കാണട്ടെടി”.

ഇരുട്ട് മുറിയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാന്‍ കഷ്ടപ്പെട്ട ആണുങ്ങള്‍ക്ക് പോലീസ് തന്നെ ലൈറ്റ് ഇട്ടുകൊടുത്ത സംഭവം മുതല്‍ വീട്ടില്‍ കാവല്‍ നിന്ന പോലീസുകാരന്റെ ഉപദ്രവം വരെ സഹിക്കേണ്ടി വന്ന സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് ഇല്ലാത്ത നീതി ബോധവും ദയാവായ്പുമാണ് നവംബര്‍ പതിനൊന്നാം തീയതി എറണാകുളം ഹൈക്കോടതിയുടെ മുന്നില്‍ അണപൊട്ടിയൊഴുകിയത്.


അടുത്ത പേജില്‍ തുടരുന്നു
ശ്രീദേവി വിളമ്പിയ ഐസ്‌ക്രീം നുണഞ്ഞ “സദാചാര വാദികള്‍” കേസ് വെറുതെ വിട്ടപ്പോള്‍ കോഴിക്കോട് കോടതിക്ക് മുന്നില്‍ ലഡു വിതരണവും ആഹ്ലാദപ്രകടനവും നടത്തി. പക്ഷെ, അന്നു “മധുരം കിള്ളി വായില്‍ വച്ച് കൊടുത്തയാള്‍” ഇന്ന്  സത്യം വിളിച്ചു പറഞ്ഞു എന്നത് മറ്റൊരു കഥ. എന്തിനേറെ ഇപ്പോള്‍ “മന്ത്രിപുങ്കവനായിരിക്കുന്ന ഗോവിന്ദ ചാമി” സ്വയം  പ്രവാചക വേഷം പോലും കെട്ടിയാടി ഇസ്ലാമിനെ അവഹേളിക്കുകയാണ് ചെയ്തത്. മൂവാറ്റുപുഴയിലെ ചോദ്യ പേപ്പറിനെക്കാളും വലിയ അവഹേളനമല്ലേ വേങ്ങര ചാമി നടത്തിയത്.?

മറ്റെല്ലാ സ്ത്രീ വാണിഭ കേസുകള്‍ പോലെതന്നെ മറന്നു പോയ ഒന്നാണ് കൊട്ടിയം കേസ്. മണിപ്പൂരില്‍ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ തങ്ങജം മനോരമ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത് ജനനേന്ദ്രിയത്തില്‍ ബയനറ്റ് കുത്തിക്കയറ്റി കൊന്നു. ഇതിനെക്കുറിച്ചു ഒന്നും മിണ്ടാതെ ഇറോം ശര്‍മ്മിള,  അ ഫ് സ് പ എന്നിവയെ കുറിച്ചും നമ്മള്‍ വാ തോരാതെ ചര്‍ദ്ദിക്കുകയോ ഗര്‍ജ്ജിക്കുകയൊക്കെ ചെയ്യാറുണ്ട്.

എന്നാല്‍ പാങ്ങോട് പട്ടാള ക്യാമ്പിലെ “ദേശസ്‌നേഹികള്‍ അഥവാ ദേഹസ്‌നേഹികള്‍” കൊട്ടിയത്തെ ഷൈനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് “ദേശീയതയ്ക്ക്” വേണ്ടി നാം പൊറുത്തു. ശേഷം ആസൂത്രിതമായി കൊലപ്പെടുത്തിയത് കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാക്കി. ഷൈനി, ശാരി, രാജി (പൂവരണി) എന്നിവര്‍ വളരെ കൃത്യതയാര്‍ന്നു തയ്യാറാക്കപ്പെട്ട ഗൂഢാലോചനയില്‍ കൊല്ലപ്പെട്ടപ്പോള്‍ വധശ്രമങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ആളാണ് വിതുര പെണ്‍കുട്ടി എന്നത് പ്രത്യേകം ഓര്‍ക്കേണ്ട മറ്റൊരു വസ്തുത ആണ്.

ഉച്ചപ്പടങ്ങള്‍ കേരളത്തിന്റെ  സിനിമ വ്യവസായത്തെ താങ്ങി നിര്‍ത്തിയിരുന്ന  ഒരു കാലം ഉണ്ടായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഷക്കീലക്കെതിരെ  തിരിഞ്ഞതിനും  കേരളം സാക്ഷ്യം വഹിച്ചു.  ഷക്കീല തരംഗം  നിലനിന്നിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് രേഷ്മയുടെ ചിത്രങ്ങളും  മലയാളി ആണുങ്ങള്‍ക്ക് വിരുന്നായത്. രേഷ്മയെ കൊച്ചിയില്‍ നടന്ന സ്ത്രീ വാണീഭവുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്തപ്പോള്‍  പോലീസ് സ്‌റ്റേഷനു വെളിയില്‍  മണിക്കൂറുകള്‍ വെയിലും കൊണ്ട് കാത്തുനിന്നാണ് ആണ്‍കോയ്മ പന്നികള്‍ കൂവിയാര്‍ത്തത്.

രേഷ്മയെ കാണാന്‍ കഴിയാത്തവര്‍ക്ക് ചോദ്യം ചെയ്യല്‍ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂട്യൂബില്‍ കടത്തി വിട്ടു പോലീസ് സൗകര്യവും ചെയ്തു കൊടുത്തു. ഒരു കാലത്ത്  മലയാളി പുരുഷന്റെ  ഞരമ്പുകളെ തൃപ്തിപ്പെടുത്തിയ രേഷ്മയെ  അതേ സമൂഹം സദാചാര വാദത്തിന്റെ കുപ്പായവും തുന്നി പാടുപെട്ടു കാത്തുനിന്ന് വീടിന്റെ മട്ടുപ്പാവിലും മരക്കൊമ്പിലും  കയറി നിന്ന് കൂകി തൃപ്തിയടഞ്ഞു.  ഇവിടത്തെ കൂവലിന്റെ  വികൃതമാര്‍ന്ന മറ്റൊരു രൂപം ആണ് ഗോവിന്ദ ചാമിയുടെ വധശിക്ഷ ആവശ്യപ്പെടുന്ന  രക്ത ദാഹികളും നടത്തുന്നത്.

കേരളത്തില്‍ ഏറ്റവും വലിയ  രാഷ്ട്രീയ വിഴുപ്പലക്കലിനു ഇരയായ സംഭവം ആണ് കവിയൂര്‍കിളിരൂര്‍  കേസ്. മറ്റെല്ലാ സ്ത്രീ വാണീഭ കേസുകളിലും  നിന്ന് വ്യത്യസ്തമായി ഏഴു മരണങ്ങള്‍  ആണ് നടന്നത്. കാരുവാറ്റയില്‍  നടന്ന രണ്ടു മരണങ്ങള്‍ ഇതുമായി  ബന്ധപ്പെട്ടത് എന്നു പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഒന്‍പത്.

ഇതിനെയൊക്കെ  ആത്മഹത്യ എന്ന് എളുപ്പത്തില്‍ വിളിക്കാമെങ്കിലും  കൊലപാതകം ആണെന്ന്  പറയുന്നതാവും ശരി.  മുമ്പത്തെ കേസുകള്‍ എല്ലാം  ഏതെങ്കിലും ഒരൊറ്റ രാഷ്ട്രീയ കക്ഷി ആയിരുന്നു പ്രതിസ്ഥാനത്ത് എങ്കില്‍ ഒരു വാണിഭ ഐക്യമുന്നണി തന്നെ ഇവിടെ രൂപപ്പെട്ടു. ചാനല്‍, ജുവല്ലറി പ്രമുഖന്മാര്‍, മന്ത്രി പുത്രന്മാര്‍, അങ്ങനെ പലരും തുടങ്ങി ചുവപ്പന്മാര്‍, ഗാന്ധിയന്മാര്‍, കാവികള്‍ അങ്ങനെ വിവിധ മേഖലയിലുള്ളവര്‍ തനത് വ്യക്തിമുദ്ര പതിപ്പിച്ച കേസ്  മലയാളി സമൂഹം  വിലയിരുത്തിയത്.

സീരിയലില്‍ അഭിനയിക്കാന്‍ പോയത് കൊണ്ടല്ലെ  ഇവള്‍ക്ക് ഇത് പറ്റിയത് എന്ന് പറഞ്ഞുകൊണ്ടാണ് വിളപ്പില്‍ശാലയെക്കാളും  അല്ലെങ്കില്‍  ഞെളിയന്‍ പറമ്പിനെക്കാളും  നാറ്റം വമിക്കുന്ന ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷയും അവരുടെ സംവിധാനങ്ങളും  ഏറ്റവും വലിയ സ്ത്രീ വിരുദ്ധം ആയത്. ഒരു പക്ഷെ  ഐസ്‌ക്രീം  കേസ് കൈകാര്യം ചെയ്ത  സമയം കഴിഞ്ഞാല്‍ പിന്നെ കിളിരൂര്‍-കവിയൂര്‍  കേസിന്റെ  സമയത്താവണം  എന്തായാലും  വി.ഐ.പി കള്‍ക്കായി  ഒരുക്കിവച്ച കൈയ്യാമം  അയലില്‍ ഉണക്കാനിട്ട  കൗപീനം പോലെ  ക്ലിഫ്  ഹൗസിലും കന്റോണ്‍മെന്റ് ഹൗസിലും  മാറി മാറി വിശ്രമിക്കുന്നു.


അടുത്ത പേജില്‍ തുടരുന്നു

ശാരിയുടെ മാതാവ്  ശ്രീദേവിയുടെ കണ്ണീരിന്റെയും  സൗമ്യയുടെ അമ്മയുടെ  കണ്ണീരിന്റെയും വില നമുക്ക് അളന്നു തൂക്കി തിട്ടപ്പെടുത്താനാവില്ലെന്നത് സത്യം തന്നെ. എന്നാല്‍ ചുരുങ്ങിയ പക്ഷം സുരേന്ദ്രന്റെയും  ശ്രീദേവിയുടെയും കണ്ണീരും വാക്കുകളും  മുന്‍ വനിതാ വിരുദ്ധ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം കമലത്തെ  പോലെ അവഗണിക്കാതിരിക്കാനുള്ള സന്മനസ്സെങ്കിലും നമുക്ക് കാണിക്കാം.

ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത്, ഇരുന്ന കവയിത്രിയുടെ കണവന്‍ ആയ  ഡോ. വേലായുധല്‍ നായര്‍ എന്ന ആണ്‍പരിഷ 1996 ജൂലൈ 7-13 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്ത്രീ വാണിഭങ്ങളെ  കുറിച്ച് വേറിട്ടൊരു ശബ്ദം കേള്‍പ്പിച്ചു മലയാളി പെണ്ണുങ്ങളെ പേടിപ്പിച്ചത്  മറക്കാറായിട്ടില്ല. പഠിക്കാന്‍  കഴിയാതെ ഒരു ദളിത് വിദ്യാര്‍ത്ഥിനി  ആത്മഹത്യാ മാര്‍ഗ്ഗം  സ്വീകരിച്ചപ്പോള്‍ കച്ചവട വല്‍ക്കരിക്കപ്പെട്ട വിദ്യഭ്യാസത്തിന്റെ  ബലിക്കല്ലില്‍ ജീവന്‍ ഹോമിക്കപ്പെട്ട  ആ പെണ്‍കുട്ടിയുടെ ചാരിത്ര്യ ശുദ്ധിയെക്കുറിച്ച് സ്മാര്‍ത്തവിചാരം നടത്തിയ പുരുഷ രാക്ഷസന്മാരുടെ  നാടാണ് കേരളം.

ഭാഗ്യം, കൊല്ലപ്പെട്ട സൗമ്യക്ക്  അറിഞ്ഞോ അറിയാതെയോ ഒരു പ്രണയം പോലും ഉണ്ടാകാതിരുന്നത് നന്നായി. അല്ലെങ്കില്‍ അതിന്റെ പേരില്‍ പുരുഷാധികാരികളുടെ കന്യകാത്വ വിചാരണക്ക് രജനി. എസ് ആനന്ദിന്റെ ശവം ഇരയാക്കിയത് പോലെ സൗമ്യയുടെ ശവവും കാലന്‍ കഴുകുകള്‍ കൊത്തി പറിച്ചേനെ. ഇത്തരം വലുതും മഹത്തായതും ആയ ഒരു മഹാമനസ്‌കതയും ഔദാര്യവും  കാട്ടിയ മലയാള നാട്ടിലെ ആണാളന്മാര്‍ക്ക് നമോവാകം.

പതിനാറു വര്‍ഷമായി കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ലോക സിനിമകളെ മലയാളത്തില്‍ പരിചയപ്പെടുത്തുക എന്നത് പോലെ തന്നെ വിവിധ മേഖലയിലെ ബുദ്ധി ജീവികളുടെ സംഗമ വേദികൂടിയാണ്. എന്നാല്‍ പതിവിനു വിപരീതമായി ഇത്തവണ സദാചാരത്തിന്റെ പേരില്‍ ഒരു സ്ത്രീയുടെ നേരെ ഉണ്ടായ കൈയേറ്റം കൊണ്ട് “ഗണേശോത്സവം” കൂടുതല്‍ വിവാദമായി. അയ്യപ്പന് പഠിക്കുന്നവര്‍ മുതല്‍ ജോണ്‍ എബ്രഹാം ആകാന്‍ കൊതിച്ച് പലവിധ ഗോഷ്ടികള്‍ കാണിച്ചും പ്രസ്തുത പ്രതിഭകളെ അപമാനിക്കാന്‍ ഇറങ്ങി തിരിച്ചവരും മേളയില്‍ ധാരാളം ഉണ്ട്.

പിതൃമേധാവിത്വം നിറഞ്ഞു കവിയുന്ന കേരള ഭൂമിയില്‍ പെണ്ണുങ്ങള്‍ സിനിമ കാണാന്‍ വരുന്നതില്‍ പരസ്യമായ എതിര്‍പ്പ് ഇത്തവണ വസ്ത്രധാരണത്തിന്റെ പേരില്‍ പ്രകടിപ്പിച്ചത് ഒരു തരത്തില്‍ പറഞ്ഞാല്‍ അതിശയത്തിനു വകയില്ല. എന്നാല്‍ പൊതുവെ സമൂഹത്തിലെ ഉന്നതരും സാംസ്‌കാരിക മേഖലയിലെ “വരേണ്യരും” വിദ്യാസമ്പന്നരുമെല്ലാം വരുന്ന മേളയില്‍ “മോറല്‍ പോലിസിംഗ്” സംഭവം ഞെട്ടല്‍ ഉളവാക്കി. ഡിസംബര്‍ പതിമൂന്നാം തീയതി ഉച്ചയ്ക്ക് കൈരളി തീയേറ്ററിന്റെ പടിക്കെട്ടില്‍ ഇരിക്കുകയായിരുന്ന റീന ഫിലിപ് എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ആണ് വസ്ത്രധാരണത്തിന്റെ പേരില്‍ മനു പാലക് എന്ന ബുദ്ധിജീവിയുടെ വിചാരണയ്ക്ക് ഇരയാകേണ്ടി വന്നത്.

ദല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥിയായിരുന്ന റീന റെഡ് ഫഌഗിന്റെ പ്രവര്‍ത്തക കൂടിയാണ്. അയഞ്ഞ ജീന്‍സും, കാല്‍ മുട്ടോളം വരുന്നതും, കൈത്തണ്ടക്ക് അല്‍പ്പം മുകളിലായി നില്‍ക്കുന്നതുമായ കുര്‍ത്തയും ആയിരുന്നു അവരുടെ വേഷം. പക്ഷെ, “ഇത് ധരിച്ച് അയ്യപ്പന്‍ ഇരിക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ പാടില്ല എന്നും ലിപ്സ്റ്റിക് ഇട്ടിരിക്കുന്നു” എന്നും ആണ് “സദാചാര പോലീസിന്റെ എഫ്.ഐ.ആര്‍”. എന്നാല്‍ റീനയാകട്ടെ വൈകുന്നേരത്തെ ഏഴു മണിയുടെ കണ്ണീര്‍ സീരിയലിലെ നായികയെ പോലെ അച്ചടക്കം ഉള്ള മലയാളി പെണ്‍കുട്ടിയായി നില്‍ക്കാതെ പ്രതികരിക്കാന്‍ ശ്രമിച്ചു. “എന്നാല്‍ നിന്റെ വസ്ത്രങ്ങള്‍ അഴിച്ചെടുക്കും എന്നും കീറുമെന്നും ആക്രോശിച്ചടുത്തപ്പോഴും മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോഴും അല്‍പ്പം മാത്രം അകലെ നിന്നിരുന്ന പോലീസ് ആസ്വാദക വേഷം കെട്ടി നില്‍ക്കുകയായിരുന്നു”.

മാധ്യമ പ്രവര്‍ത്തകര്‍ പിന്നെ “ജനങ്ങള്‍ എല്ലാവരും നന്നായി തന്നെ ആസ്വദിച്ചു. കേരളത്തിന്റെ സംസ്‌കാരം താഴെ വീണുടയുന്നതില്‍ ഖിന്നരായ് കൊടിയത്തൂരും പെരുമ്പാവൂരും കൊലപാതകങ്ങള്‍ വരെ നടത്തിയ കേരളീയര്‍ തിരുവനന്തപുരത്ത് കൈരളി തീയേറ്ററിന്റെ മുന്നിലെ സംഭവത്തില്‍ സ്വന്തം ഭാഗങ്ങള്‍ നന്നായി അഭിനയിച്ചു. കേരളത്തിലെ പെണ്‍വിഭാഗത്തിന്റെ മൊത്തം സംരക്ഷണം ഏറ്റെടുത്ത നായകന്‍ കുറെ പുളിച്ച തെറിയും വിളിച്ചു”. പിന്നെ പതിവ് പോലെ കൂടി നിന്നവരോട് “ഇവള്‍ ആള്‍ ശരിയല്ല” എന്നു മുന്നറിയിപ്പ് നല്‍കി. മഹാന്മാരായ കേരളീയ പുരുഷ കേസരികളെ വലുതും ഭീകരവുമായ ഒരു അപകടത്തില്‍ നിന്ന് രക്ഷിച്ച ചാരിതാര്‍ത്ഥ്യത്തോടു കൂടി മോറല്‍ പോലീസ് വിജയ ശ്രീലാളിതനായ് മടങ്ങി.


അടുത്ത പേജില്‍ തുടരുന്നു

റീനയുടെ ഭര്‍ത്താവും ഞാനും ഉച്ചയ്ക്ക് ശേഷം മറ്റൊരു തീയേറ്ററില്‍ നിന്ന് സിനിമ കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ റീന സംഭവം വിവരിച്ചു. അപ്പോഴേക്കും സദാചാര പോലീസ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ വേട്ടക്കാരനായ മോറല്‍ പോലീസിന്റെ “പൂമുഖത്ത്” റീന ഒരെണ്ണം പൊട്ടിച്ചു. പക്ഷെ അപ്പോഴേക്കും കൂടി നിന്ന “പുരുഷാരത്തിന്” അത് ഒട്ടും രസിച്ചില്ല. കാരണം ഇതാണ് “എന്തോ ആകട്ടെ ഒരു പെണ്ണ് പുരുഷനെ തല്ലാമോ?” അതാണ് ചോദ്യം. ശരിയാണ് വസ്ത്രം അഴിച്ചു മാറ്റാന്‍ ശ്രമിക്കുകയോ കയറി പിടിക്കുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്‌തോട്ടെ പക്ഷെ സ്ത്രീ മിണ്ടരുത്, പ്രതികരിക്കരുത്.

ഏറെ നേരം ആയില്ല നേരത്തെ വന്നു “സമ്മാനം” വാങ്ങിയ ആണധികാരിയുടെ കൂട്ടുകാരന്‍ വന്നു, പെണ്ണിന് ആണിനെ തല്ലാന്‍ പാടില്ല എന്നു പറഞ്ഞു കൊണ്ട് ഭരണിപ്പാട്ട് തുടങ്ങി. വീണ്ടും റീനക്ക് നേരെ നടന്ന കൈയേറ്റ ശ്രമത്തിനിടയില്‍ എനിക്ക് മര്‍ദ്ദനവും ഏറ്റു. പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കാണുന്നത് പോലെ എല്ലാം കഴിഞ്ഞു പോലീസ് വന്നു ഞങ്ങളോട് “നിങ്ങള്‍ പ്രശ്‌നം ഉണ്ടാക്കരുത്” എന്ന് ഉപദേശിച്ചു. അതുവരെ കാഴ്ചക്കാരെ പോലെ നിന്നവര്‍ പെട്ടെന്നു ബാധ കയറിയവരെ പോലെ ഉത്തരവാദിത്വബോധം കയറി.

“ഞങ്ങള്‍ക്ക് പ്രശ്‌നം ഉണ്ട്, ഞങ്ങളെ അപമാനിക്കാനും മര്‍ദ്ദിക്കാനും ശ്രമിച്ചവരെ പിടിക്കാതെ ഞങ്ങള്‍ക്ക് നേരെ മാത്രം എന്തിനു കയര്‍ക്കുന്നു?” റീനയും ഭര്‍ത്താവും ഞാനും ചോദിച്ചു. എന്തായാലും കേസ് കൊടുക്കാന്‍ അപ്പോള്‍ തന്നെ സമീപത്തുള്ള തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പോയി. പരാതി കേട്ട എസ്. ഐ. ഞാന്‍ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു പുറത്തുപോയി.  അല്‍പ്പം കഴിഞ്ഞ് വന്നു റീനയെ നോക്കി പറഞ്ഞു “ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അവരെ അടിച്ചു” എന്നാണ് എന്തായാലും പരാതി തന്നിട്ട് പൊയ്‌ക്കോളൂ. മറുപടി കേട്ട് അന്തം വിട്ട ഞങ്ങള്‍ പറഞ്ഞു “ഒരു സ്ത്രീക്ക് നേരെ ഇത്രയും അതിക്രമം നടന്നിട്ടും അത് ചെയ്തവര്‍ക്കെതിരെ ഒരു നടപടിയും, എടുക്കാതെ അവര്‍ പ്രതികരിച്ചതാണോ തെറ്റ്?” എസ്.ഐ. ഇതികര്‍ത്തവ്യതാ മൂഢനായ് ഇരുന്നു. പരാതിയും കൊടുത്തു ഞങ്ങള്‍ പുറത്തു വന്നു.

ഒരു കാലത്ത് അധസ്ഥിതന്റെ ഏറ്റവും വലിയ ശബ്ദമായ കൗമുദി പില്‍ക്കാലത്ത് ബ്രാഹ്മണിസത്തിന്റെയും കാവിയുടെയും കൂട്ടിക്കൊടുപ്പു- കാരനായപ്പോള്‍ പെണ്‍ വിരുദ്ധതയുടെ ഏറ്റവും വലിയ പ്രതീകം ആയത് ഒട്ടും യാദൃശ്ചികമല്ല

എന്നാല്‍ ഇതിനിടെ പരാതി കൊടുക്കാനായി പോലീസ് സ്‌റ്റേഷനില്‍ നില്‍ക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. എന്റെ ഒരു സുഹൃത്താണ് “റെനി എന്തിനാണ് മദ്യപിച്ചു ബഹളം ഉണ്ടാക്കിയ സ്ത്രീക്ക് വേണ്ടി പോലീസ് സ്‌റ്റേഷനില്‍ പോയത്?” എനിക്ക് മനസ്സിലായി നിമിഷങ്ങള്‍ക്കകം കൈരളിയുടെ പരിസരത്ത് കഥകളുടെ നിര്‍മ്മാണവും പ്രചാരണവും ആരംഭിച്ചു കഴിഞ്ഞിരുന്നു. കാക്കനാട് രാത്രിയില്‍ തസ്‌നി ബാനു എന്തിന് പോയി? മദ്യപിച്ചിരുന്നില്ലേ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഞാന്‍ പെട്ടെന്ന് ഓര്‍ത്തുപോയി. പി.എസ്.സി. ആസ്ഥാനത്ത് അപമാനിക്കപ്പെട്ട ഗീതക്കെതിരെ ഒപ്പമുള്ളവര്‍ തിരിഞ്ഞതും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പി.ഇ. ഉഷയും ഒക്കെ ഒരു നിമിഷം കൊണ്ട് എന്റെ മനസ്സില്‍ മിന്നി മറഞ്ഞു.

“കേരള മോഡല്‍” സദാചാരവും അച്ചടക്കവും ലംഘിച്ചവര്‍ക്ക് സമൂഹം നല്‍കിയ ശിക്ഷകള്‍ ആണല്ലോ ഇതെല്ലാം. മദ്യപിച്ചു ഇത്രയും പ്രശ്‌നങ്ങളും മര്‍ദ്ദനവും അഴിച്ചു വിട്ടവര്‍ക്കെതിരെ ആരും ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല കുടിച്ചിരുന്നത് കൊണ്ട് വെറുതെ വിടാനും ഉപദേശിച്ചു. ഭര്‍ത്താവ് കുടിച്ചു വന്ന് എന്തു തോന്ന്യാസവും ഭാര്യയുടെ നേരെ കാട്ടിയാല്‍ അത് സഹിച്ചു, ക്ഷമിച്ചു, പൊറുത്തു ചോറ് വിളമ്പികൊടുക്കുന്ന പതിവ്രതകളായ ഭാര്യമാരെ സൃഷ്ടിക്കുന്ന കേരളത്തില്‍ നിന്ന് എന്ത് മഹത്തായ നീതിയാണ് പ്രതീക്ഷിക്കേണ്ടത്? ഇതിനോടൊപ്പം തന്നെ സംഭവം അറിഞ്ഞു വന്ന പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ കെ.പി. ശശി അടക്കമുള്ളവര്‍ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആല്‍ബത്തില്‍ ഗാനങ്ങള്‍ എഴുതുന്ന ജോയ് എന്ന ഗാനരചയിതാവ് ആണ് രണ്ടാം വരവ് നടത്തിയ മോറല്‍ പോലീസ്.

പതിനാലാം തീയതി ഒരു പത്രവും ഒരു വെണ്ടയ്ക്കയും നിരത്തിയില്ല. എന്നാല്‍ അന്നേ ദിവസം ഉച്ചക്ക് രണ്ടരക്ക് കൈരളിയുടെ പടിക്കെട്ടില്‍ റീനയുടെയും എന്റെയും സുഹൃത്തുക്കളും സംഭവത്തില്‍ പ്രതിഷേധവും, ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചുകൊണ്ട് ഒരു പരിപാടി സംഘടിപ്പിച്ചു. തസ്‌നി ബാബു, ജിഷ, ഗീഥ, ജോളി ചിറയത്, കെ.പി. ശശി എന്നിവര്‍ നേതൃത്വം നല്‍കി. റീനയും ഞാനും ഞങ്ങള്‍ക്കുണ്ടായ അനുഭവം വിവരിച്ചു. പതിനഞ്ചിന് കേരള കൗമുദി പത്രത്തില്‍ വന്നത് കേരളത്തിന്റെ തനത് പുരുഷാധികാരത്തിന്റെ ഓലിയിടല്‍ തന്നെയാണ്.

ഒരു കാലത്ത് അധസ്ഥിതന്റെ ഏറ്റവും വലിയ ശബ്ദമായ കൗമുദി പില്‍ക്കാലത്ത് ബ്രാഹ്മണിസത്തിന്റെയും കാവിയുടെയും കൂട്ടിക്കൊടുപ്പുകാരനായപ്പോള്‍ പെണ്‍ വിരുദ്ധതയുടെ ഏറ്റവും വലിയ പ്രതീകം ആയത് ഒട്ടും യാദൃശ്ചികമല്ല. “ഫെമിനിസവും കരണത്തടിയും” എന്നാണു വാര്‍ത്തയ്ക്ക് തലക്കെട്ട് നല്‍കിയത്. “ഡെലിഗേറ്റിയുടെ വസ്ത്രധാരണത്തിലെ പോരായ്മ ഇഷ്ടം മൂത്തപ്പോള്‍ ഡെലിഗേറ്റന്‍ പറഞ്ഞു പോയതാണത്രെ കാരണം, ഇഷ്ടമൊക്കെ ശരി, ഫെമിനിസ്റ്റിനോടാണോ കളി! എന്റെ വസ്ത്രധാരണം എന്റെ സ്വാതന്ത്ര്യമാണ്. ഇതില്‍ തൊട്ടുകളിക്കേണ്ടെന്ന് ഡെലിഗേറ്റ് പറഞ്ഞു.” നോക്കൂ കൗമുദിയുടെ മനോഹരമായ സൃഷ്ടി.


അടുത്ത പേജില്‍ തുടരുന്നു

പക്ഷെ “ഫക്ക്” എന്ന പദം അന്തരാഷ്ട്രാ ചലചിത്രോത്സവത്തിന് കറുത്ത പാടായി. ഹോ, കഷ്ടം തന്നെ!

“ഡെലിഗേറ്റി” എന്ന പദപ്രയോഗത്തിലൂടെ എത്ര കൃത്യമായ പെണ്‍വിരുദ്ധതയാണ് പുറത്തു വന്നത്. “ഇഷ്ടം” എന്ന ഇല്ലാക്കഥ പാടി ലേഖകന്‍ തന്റെ ഭൂതക്കണ്ണാടിയിലൂടെ പല ഭീകരസത്യങ്ങളും കണ്ടെത്തിയതായി പറയാതെ പറഞ്ഞു വയ്ക്കുന്നു. ഒടുവില്‍ കാഴ്ചക്കാരും ആസ്വാദകരും ആയി നിന്ന പോലീസ് ജനക്കൂട്ടത്തിനും ലേഖകന്‍ “ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.” അവരാണത്രേ സമാധാനിപ്പിച്ചു വിട്ടത്.

കേരളത്തിലെ കാശ്മീര്‍ തീവ്രവാദികളെയും, പാക്കിസ്ഥാന്‍ കേന്ദ്രങ്ങളെയും പിന്നെ ദളിത് തീവ്രവാദം എന്നിവയെ കുറിച്ചും നീണ്ടകഥ കാച്ചിവിടുന്ന കൗമുദിയുടെ വിവരണം ഇത്രയില്‍ ഒതുങ്ങിയത് നന്നായി അല്ലെങ്കില്‍ ഐ.എഫ്.എഫ്.കെ യുടെ നേരെ തീവ്രവാദി ആക്രമണം ഉണ്ടായി എന്ന് വെണ്ടയ്ക്ക നിരത്തിയേനെ. ഷെറിയുടെ “ആദിമധ്യാന്തം” എന്ന സിനിമയുമായി പോലും സംഭവത്തെ കൗമുദിയുടെ സഹോദരന്‍ “ഫഌഷ്” കൂട്ടിക്കെട്ടി എന്നത് മറ്റൊരു വലിയ തമാശ. “മാതൃഭൂമി” ഫിലിം ഫെസ്റ്റിഫല്‍ തുടങ്ങിയത് മുതല്‍ ലോക്കല്‍ പേജില്‍ “ബെര്‍ഗ്മാന്‍” (യഥാര്‍ത്ഥ ബെര്‍ഗ്മാന്‍ പൊറുക്കട്ടെ) എന്നൊരു പംക്തി ആരംഭിച്ചിരുന്നു. പതിനഞ്ചാം തീയതി ബെര്‍ഗ്മാന്‍ തന്റെ “മാലിന്യ”ത്തിനു നല്‍കിയ തലക്കെട്ട് “വാള്‍ സ്ട്രീറ്റ് കണ്‍മണികള്‍” എന്നാണ്. സര്‍വ്വതും നശിച്ച അമേരിക്കന്‍ ജനതയുടെ സമരത്തോടുള്ള ലേഖകന്റെ സമീപനം തല്‍ക്കാലം ഇവിടെ ചര്‍ച്ച വിഷയമല്ല.

ഇനി ലേഖകന്റെ കണ്ടെത്തലുകളിലേക്ക് “വസ്ത്രധാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സദാചാര പോലീസ് നടിച്ച് പെണ്‍പുലികളെ ഭരിക്കാന്‍ വരുന്നവര്‍ക്കെതിരെയാണ് വാള്‍സ്ട്രീറ്റ് മോഡല്‍ പ്രതിഷേധം. ….ഞങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യും. ഇഷ്മുള്ളിടത്ത് ഇരിക്കും. അതു ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാ? എന്നൊക്കെ പെണ്ണെഴുത്തുകള്‍. ഇടയ്ക്ക് “ഫ”യില്‍ തുടങ്ങുന്ന ഇംഗ്ലീഷ് ആട്ട്…! വരും ദിവസങ്ങളില്‍ സമരം കടുക്കുമെന്നും പട്ടു പാവാടയും ഹാഫ് സാരിയുമൊക്കെ ഉടുത്ത് ചേച്ചിമാര്‍ കൈരളി പടിക്കെട്ടില്‍ തിരുവാതിര കളിക്കുമെന്നും പ്രതീക്ഷിക്കാം.

വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ച സാമൂഹ്യ വിരുദ്ധന് എതിരെ ഒരു സ്ത്രീ പ്രതികരിച്ചപ്പോള്‍ മാതൃഭൂമി പരിഹാസപൂര്‍വ്വം പെണ്‍പുലിയാക്കി. പക്ഷെ, എലിയെ പോലെ പതുങ്ങി നിന്ന്  സഹിച്ചെങ്കില്‍ ലേഖകന് ഒരു പൈങ്കിളി എഴുത്തിന് സാധ്യത ഉണ്ടായിരുന്നു. പിന്നെ വച്ച് അലക്കാമല്ലോ സ്ത്രീയുടെ സുരക്ഷിതത്വം, മാനത്തിന്റെ വില കണ്ണീരിന്റെ വില എന്നൊക്കെ.  പക്ഷെ, അനന്തമായ സാധ്യതകളെ എല്ലാം ഇവിടെ ഒരു പെണ്ണായി പിറന്നവള്‍ ഒറ്റടിയിലൂടെ തകര്‍ത്തു തരിപ്പണമാക്കി. സത്യത്തില്‍ ഈ ചെകിട്ടത്തടി കപട സദാചാര കേരളത്തിന്റെ ആണ്‍കോയ്മയ്ക്ക് നേരെ മാത്രം അല്ല മാധ്യമങ്ങള്‍ പുലര്‍ത്തുന്ന പെണ്‍വിരുദ്ധതക്കുള്ള ഒരു താക്കീതു കൂടിയാണ്.

ഭരണകൂട ഭീകരതയ്ക്ക് എതിരായി മുസ്ലിം ന്യൂനപക്ഷം പ്രതികരിച്ചാല്‍ അതു തീവ്രവാദവും പ്രതികരിക്കുന്നവര്‍ ‘ലഷ്‌കറെ തൊയ്ബ’ ആക്കുന്ന നാടാണല്ലോ ഇത്

“ഹേ റേപ്പിസ്റ്റ് ഗോ ഫക്ക് യുവര്‍സെല്‍വ്‌സ്.” പ്രസ്തുത പോസ്റ്റര്‍! ആണ് “മാതൃഭൂമി” കേരളത്തിന് സംഭാവന ചെയ്ത മഹത്തായ സദാചാര ബോധത്തെ തകര്‍ത്ത മറ്റൊരു സംഗതി. ഉടുതുണി കീറാന്‍ വന്നവനെ പിന്നെ എന്താണ് സംബോധന ചെയ്യേണ്ടത്? പരസ്യമായി പോലീസിന്റെയും പൊതുജനത്തിന്റെയും മുന്‍പില്‍ ഒരു പെണ്ണിനെ തെറിയഭിഷേകം നടത്തിയപ്പോള്‍ ലേഖകനും സമൂഹത്തിന്റെ ഭാഗമായി നിന്ന് രംഗം ആസ്വദിച്ചു ചിരിച്ചു.

പക്ഷെ “ഫക്ക്” എന്ന പദം അന്തരാഷ്ട്രാ ചലചിത്രോത്സവത്തിന് കറുത്ത പാടായി. ഹോ, കഷ്ടം തന്നെ! പിന്നെ നല്ല ഭര്‍ത്താവിനെ കിട്ടാനുള്ളവരും കിട്ടിയവരും ആയ സവര്‍ണ സ്ത്രീകള്‍ ആളുകള്‍ക്ക് നേരെ ചന്തി തിരിഞ്ഞു കാലു അകത്തി വെച്ച് തിരുവാതിര കളിക്കുന്ന രീതി എന്തായാലും ഒരു സമരമുറയേ അല്ല മറിച്ചു സവര്‍ണ ബ്രാഹ്മണ സദാചാരത്തിന്റെ സംഭാവനയായ, സ്ത്രീയുടെ അടിമത്വം വിളമ്പുന്ന ഒരു വികൃതരൂപം മാത്രമാണ്. പട്ടു പാവാട ഹാഫ് സാരി ഇതെല്ലാം വലിച്ചെറിഞ്ഞു പെണ്ണ് അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാല്‍ ഇടിഞ്ഞു വീഴുന്ന സദാചാരമാണ് ഇവിടെ നിലനില്‍ക്കുന്നതെങ്കില്‍ അതങ്ങു നശിച്ചു പോകുന്നതാണ് നല്ലത്.

പതിനാറിന് “ബെര്‍ഗ്മാന്‍” വീണ്ടു ചര്‍ദ്ദിച്ചു. “നഴ്‌സറി തൊയ്ബ” എന്നാണ് തലക്കെട്ട്. നേരത്തെ സൂചിപ്പിച്ച ബ്രാഹ്മണ സദാചാരം ഇത്തവണ കൂട്ടികെട്ടിയത് ഒരു ന്യൂനപക്ഷ വിരുദ്ധതയില്‍ ആണ്. ഭരണകൂട ഭീകരതയ്ക്ക് എതിരായി മുസ്ലിം ന്യൂനപക്ഷം പ്രതികരിച്ചാല്‍ അതു തീവ്രവാദവും പ്രതികരിക്കുന്നവര്‍ “ലഷ്‌കറെ തൊയ്ബ” ആക്കുന്ന നാടാണല്ലോ ഇത്. എന്നാല്‍ പേടിക്കെണ്ടതില്ലാത്ത പാവങ്ങള്‍ എന്നാണ് ബെര്‍ഗ്മാന്‍ പക്ഷം അതുകൊണ്ടാണ് “നഴ്‌സറി തൊയ്ബാ” ആക്കിയത്.


അടുത്ത പേജില്‍ തുടരുന്നു

ആണൊരുത്തനു ചെകിട് പൊളിഞ്ഞപ്പോള്‍ ബെര്‍ഗ്മാന്‍ സായുധ തീവ്രവാദത്തെ കൂട്ട് പിടിച്ചു. ഇക്കണക്കിനു നല്ല തല്ലു കിട്ടിയെങ്കില്‍ എന്ത് ആകുമായിരുന്നു എന്റെ ബെര്‍ഗ്മാനെ? മത്സ്യഗന്ധിയും, എഡിറ്റിംഗ് രംഗത്തെ അത്ഭുതവുമൊക്കെ ആയ സ്ത്രീ സാന്നിധ്യങ്ങള്‍ അക്കാദമിയുടെ തലപ്പത്ത് ഉണ്ടായിരുന്നിട്ടും ബെര്‍ഗ്മാന്‍ എന്ന സ്ത്രീ വിരുദ്ധന് ഏറ്റവും നല്ല റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് സ്വന്തമാക്കി.  പതിനഞ്ചിന്റെ മനോരമ മെട്രോ “അപമാനിച്ചു; വനിതാ പ്രതിനിധി ചെകിട്ടിനൊന്നു പൊട്ടിച്ചു”. വലിയ പ്രശ്‌നമില്ലാത്ത തലക്കെട്ട്. പക്ഷെ, “സ്ലീവ് ലെസ് ധരിച്ച വനിത ഡലിഗേറ്റ്” എന്ന് കൂടി ചേര്‍ത്ത് ആണ് വാര്‍ത്ത എഴുതിയത്. റീനയുടെ വസ്ത്രത്തെക്കുറിച്ച് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

ഇനി സ്ലീവ് ലെസ് ഇട്ടു എന്നു തന്നെ ഇരിക്കട്ടെ ഏത് സംസ്‌ക്കാരത്തിനും എന്ത് സദാചാരത്തിനും ആണ് കോട്ടം സംഭവിക്കുന്നത്? പെണ്ണിന്റെ കൈകണ്ടാല്‍ എല്ലാം തകര്‍ന്ന് വീഴും എന്നാണോ മലയാളി പുരുഷന്റെ വേവലാതി? പതിമൂന്നാം തീയതിയിലെ പ്രതിഷേധ പരിപാടി കണ്ടു നിന്നവര്‍ ഞങ്ങള്‍ക്ക് ചില “തിരുത്തലുകള്‍” നല്‍കി. മുദ്രാവാക്യങ്ങള്‍, പ്രസംഗം എന്നിവയില്‍ “ആണ് കോയ്മ പന്നികള്‍” എന്ന പദം ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഒപ്പം, “ഹേ റേപ്പിസ്റ്റ് ഗോ ഫക്ക് യുവര്‍സെല്‍വ്‌സ്” എന്ന പോസ്റ്റററും വേണ്ടായിരുന്നു. പക്ഷെ ഇപ്പറഞ്ഞ തിരുത്തല്‍വാദികള്‍ ആരും അതിക്രമത്തിനു ഇരയായ സ്ത്രീക്ക് എന്ത് നീതി നടപ്പാക്കാം എന്ന് മാത്രം പറഞ്ഞില്ല. പോസ്റ്റര്‍, മുദ്രാവാക്യങ്ങള്‍ എന്നിവ കേരളീയ സംസ്‌ക്കാരത്തിന് ഹാനികരമാകുമെന്നതാണ് ഇക്കൂട്ടരുടെ വേദന.

നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ അവരെല്ലാം “നാട്ടുനടപ്പ് അനുസരിക്കാത്ത തന്റേടികളോ, കുഴപ്പം പിടിച്ച ഫെമിനിസ്റ്റുകളോ ആയി മുദ്രകുത്തപ്പെട്ടു

ഈജിപ്തിലെ “മുല്ലപ്പൂ വിപ്ലവം” ഫേസ്ബുക്ക് സൃഷ്ടിയാണെന്ന് വിശ്വസിക്കുന്ന കുറെ വിഢികള്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ട്. സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ ഫേസ്ബുക്ക് ഒരു മാധ്യമം ആയി ഉപയോഗിച്ചിരുന്നു എങ്കിലും പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവരെ പോലീസ് വേട്ടയാടുന്നത് ശക്തമാക്കിയപ്പോള്‍ സമരക്കാര്‍ തന്ത്രം മാറ്റിയിരുന്നു. കൂട്ടത്തില്‍ ഒരു കാര്യം കൂടി കാശ്മീരില്‍ ഇന്ത്യന്‍ സേനയുടെ അതിക്രമങ്ങളെക്കുറിച്ച് പോസ്റ്റ് ഇടുന്നവരെ വേട്ടയാടുന്ന സംഭവം സാധാരണമാണ്.

ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ മാത്രമല്ല മുല്ലപ്പെരിയാറിനു വേണ്ടി “ഫേസ്ബുക്ക് കൂട്ടായ്മ” കൈരളിക്ക് മുന്നിലും കൈകോര്‍ത്തു നിന്നു. പ്രത്യേകിച്ച് രാഷ്ട്രീയം ഒന്നുമില്ലാത്ത അഥവാ വേണ്ടാത്ത ഇത്തരം വര്‍ഗ്ഗങ്ങളുടെ ചില രൂപങ്ങള്‍ ഫേസ്ബുക്കിലൂടെ റീന ഫിലിപ്പിന്റെ സംഭവം ആഘോഷിച്ചു. “ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു ശബ്ദിച്ചു” എന്നൊക്കെ.

പക്ഷെ തെരുവില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കുന്നത് പതിവ് പോലെ മധ്യ, ഉപരിവര്‍ഗ്ഗ സവര്‍ണര്‍ക്ക് യോജിച്ചതല്ലല്ലോ പ്രത്യേകിച്ചും സ്ത്രീയുടെ കാര്യം ആകുമ്പോള്‍. ഫേസ്ബുക്കില്‍ കളിച്ചു കീ ബോര്‍ഡില്‍ തട്ടി ഗര്‍ജ്ജിക്കുന്നതല്ല ആക്ടിവിസം എന്നത് മനസ്സിലാക്കാത്ത “ഫേസ്ബുക്ക് രോഗികള്‍” ഐക്യദാര്‍ഠ്യവ്യം പേപ്പറില്‍ എഴുതി അത് സ്‌കാന്‍ ചെയ്തു ഇട്ടു ലൈക്കും കമന്റും ഇട്ടു പൈങ്കിളി കളികള്‍ നടത്തിയവരും ഉണ്ടായിരുന്നു.

സാക്ഷര (?) കേരളത്തിലെ സംഘടിത രാഷ്ട്രീയം പെണ്‍പ്രശ്‌നങ്ങളില്‍ എടുത്ത നിലപാട് സൗമ്യയുടെ പേരില്‍ നടന്ന ആഘോഷ വേളയിലും റീനക്ക് നേരെ നടന്ന ആക്രമണ വേളയിലും ഓര്‍ക്കുന്നത് നന്നായിരിക്കും അപ്പോഴാണ് മലയാളി സമൂഹത്തിന്റെ ഇരട്ടത്താപ്പ് മനസ്സിലാകുന്നത്. ചെങ്ങറ സമര ഭൂമിയില്‍ മാനഭംഗത്തിനിരയായ ദളിത് സ്ത്രീകള്‍, ബസ്സില്‍ അപമാനിക്കപ്പെട്ട കോഴിക്കോട് സര്‍വ്വകലാശാലയിലെ ജീവനക്കാരി പി.ഇ. ഉഷ, പി.എസ്. സി ആസ്ഥാനത്തെ ഗീത, കേരള സര്‍വ്വകലാശാലയിലെ ഡോ. തങ്കമണി, 20 വര്‍ഷത്തിലധികമായി ഉപരോധത്തെയും വധശ്രമത്തെയും നേരിട്ട് ജീവിക്കുന്ന വിനീത കോട്ടായി, വര്‍ക്കലയില്‍ കാവിചുവപ്പന്‍ സംയുക്ത ആക്രമണത്തില്‍ അപമാനിതരായ ദളിത്  സ്ത്രീകള്‍, ചേളാരി സ്‌കൂളിലെ തങ്കമണി ടീച്ചര്‍, എം.ജി. യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍  സയന്‍സ് വിഭാഗത്തിലെ അധ്യാപിക, സി.ഡി.എസ്സില്‍ ഉണ്ടായിരുന്ന  ദളിത് വിദ്യാര്‍ത്ഥിനി ഇപ്പറഞ്ഞവരെല്ലാം നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ അവരെല്ലാം “നാട്ടുനടപ്പ് അനുസരിക്കാത്ത തന്റേടികളോ, കുഴപ്പം പിടിച്ച ഫെമിനിസ്റ്റുകളോ ആയി മുദ്രകുത്തപ്പെട്ടു.


അടുത്ത പേജില്‍ തുടരുന്നു

” നളിനി ജമീലയുടെ പുസ്തകം പതിപ്പുകളില്‍ നിന്നും പതിപ്പുകളിലേക്കും ഭാഷകളില്‍ നിന്ന് ഭാഷകളിലേക്കും യാത്ര ചെയ്യുമ്പോള്‍; “ലൈംഗിക തൊഴിലാളിയുടെ ആത്മകഥ” മലയാളിയുടെ സദാചാര “ശിരസ്സില്‍ കൊടുത്ത കൊട്ടും ചെവിക്കുകൊടുത്ത കിഴുക്കും” ആണെന്ന് അഹങ്കരിക്കുന്നവരുടെ നാട്ടില്‍ ആണ് ഇത്തരം പേക്കൂത്തുകള്‍ അരങ്ങേറുന്നത്.

“സവര്‍ണ കേരളത്തില്‍” വരുന്ന പാണ്ടികള്‍ എല്ലാം ആക്രി പെറുക്കാനും, മോഷ്ടിക്കാനും വരുന്ന പരിഷകള്‍. ഇവറ്റകള്‍ക്ക് പാര്‍ട്ടിയോ മതമോ അടിസ്ഥാനമാക്കി ഒരു സംഘടനയും ഇല്ല. തല്ലിയാലും കൊന്നാലും “തമിഴ് ദേശീയത” പറയുന്ന നെടുമാരനോ, വൈക്കോയോ, കൊളത്തൂര്‍ മണിയോ ഇവിടെ വന്നു തുപ്പാക്കി എടുത്തു ആരെയും ചുട്ടു തള്ളില്ല. അതുകൊണ്ടു തന്നെ മലയാളികളുടെ ഇരകളായ് ഇനിയും ഗോവിന്ദചാമിമാരെ ആവശ്യം ഉണ്ട്; എങ്കില്‍ മാത്രമേ കേരള മന്ത്രിസഭയിലടക്കമുള്ള ഗോവിന്ദചാമിമാരെ മറക്കാന്‍ നമുക്ക് “ചങ്കൂറ്റം” ഉണ്ടാകുകയുള്ളൂ.

പ്രണയിക്കുന്നവരെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു സദാചാരം പ്രചരിപ്പിക്കുക, ഇണകളുടെ കിടപ്പറകളില്‍ ഒളിഞ്ഞു നോക്കുക, പെണ്ണുങ്ങളുടെ കുളിപ്പുരകള്‍ മുതല്‍ തുണിക്കടയിലെ ട്രയല്‍ റൂമില്‍ വരെ മൊബൈല്‍ ഫോണ്‍ ക്യാമറ വയ്ക്കുക, സ്വന്തം മകളെ വച്ച് വാണിഭം നടത്തുക, മൂന്നാം ലിംഗ വിഭാഗത്തില്‍പെട്ടവരെ നാട് കടത്തുക ഇതെല്ലാം ഭംഗിയായി നിര്‍വ്വഹിച്ച ശേഷം ഗോവിന്ദചാമിക്ക് എതിരെ വാദിച്ച അഭിഭാഷകന്റെ അണ്ണാക്കില്‍ ലഡു കുത്തി കയറ്റുക, കഴുത്തില്‍ മാലയിടുക, കൈയില്‍ പൂച്ചെണ്ട് കൊടുക്കുക, കോടതി പരിസരത്ത് പടക്കം പൊട്ടിക്കുക, കാവിത്രിവര്‍ണ്ണ ചെങ്കൊടികള്‍ ഏന്തി ആഹ്ലാദ പ്രകടനം നടത്തുക. ബലേ ഭേഷ്!!!!!! മുകളില്‍ സൂചിപ്പിച്ച ഇരകളുടെയും മട്ടാഞ്ചേരി, കോതമംഗലം, വൈലത്തൂര്‍ സ്ത്രീ വാണിഭ ഇരകളുടേയും തലയില്‍ ചവിട്ടി നിന്നുകൊണ്ട് ഏതു പകലും രാത്രിയും പെണ്ണിനെ കണ്ടാലുടനെ പൊട്ടിയൊഴുകുന്ന ബീജസംഭരണികള്‍ക്ക് ഉടമസ്ഥന്മാരായ മലയാളി ആണ്‍കോയ്മ പന്നികളുടെ പൊറാട്ട് നാടകം തുടരട്ടെ, ഇതൊക്കെ കാണാന്‍ നമ്മുടെ ജീവിതം ഇനിയും ബാക്കി.

വാല്‍ക്കഷ്ണം: കൈയും കാലും കഴുത്തും ബന്ധിച്ച നിലയില്‍ പശുവിനെ ലൈംഗിക അതിക്രമത്തിനു ഇരയാക്കി കൊന്ന ചെറുപുഴ സ്വദേശി ഓട്ടമല വിജയകുമാറിനെ പെരിങ്ങോം പോലീസ് അറസ്റ്റു ചെയ്തു. മുന്‍പ് പതിമൂന്നുകാരിയെ മാനഭംഗം ചെയ്തു കൊന്ന കേസിലെ പ്രതിയാണ് ഇദ്ദേഹം. (2011 നവംബര്‍ 11, വെള്ളി. തേജസ്സ് ദിനപത്രം.)

കടപ്പാട്:   പെണ്‍വാണിഭങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഡോ. പി ഗീതയുടെ  “അന്യായങ്ങള്‍- അരാഷ്ട്രീയ കേരളത്തെ രൂപപ്പെടുത്തിയ സ്ത്രീ പീഡന കേസുകളെക്കുറിച്ച് ഒരു സമഗ്രാന്വേഷണം” എന്ന പുസ്തകത്തിന്‌
നന്ദി: “മന്ത്രി സഭയിലെ ഗോവിന്ദ ചാമി” എന്ന പ്രയോഗത്തിന് സിവിക് ചന്ദ്രനോടും, “പൊട്ടിയൊഴുകുന്ന ബീജസംഭരണി” എന്ന പ്രയോഗത്തിന് കഥാകാരി ഗ്രേസിയോടും.

കടപ്പാട്: പടയാളി സമയം മാസിക