Nun abuse case
കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 15, 03:26 pm
Saturday, 15th September 2018, 8:56 pm

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

പീഡന കേസുകളില്‍ ഇരയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ കന്യാസ്ത്രീയെ അപമാനിച്ചവര്‍ക്കെതിരെ നിയമ സംവിധാനങ്ങള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.

കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയ സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സഭയ്‌ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു.


പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയുംവിധം ഫോട്ടോ നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ലെന്ന അറിയിപ്പോടെയാണു കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയത്.

സംഭവത്തില്‍ കന്യാസ്ത്രീയുടെ സഹോദരന്‍ വൈക്കം ഡി.വൈ.എസ്.പിക്കു പരാതി നല്‍കിയിരുന്നു. അതേസമയം, ബിഷപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ വിഷയത്തില്‍ പ്രതികരിക്കുകയുള്ളൂ എന്ന് അഖിലേന്താ കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു.

ബിഷപ്പിനുമേല്‍ നടപടിക്ക് സി.ബി.സി.ഐയ്ക്ക് അധികാരമില്ല. അന്വേഷണം തീര്‍ന്നശേഷം സഭ തീരുമാനമെടുക്കും. ബിഷപ് സ്ഥാനമൊഴിയണമെന്ന നിലപാട് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റേതല്ല. മുംബൈ അതിരൂപത വക്താവിന്റെ നിലപാട് വ്യക്തിപരമെന്നും സി.ബി.സി.ഐ വ്യക്തമാക്കി.