ന്യൂദല്‍ഹി: പോണ്‍സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അഭിഭാഷക സംഘടന സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോര്‍ട്ട് വുമണ്‍ ലോയേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പോണ്‍സൈറ്റുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പോണോഗ്രഫി യുവതലമുറകളുടെ മനസിനെ കളങ്കപ്പെടുത്തുമെന്നും ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്.
“രാജ്യത്ത് പോണഓഗ്രഫി സ്ഥിരമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ യുവതലമുറയുടെ മനസിനെ പോണോഗ്രഫി കളങ്കപ്പെടുത്തും. ഇങ്ങനെയുള്ളവരാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ക്കു കാരണം. ഇന്ന് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം രാജ്യത്ത് ഉയര്‍ന്ന നിരക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.” പരാതിയില്‍ പറയുന്നു.
പോണ്‍ സൈറ്റുകളുടെ നിരോധനം വിവാദമായതോടെ 857 സൈറ്റുകളുടെ നിരോധനം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. ആഗസ്റ്റ് 4നാണ് നിരോധനം പിന്‍വലിച്ചത്.
പോണ്‍സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കമലേഷ് വാസ്വാനി നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ തങ്ങളെയും കക്ഷിചേര്‍ക്കണമെന്നും വനിതാ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചത്. സര്‍ക്കാരിന് സദാചാര പോലീസ് ആകാന്‍ കഴിയില്ലെന്നും പോണോഗ്രാഫി സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നുമായിരുന്നു നിരോധനം നീക്കിയ ശേഷം കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.