കോഴിക്കോട്: തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് സ്ത്രീകളാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. മാതൃഭൂമി പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയുടെ ഇരുപതാം പതിപ്പ് ബൗണ്ട് എഡിഷന്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെകുറിച്ച് പലയിടത്തും മോശമായി സംസാരിക്കാനും സ്ത്രീകള്‍ ഉപദ്രവിച്ചെന്ന് പറയാനും കാരണം തനിക്ക് ജിവിതത്തില്‍ ഒരുപാട് സ്ത്രീകളില്‍ നിന്ന് മോശം അനുഭവം ഉണ്ടായതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ ചെറുപ്പത്തില്‍ വീട്ടിലുള്ള സ്ത്രീകള്‍ നന്നായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഏതു സ്ത്രീയെ കാണുമ്പോഴും അമ്മയെയും അമ്മൂമ്മയെയുമെല്ലാം ഓര്‍മ വരുമെന്നും ചുള്ളിക്കാട് പറയുന്നു.
‘എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് എന്റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാന്‍ എഴുതിയത്,’ അദ്ദഹം പറഞ്ഞു.
ആ അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പക്ഷെ തന്റെ അനുഭവം അതാണ്. തനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കാരണം അവര്‍ ഏതറ്റംവരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ട് കുട്ടികാലത്ത്,’ ചുള്ളിക്കാട് പറഞ്ഞു.
എന്റെ അനുഭവം മാറാത്തിടത്തോളം കാലം എന്റെ ഉള്ളില്‍ ആ കിടിലം ഉണ്ടായിരിക്കും. ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്റെ അമ്മയേയും അമ്മുമ്മയേയും ഓര്‍മ വരും. നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാല്‍ കൊല്ലാനുള്ള ആഗ്രഹം എന്നാണര്‍ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”അതെന്റെ അനുഭവമാണ്. ഞാനത് പറയും. കാരണം എനിക്കെന്റെ അമ്മയേയും സ്ത്രീകളെയും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല. നന്മയിലും തിന്മയിലും സ്ത്രീ- പുരുഷഭേദമില്ല,’ ചുള്ളിക്കാട് പറഞ്ഞു.
സീരിയലുകളില്‍ പലപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നോവലുകളില്‍ വയലന്‍സ് കൈകാര്യം ചെയ്യുന്നത്ര സീരിയലുകളില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു സീരിയലിലും പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ള നായകനില്ല. ഒരു സീരിയലിലും ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ വലിച്ചെറിയുന്ന ഭര്‍ത്താവില്ല. ഒരു സീരിയലിലും മനുഷ്യനും മൃഗവുമല്ലാത്ത ആളില്ല. കഥകളിയില്‍ കാണിക്കുന്നതുപോലെ മടിയില്‍ കിടത്തി മാറ് പിളര്‍ന്ന് ചോരക്കുടിക്കുന്ന വയലന്‍സില്ല.
രജസ്വലയായ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുവന്ന് തുണി അഴിക്കുന്ന പരിപാടി ഒരു സീരിയലിലും കാണിക്കാറില്ല. വസ്ത്രാക്ഷേപം അടക്കം കഥകളി രംഗത്ത് കാണിക്കുന്ന വയലന്‍സിന്റെ ഏഴയലത്ത് സീരിയലിലെ വയലന്‍സ് വരില്ല,’ അദ്ദേഹം പറഞ്ഞു.