ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി എല്ലാ ക്ഷേത്രങ്ങളിലും പൂജാരിമാരായി നിയമിക്കുമെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു പറഞ്ഞു.
‘സ്ത്രീകള്‍ പുരോഹിതരായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കും, അവരെ പുരോഹിതന്മാരായി നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തമിഴ്‌നാട്ടില്‍ എല്ലാ ജാതിയിലുമുള്ള വ്യക്തികളെയും ക്ഷേത്ര പുരോഹിതരായി കൊണ്ടുവരാനുള്ള പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളില്‍ തമിഴ് ഭാഷയില്‍ അര്‍ച്ചന അര്‍പ്പിക്കാനുള്ള സൗകര്യം വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 47 പ്രധാന ക്ഷേത്രങ്ങളില്‍ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൂജാരിമാര്‍ക്ക് തമിഴ് അര്‍ച്ചനയ്ക്കുള്ള പരിശീലനം നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്കും അതിന്റെ ഭരണത്തിനും വേണ്ടി നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ പദ്ധതികള്‍ മൂന്ന് ഘട്ടങ്ങളായി നടപ്പാക്കും, ഉടനടി നടപ്പാക്കേണ്ട പദ്ധതികള്‍, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളില്‍ നടപ്പിലാക്കേണ്ടവ എന്നിവയാണിത്. ഈ പദ്ധതികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉചിതമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും മന്ത്രി ശേഖര്‍ ബാബു പറഞ്ഞു.