ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കുന്നു; പ്രതികരിക്കാത്തത് ആസ്വദിക്കുന്നതുകൊണ്ടോ അംഗീകരിക്കുന്നതുകൊണ്ടോ അല്ല: ഹണി റോസ്
Film News
ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കുന്നു; പ്രതികരിക്കാത്തത് ആസ്വദിക്കുന്നതുകൊണ്ടോ അംഗീകരിക്കുന്നതുകൊണ്ടോ അല്ല: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 12:18 pm

തന്നെ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്ന വ്യക്തിക്കെതിരെ സമൂഹമാധ്യമത്തിലൂടെ തുറന്ന മുന്നറിയിപ്പ് നല്‍കി നടി ഹണി റോസ്. ഒരു വ്യക്തി ചടങ്ങുകള്‍ക്ക് തന്നെ ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു എന്ന് ഹണി റോസ് പറയുന്നു.

ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല എന്നും ഹണി റോസ് വ്യക്തമാക്കി. ആ വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി തന്റെ പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും താന്‍ പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നുണ്ടെന്നും ഹണി റോസ് പറയുന്നു.

പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ എന്നും ഹണി റോസ് ചോദിക്കുന്നു. ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നറിയാന്‍ കഴിഞ്ഞെന്നും ഹണി റോസ് വ്യക്തമാക്കി.

വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും താന്‍ അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ അതിന് തനിക്ക് പ്രതികരണശേഷി ഇല്ല എന്ന് അര്‍ത്ഥമില്ലെന്നും അവര്‍ കുറിച്ചു.

Content Highlight: Honey Rose warns the person who tries to insult her through double meaning and mock her on social media