ന്യൂദല്‍ഹി: സുപ്രീംകോടതിക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിനിയായ 24കാരിയാണ് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച മരിച്ചത്. മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി യു.പിയിലേക്ക് കൊണ്ടുപോകും.
ബി.എസ്.പി എം.പി അതുല്‍ റായ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്ന യുവതി ഇക്കഴിഞ്ഞ ആഗസ്റ്റ് 16ന് സുപ്രീംകോടതിക്ക് മുന്നില്‍ വെച്ച് തന്റെ സുഹൃത്തിനൊപ്പം സ്വയം തീകൊളുത്തുകയായിരുന്നു. ദല്‍ഹി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന സുഹൃത്ത് ശനിയാഴ്ച മരിച്ചിരുന്നു. യുവതിക്ക് 85% വും സുഹൃത്തിന് 65% വും പൊള്ളലേറ്റിരുന്നു.
2019 ലായിരുന്നു യുവതി അതുല്‍ റായ്ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. 2018 മാര്‍ച്ചില്‍ എം.പി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.
സംഭവത്തില്‍ 2019 മേയ് 1ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ നീതി ലഭിച്ചിരുന്നില്ലെന്നും ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഒരുപാട് അക്രമങ്ങള്‍ നേരിട്ടിരുന്നുവെന്നും കുടുംബം പ്രതികരിച്ചു.
ഗാസിപൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവതി സുഹൃത്തിനൊപ്പം ആഗസ്റ്റ് 16ന് ദല്‍ഹിയിലെത്തുകയായിരുന്നു. സുപ്രീംകോടതിക്ക് മുന്നില്‍ വെച്ച് തീകൊളുത്തുന്നതിന് മുന്‍പ് ഇവര്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോയും റെക്കോര്‍ഡ് ചെയ്യുകയുണ്ടായി.
മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ജഡ്ജിയും, എം.പി അതുല്‍ റായിയുടെ സംഘത്തില്‍ അംഗങ്ങളാണെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു.
ബി.എസ്.പി എം.പി അതുല്‍ റായ് തന്നെ ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ട യുവതി പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ലെന്നും പറഞ്ഞിരുന്നു. എം.പിയെ പൊലീസ് സഹായിക്കുന്നു എന്നും യുവതി ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് വീഡിയോയും സുഹൃത്തിന്റെ സമൂഹമാധ്യമ പ്രൊഫൈലും ആധാരമാക്കി ദല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായാണ് എം.പിയെ പരിചയപ്പെട്ടതെന്നും, അതിന്റെ ഭാഗമായി സാമ്പത്തിക സഹായം ചോദിച്ചിരുന്നെന്നും യുവതി മുന്‍പ് പറഞ്ഞിരുന്നു. 2018 മാര്‍ച്ച് 7ന് എം.പി വാരണസിയിലുള്ള തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് യുവതിയെ ക്ഷണിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. പീഡനരംഗം ചിത്രീകരിച്ച് അതുവെച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.
2019 ജൂണില്‍ കോടതിയില്‍ ഹാജരായ അതുല്‍ റായിയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ജയിലില്‍ തുടര്‍ന്ന റായ് 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്ന് കൊണ്ട് തന്നെ ഉത്തര്‍പ്രദേശിലെ ഗാസിയില്‍ നിന്നും വിജയിച്ചിരുന്നു.
2020 നവംബറില്‍ അതുല്‍ റായിയുടെ സഹോദരന്‍ പവന്‍ കുമാര്‍ രേഖകളില്‍ കൃത്രിമത്തം ആരോപിച്ച് യുവതിക്കെതിരെ വാരണസിയില്‍ പരാതി നല്‍കിയിരുന്നു.