'മോദിയോ, യോഗിയോ അല്ല';കാശി വിശ്വനാഥ് ഇടനാഴിയില്‍ അവകാശവാദവുമായി അഖിലേഷ്
national news
'മോദിയോ, യോഗിയോ അല്ല';കാശി വിശ്വനാഥ് ഇടനാഴിയില്‍ അവകാശവാദവുമായി അഖിലേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 11:42 am

ലഖ്‌നൗ: യു.പിയിലെ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന കാശി വിശ്വനാഥ് ഇടനാഴിക്ക് അംഗീകാരം നല്‍കിയത് സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്താണെന്ന് അഖിലേഷ് യാദവ്. രേഖാമൂലമുള്ള തെളിവ് തന്റെ കയ്യിലുണ്ടെന്നും അഖിലേഷ് പറഞ്ഞു.

”കാശി വിശ്വനാഥ് ഇടനാഴി പാസാക്കിയ ഏതെങ്കിലും മന്ത്രിസഭയുണ്ടെങ്കില്‍ അത് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരാണ്,’ അഖിലേഷ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമാജ്വാദി പാര്‍ട്ടി ഭരണത്തില്‍ പദ്ധതിക്ക് വേണ്ടി കോടികള്‍ അനുവദിച്ചെന്നും ഇടനാഴിയുടെ ആവശ്യത്തിനായി എസ്.പി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയെന്നും അഖിലേഷ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൂട്ടുന്നതൊക്കെ മോദി സര്‍ക്കാരിന്റെ പരാജയം മറച്ചുപിടിക്കാന്‍ വേണ്ടിയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

”കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തത് ആരാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇന്ന് വിലക്കയറ്റം കാരണം രാസവളങ്ങള്‍ ലഭ്യമല്ല, അപ്പോള്‍ കര്‍ഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാകും?” അഖിലേഷ് യാദവ് ചോദിച്ചു.

399 കോടിയുടെ പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.പിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഉദ്ഘാടനം ചെയ്യും.

മോദിയുടെ നിയോജക മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: ‘Will provide proof’: Akhilesh claims Kashi Vishwanath Corridor project approved by his govt