national news
ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 15, 03:12 pm
Sunday, 15th September 2019, 8:42 pm

ചണ്ഡീഗഢ്: അസമിലേത് പോലെ കുടിയേറ്റക്കാരെ കണ്ടെത്താനായി ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ, ഹൈക്കോടതി മുന്‍ ജഡ്ജി എച്ച്.എസ് ഭല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഖട്ടാറിന്റെ പ്രഖ്യാപനം.

ജസ്റ്റിസ് ഭല്ല ഇക്കാര്യത്തില്‍ ഹരിയാനയെ സഹായിക്കുമെന്ന് ഖട്ടര്‍ പറഞ്ഞു. ‘ജസ്റ്റിസ് ഭല്ല ഉടന്‍ അസമില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഹരിയാനയില്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനായി ഭല്ല നമ്മളെ സഹായിക്കും’ ഖട്ടര്‍ പറഞ്ഞു.

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഖട്ടറിന്റെ പ്രസ്താവന.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനും പരാതികള്‍ നല്‍കാനുമായി ഇവര്‍ക്ക് 120 ദിവസത്തെ സമയമാണ് ഗവണ്മെന്റ് നല്‍കിയിരിക്കുന്നത്. അവിടെയും തള്ളപ്പെട്ടാല്‍ ഗുവാഹാട്ടി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കാം.