കൊൽക്കത്ത: ജൂലൈ 27 ന് നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. 2024-25 ലെ കേന്ദ്ര ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിൻ്റെ വിവേചനം തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് താൻ നീതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കുന്നതെന്ന് മമത പറഞ്ഞു.
‘ബജറ്റ് അവതരിപ്പിച്ചപ്പോൾ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ എങ്ങനെയാണ് അവഗണിക്കപ്പെട്ടതെന്ന് ഞാൻ കണ്ടെത്തി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് രണ്ടാനമ്മ നയമാണ് അവർ കാണിക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സംസാരിക്കാൻ അനുവദിച്ചാൽ അവർക്ക് കൊള്ളാം. ഇല്ലെങ്കിൽ ഞാൻ പ്രതിഷേധിച്ച് പുറത്ത് പോകും,’ ദൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഞങ്ങൾക്ക് ഈ വിവേചനം അംഗീകരിക്കാനാവില്ലെന്നും കേന്ദ്രത്തിന്റേത് രാഷ്ട്രീയ പക്ഷപാതമാണെന്നും അവർ കൂട്ടിച്ചേർത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കൾ നിലവിൽ നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കുമെന്ന് പറഞ്ഞിരുന്നു. .