ഇ.വി.എമ്മുകളെ വിശ്വാസമില്ല; അധികാരത്തിലെത്തിയാല്‍ ഉടന്‍ ഇ.വി.എം നിരോധിക്കുമെന്ന് അഖിലേഷ് യാദവ്
national news
ഇ.വി.എമ്മുകളെ വിശ്വാസമില്ല; അധികാരത്തിലെത്തിയാല്‍ ഉടന്‍ ഇ.വി.എം നിരോധിക്കുമെന്ന് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th March 2021, 8:32 pm

ലക്‌നൗ: വരാനിരിക്കുന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെയ വിജയിക്കുമെന്ന് യു.പി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്. അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇ.വി.എമ്മുകളെ എനിക്ക് യാതൊരു വിശ്വാസവുമില്ല. അമേരിക്കയില്‍ ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്. ജനങ്ങള്‍ ബാലറ്റ് പേപ്പറില്‍ വിശ്വസിക്കണം. അതിനായി ഇപ്പോള്‍ പ്രക്ഷോഭം നടത്താനാകില്ല. എന്നാല്‍ ഉടന്‍ തന്നെ ആ മാറ്റത്തിനായി ഞാന്‍ മുന്നോട്ടുവരും’, അഖിലേഷ് പറഞ്ഞു.

ഝാന്‍സിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അഖിലേഷിന്റെ പ്രസ്താവന.

‘നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രചരണം ശക്തമാക്കിക്കഴിഞ്ഞു. എല്ലാ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും വോട്ട് ചെയ്താല്‍ നിഷ്പ്രയാസം ബി.ജെ.പിയെ യു.പിയില്‍ മുട്ടുകുത്തിക്കാന്‍ സാധിക്കും. അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ഇ.വി.എമ്മുകളുടെ ഉപയോഗം നിരോധിക്കാന്‍ നിയമം കൊണ്ടുവരും’, അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

ആകെ 403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഇത്തവണ 350 സീറ്റുകള്‍ നേടി സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.

അതേസമയം രാജ്യത്തെ കര്‍ഷകരെ ദുരിതത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതെന്നും അഖിലേഷ് ആരോപിച്ചു.

ജനാധിപത്യത്തെ കൊല്ലാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പാര്‍ലമെന്റിന്റേതിന് സമാനമായ സ്ഥിതിയാണ് യു.പി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will Abolish EVM After Gaining Power Says Akhilesh Yadav