പിശുക്കില്‍ ഉമേഷണ്ണനെ വെട്ടി സ്വന്തമാക്കിത് ലോക റെക്കോഡ്; 'ഏഷ്യയിലെ ഏറ്റവും മികച്ച ടീമിന്' തിരിച്ചടി
Sports News
പിശുക്കില്‍ ഉമേഷണ്ണനെ വെട്ടി സ്വന്തമാക്കിത് ലോക റെക്കോഡ്; 'ഏഷ്യയിലെ ഏറ്റവും മികച്ച ടീമിന്' തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd December 2024, 8:39 am

ബംഗ്ലാദേശിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ മുന്‍തൂക്കവുമായി ആതിഥേയര്‍. ബംഗ്ലാദേശിനെ ചെറിയ ടോട്ടലില്‍ എറിഞ്ഞിട്ടാണ് വിന്‍ഡീസ് ലീഡിനായി പോരാടുന്നത്.

കിങ്‌സ്റ്റണിലെ സബീന പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കടുവകള്‍ക്കായില്ല.

സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശ് 164ന് പുറത്തായി.

137 പന്തില്‍ നിന്നും 64 റണ്‍സ് നേടിയ ഷദ്മന്‍ ഇസ്‌ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 75 പന്തില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഷഹദത്ത് ഹൊസൈന്‍ (89 പന്തില്‍ 22), തൈജുല്‍ ഇസ്‌ലാം (66 പന്തില്‍ 16) എന്നിവരാണ് ബംഗ്ലാ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഏഷ്യയിലെ ഏറ്റവും മികച്ച ടീമെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ബംഗ്ലാദേശിനെ സംബന്ധിച്ച് മികച്ച പ്രകടനമല്ല പുറത്തെടുത്തിരിക്കുന്നത്. ബംഗ്ലാദേശ് ആരാധകരെ സംബന്ധിച്ച് തങ്ങളും പാകിസ്ഥാനുമാണ് ഏഷ്യയിലെ ഏറ്റവും മികച്ച ടീം. മോശം ടീമാകട്ടെ ഇന്ത്യയും. ഇത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇവര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനായി ജെയ്ഡന്‍ സീല്‍സ് നാല് വിക്കറ്റ് നേടി. ഷമര്‍ ജോസഫ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ കെമര്‍ റോച്ച് രണ്ട് വിക്കറ്റും സ്വന്തമാക്കി. അല്‍സാരി ജോസഫാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

പത്ത് മെയ്ഡന്‍ ഉള്‍പ്പെടെ 15.5 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് ജെയ്ഡന്‍ സീല്‍സ് പന്തെറിഞ്ഞത്. താരത്തിന്റെ എക്കോണമിയാകട്ടെ 0.32ഉം.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സീല്‍സിനെ തേടിയെത്തിയത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച എക്കോണമി (ചുരുങ്ങിയത് പത്ത് ഓവര്‍) എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ താരം ഉമേഷ് യാദവിനെ മറികടന്നുകൊണ്ടായിരുന്നു സീല്‍സിന്റെ റെക്കോഡ് നേട്ടം.

 

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച എക്കോണമി (ചുരുങ്ങിയത് 60 പന്തുകള്‍)

(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – എക്കോണമി – വര്‍ഷം എന്നീ ക്രമത്തില്‍)

ജെയ്ഡന്‍ സീല്‍സ് – വെസ്റ്റ് ഇന്‍ഡീസ് – ബംഗ്ലാദേശ് – 15.5-10-5-4 – 0.31 – 2024

ഉമേഷ് യാദവ് – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 21-16-9-3 – 0.42 – 2015

മനീന്ദര്‍ സിങ് – ഇന്ത്യ – ഇംഗ്ലണ്ട് – 20.4-12-9-3 – 0.43 – 1986

ഗ്രെഗ് ചാപ്പല്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 11-6-5-1 – 0.45 – 1979

നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക – 22-17-10-0 – 0.45 – 2014

 

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ്. 47 പന്തില്‍ 12 റണ്‍സ് നേടിയ മികൈല്‍ ലൂയീസിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

115 പന്തില്‍ 33 റണ്‍സുമായി ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വൈറ്റും 60 പന്തില്‍ 19 റണ്‍സുമായി കെയ്‌സി കാര്‍ട്ടിയുമാണ് ക്രീസില്‍.

 

 

Content Highlight: WI vs BAN: Jayden Seals created history