പേനയും പെന്‍സിലും സിഗരറ്റും വെച്ചാലും ഓക്‌സിജന്റെ അളവ് കാണിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകളും ചില വീഡിയോകളും വന്നതിന് പിന്നാലെ ഓക്‌സിമീറ്ററുകള്‍ വ്യാജമാണെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വ്യാജ ഓക്‌സിമീറ്ററുകളെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിമീറ്ററുകള്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുയര്‍ന്നിരുന്നു. പേനയും സിഗരറ്റും വെക്കുമ്പോഴും ഓക്‌സിജന്റെ അളവ് കാണിക്കുന്ന തരത്തില്‍ നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു.
എന്നാല്‍ മറ്റു വസ്തുക്കള്‍ വെച്ചാലും ഓക്‌സിജന്റെ അളവ് കാണിക്കുന്നതുകൊണ്ട് ഓക്‌സിമീറ്റര്‍ വ്യാജമാണെന്നോ പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയിലല്ലെന്നോ പറയാന്‍ സാധിക്കുകയില്ലെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
ബ്രിട്ടീഷ് ലംഗ് ഫൗണ്ടേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഓക്‌സിമീറ്ററുകള്‍ രണ്ട് തരം പ്രകാശതരംഗങ്ങളുടെ സഹായത്തോടെയാണ് ഓക്‌സിജന്റെ അളവ് കണ്ടെത്തുന്നത്. റെഡ് ലൈറ്റും ഇന്‍ഫ്രാ റെഡ് ലൈറ്റുമാണവ. ഓക്‌സിജന്‍ കൂടുതലുള്ള രക്തം കൂടുതല്‍ ഇന്‍ഫ്രാറെഡ് ലൈറ്റിനെ സ്വീകരിക്കുകയും റെഡ് ലൈറ്റിനെ കടത്തിവിടുകയും ചെയ്യും.
ഓക്‌സിജന്റെ അളവ് കുറഞ്ഞ രക്തമാണെങ്കില്‍ റെഡ് ലൈറ്റിനെ കൂടുതല്‍ സ്വാംശീകരിക്കുകയും ഇന്‍ഫ്രാറെഡിനെ കടത്തിവിടുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒാക്‌സിജന്റെ അളവ് കുറവാണെങ്കില്‍ രക്തകോശങ്ങള്‍ നീല നിറത്തിലാണ് കാണപ്പെടുകയെന്ന് ബ്രിട്ടീഷ് ലംഗ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റു വസ്തുക്കള്‍ വെക്കുമ്പോഴും ഓക്‌സിമീറ്ററിലെ ഫോട്ടോ സെന്‍സറിന് പ്രകാശം ഡിറ്റക്ടെറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഓക്‌സിമീറ്ററില്‍ അതിന്റേതായ റീഡിംഗ് കാണിക്കും. ആ വസ്തുക്കള്‍ മനുഷ്യരുടെ വിരലുകളോ ശരീര ഭാഗങ്ങളോ ആണെന്ന് ഓക്‌സിമീറ്ററുകള്‍ തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ദല്‍ഹിയിലെ അപ്പോളോ ഇന്ദ്രപ്രസ്ഥ ആശുപത്രിയിലെ ശ്വാസകോശ – നെഞ്ചുരോഗ വിദഗ്ധന്‍ ജോ. ഇഷാന്‍ ഗുപ്ത വ്യക്തമാക്കി. ഇന്ത്യ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രോഗികളിലെ ഓക്‌സിജന്റെ അളവ് അറിയുന്നതിനായി വിരലുകള്‍ വെച്ച് പരിശോധിക്കുമ്പോള്‍ ശരിയായ റീഡിംഗ് രേഖപ്പെടുത്തുന്നുണ്ടോയെന്നത് മാത്രമാണ് ഓക്‌സിമീറ്ററുകള്‍ ഗുണനിലവാരവും പ്രവര്‍ത്തനക്ഷമതയും ഉറപ്പിക്കാനായി മാനദണ്ഡമാക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.
കൊവിഡ് രോഗികളില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് ആരോഗ്യനില അപകടത്തിലാക്കുമെന്നതിനാല്‍ ദിവസത്തില്‍ 3-4 തവണ ഓക്‌സിമീറ്ററുകള്‍ ഉപയോഗിച്ച് ഓക്‌സിജന്റെ അളവ് പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.