Advertisement
Kerala News
ഇടുക്കിയില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; ഒരു മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 11:39 am
Saturday, 5th April 2025, 5:09 pm

ഇടുക്കി: വേനല്‍മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇടുക്കി അയ്യപ്പന്‍ കോവിലില്‍ ദേഹത്ത് കല്ലും മണ്ണും വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. അയ്യപ്പന്‍ കോവിലില്‍ താമസിക്കുന്ന അയ്യാവാണ് മരിച്ചത്.

അയ്യപ്പന്‍ കോവിലില്‍ ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയിലാണ് മണ്ണിടിച്ചിലുണ്ടായത്. മുകള്‍ ഭാഗത്ത് നിന്നും മണ്ണിടിച്ചിലുണ്ടാവുകയും കല്ലും മണ്ണും അദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്യുകയായിരുന്നു.

പിന്നാലെ മറ്റ് പണിക്കാര്‍ സ്ഥലത്തെത്തി അയ്യാവിനെ കല്‍പ്പറ്റ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് രണ്ട് ദിവസമായി മഴയുണ്ട്. ഉച്ചയോടെ മഴ ശക്തമാവുകയും ചെയ്യുകയായിരുന്നു.

ഇന്ന്, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും (കൊല്ലം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Content Highlight: Landslide in Idukki due to heavy rain; one dead