ലോകത്ത് ആദ്യമായി ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറല്ലായെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം. ആ ഇതിഹാസനേട്ടം ആദ്യമായി സ്വന്തമാക്കിയത് ഓസ്ട്രേലിയന്‍ ക്രിക്കറ്ററായ ബെലിന്‍ഡ ക്ലാര്‍ക്കാണ്. സ്പോര്‍ട്സ് നന്നായി ഫോളോ ചെയ്യുന്നവര്‍ക്കല്ലാതെ ഒട്ടുമിക്കവര്‍ക്കും ഈ വനിതാ ക്രിക്കറ്റ് താരത്തെ അറിയാന്‍ സാധ്യതയില്ല.
ഇനി അടുത്ത കാര്യം, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അല്ലെങ്കില്‍ ഫുട്ബോള്‍ ടീം എന്നാരെങ്കിലും പറഞ്ഞാല്‍, എന്താണ് നിങ്ങളുടെ മനസില്‍ വരുന്നത് ? പതിനൊന്ന് പുരുഷ കളിക്കാര്‍ അണിനിരന്ന് നില്‍ക്കുന്ന ടീമുകളായിരിക്കും പലരുടെയും മനസില്‍ വന്നിരിക്കുക. നമ്മുടെ വനിതാ ടീമുകളെ കുറിച്ച് വെറുതെയെങ്കിലും ആലോചിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല, കായിക മേഖലയിലെ സ്ത്രീകളുടെ അവസ്ഥ ലോകം മുഴുവന്‍ ഏകദേശം ഇങ്ങനെ തന്നെയാണ്.
ഇത്തരത്തില്‍ പൊതുജനങ്ങളുടെ അവഗണന മുതല്‍ വേതനത്തിലുള്ള വ്യത്യാസം വരെ ഓരോ വനിതാ സ്പോര്‍ട്സ് താരങ്ങളും നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. എന്തായിരിക്കാം വനിതാ കായിക താരങ്ങള്‍ നിരന്തരമായി നേരിടുന്ന അവഗണനയ്ക്ക് കാരണം ? പുരുഷ താരങ്ങളേക്കാള്‍ വളരെ കുറഞ്ഞ വേതനം മാത്രം വനിതാ താരങ്ങള്‍ക്ക് നല്‍കുന്നത് എന്തുകൊണ്ടാകും ? ഇപ്പോഴും സ്ത്രീകള്‍ക്ക് പങ്കെടുക്കാനാകാത്ത സ്പോര്‍ട്സ് ഇനങ്ങള്‍ ഉണ്ടോ? സ്പോര്‍ട്സിലെ ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ കുറക്കുന്നതിന് വേണ്ടി നടക്കുന്ന മികച്ച ഇടപെടലുകള്‍ ഏതൊക്കെയാണ് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
നമുക്ക് ആഗോള തലത്തില്‍ നിന്നു തന്നെ തുടങ്ങാം. ആരാണ് അലക്സിയ പുറ്റെല്ലസ്, ആരാണ് ക്രിസ്റ്റിന സിംക്ലെയര്‍ എന്ന് ചോദിച്ചാല്‍ ആരാണ് മെസ്സി, ആരാണ് റൊണാള്‍ഡോ എന്ന ചോദ്യങ്ങള്‍ക്കുള്ളതുപോലെ, എളുപ്പത്തില്‍ ഉത്തരം പറയാന്‍ നമ്മളില്‍ പലര്‍ക്കുമാവില്ല. ജനങ്ങളില്‍ നിന്നും വരുന്ന ഈ രീതിയിലുള്ള ‘ഐഡന്റിറ്റി ക്രൈസിസ്’ തന്നെ ആകാം നമ്മുടെ വനിതാ താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഒരു പക്ഷെ, ചെറുപ്പത്തില്‍ തന്നെ സ്‌കൂളിലും കോളേജിലും പെണ്‍കുട്ടികളെ കായികരംഗത്ത് പ്രവേശിക്കാന്‍ പ്രോത്സാഹിപ്പിക്കാത്തതിന്റെയും
അല്ലെങ്കില്‍ സോഫ്റ്റ് സ്പോര്‍ട്സ് ഇനങ്ങളില്‍ മാത്രം പെണ്‍കുട്ടികള്‍ പങ്കെടുത്താല്‍ മതിയെന്നുള്ള കണ്ടിഷനിങ്ങിന്റെയും ഭാഗമാകാം ഇന്നും കായിക രംഗത്ത് സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് നാം മനസിലാക്കാതെ പോകുന്നതിന് കാരണം. ചരിത്രം പരിശോധിച്ചാല്‍, എല്ലാ രാജ്യങ്ങളിലും സ്ത്രീകളുടെ സ്പോര്‍ട്സ് ടീമുകള്‍ രൂപപ്പെടുവാന്‍ ഒരുപാട് കാലമെടുത്തിരുന്നു എന്ന് കാണാം.
ലോകത്തെ ഏറ്റവും വലിയ സ്പോര്‍ട്സ് ഇവന്റായ ഒളിമ്പിക്സിലെ സ്ത്രീ സാന്നിധ്യത്തിന്റെ ഹിസ്റ്ററി നോക്കിയാല്‍ തന്നെ, സ്പോര്‍ട്സില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിന്റെ ഒരു ഏകദേശം രൂപം പിടി കിട്ടും.1896ല്‍ ഏഥന്‍സില്‍ അരങ്ങേറിയ ആദ്യ മോഡേണ്‍ ഒളിംപിക്സ് മുതല്‍ സ്ത്രീകളെ തഴയുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ബരോണ്‍ പിഴരീ എന്ന അന്നത്തെ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഫൗണ്ടര്‍ പറഞ്ഞത്, കായിക ഇനങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കുക എന്നത് ‘ഒട്ടും പ്രായോഗികമല്ലാത്ത, ആര്‍ക്കും താല്പര്യമുളവാകാത്ത, മാന്യതയില്ലാത്ത, രസിക്കാനാവാത്ത’ ഒന്നാണ് എന്നാണ്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ത്രീകള്‍ക്ക് ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. അപ്പോഴും വളരെ സെക്സിസ്റ്റായ രീതിയില്‍ തന്നെയായിരുന്നു കാര്യങ്ങള്‍. സ്ത്രീകളുടെ ശരീരഘടന മൃദുലമാണെന്ന നിരീക്ഷണങ്ങള്‍ നടത്തിയ അധികൃതര്‍, നീന്തല്‍, ഡാന്‍സ് റൂട്ടീന്‍ തുടങ്ങിയ ഇനങ്ങളില്‍ മാത്രമാണ് അവസരം നല്‍കിയത്.
പിന്നെ പതിയെ പതിയെ ഓരോ ഇനങ്ങളിലായി പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചു തുടങ്ങി. അവിടെയെല്ലാം മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് അവര്‍ മുന്നേറുകയും ചെയ്തു. റഷ്യന്‍ പോള്‍ വോള്‍ട് താരം ഇസിന്‍ ബയെവാ, അമേരിക്കന്‍ ട്രാക്ക് താരം അലിസണ്‍ ഫെലിക്‌സ്, വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ ഒളിമ്പിക് ചാമ്പ്യന്‍ വില്‍മ റൂഡോള്‍ഫ്, ഇന്ത്യയിലേക്ക് ആദ്യമായി ഒളിമ്പിക് മെഡല്‍ കൊണ്ടുവന്ന കര്‍ണം മല്ലേശ്വരി അങ്ങനെ പോകുന്നു ആ നിര. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒളിമ്പിക്സിലെ വനിതാ താരങ്ങളെ കുറിച്ച് കമന്റുകളില്‍ പറയണേ.
ഇപ്പോള്‍ ആദ്യ ഒളിമ്പിക്സ് തുടങ്ങി, നൂറ്റാണ്ടുകള്‍ക്കിപ്പുറം, 2020 ടോകിയോ ഒളിമ്പിക്സ് വരെ എത്തിനില്‍ക്കുമ്പോള്‍, ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിച്ചതായി തന്നെ നമുക്ക് വിലയിരുത്താനാകാം. ഇതുവരെ നടന്നതില്‍, ഏറ്റവും ജെന്‍ഡര്‍ ഇക്വലായ ഒളിമ്പിക്സെന്നാണ് ടോകിയോ ഒളിമ്പിക്സ് അറിയപ്പെടുന്നത്. കാരണം, ഇപ്രാവശ്യത്തെ 48.8% മത്സാരാര്‍ഥികളും സ്ത്രീകളായിരുന്നു. ഈ വര്‍ഷം തന്നെയാണ് ഒളിമ്പിക്സിലെ ആദ്യത്തെ മിക്സഡ് റിലേയ്ക്ക് ലോകം സാക്ഷ്യം വഹിച്ചതും. എന്നിരുന്നാലും, ഡെക്കാതലോണ്‍, 50 കി.മി നടത്തം എന്നീ ഇനങ്ങളില്‍ നിന്നും സ്ത്രീകള്‍ ഇപ്പോഴും വിലക്കപ്പെട്ടിരിക്കുകയാണ്.
ഇത് ഒളിമ്പിക്സിലെ സ്ത്രീകളെ കുറിച്ചുള്ള വളരെ ചുരുക്കം ചില വിവരങ്ങളാണ് പറഞ്ഞത്. ഒളിമ്പിക്സിന്റെ ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍, ലിംഗ വിവേചനം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള നിരവധി മൂവ്മെന്റുകളും ഇടപെടലുകളും നടന്നിട്ടുണ്ട്. അതിനുവേണ്ടി ചുക്കാന്‍ പിടിച്ച നിരവധി പേരുണ്ട്. അതേ കുറിച്ച് അറിയുന്നവര്‍ തീര്‍ച്ചയായും കമന്റുകളില്‍ പറയണം.
ഇനി നമുക്ക് സ്പോര്‍ട്സ് മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രതിസന്ധികളിലേക്ക് വരാം. വേതനത്തിലെ വ്യത്യാസമാണ് വനിതാ താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അല്ലെങ്കില്‍ ഇവര്‍ നേരിടുന്ന ഒരു വിധം എല്ലാ പ്രശ്നങ്ങളുടെയും ഒരു മൂല കാരണമായി ഈ ഈ വിവേചനത്തെ കാണാന്‍ സാധിക്കും.
ഗ്ലോബല്‍ സ്പോര്‍ട്സ് സാലറി സര്‍വേയുടെ 2021 റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ 40% കായിക താരങ്ങളും സ്ത്രീകളാണ്. പക്ഷെ ഏത് മേഖലയിലെയും പോലെ കായിക മേഖലയിലും പുരുഷ സ്ത്രീ വേതന വ്യത്യാസം ഗുരുതരമാണ്്. 2021ല്‍ യു.എസ്.എയില്‍ നടന്ന വനിതകളുടെ സോഫ്റ്റ്ബോള്‍ മത്സരത്തിനെ കുറിച്ച് ദി ന്യൂയോര്‍ക് ടൈംസ് പറഞ്ഞത്, ‘ആണുങ്ങള്‍ക്ക് കുറെ പൈസയും പ്രതാപവും പക്ഷെ, പെണ്‍കുട്ടികള്‍ക്ക് ചെറിയ വേതനവും വിയര്‍പ്പ് നിറഞ്ഞ യാതനയേറിയ ബസ് യാത്രകളെന്നുമാണ്’. പുരുഷതാരങ്ങള്‍ സ്വന്തം ട്രെയിനിങ്ങിനും മറ്റുമായി ലക്ഷങ്ങള്‍ ചിലവിടുമ്പോള്‍ തന്റെ ഡയറ്റിന് വേണ്ടിയുള്ള തുക കണ്ടെത്തുക എന്നതുപോലും പല വനിതാ താരങ്ങള്‍ക്കും ബുദ്ധിമുട്ടേറിയ ഒന്നാണ്.
പല രാജ്യങ്ങളിലെയും ദേശീയ ലീഗില്‍ പങ്കെടുക്കുന്ന ഒട്ടുമിക്ക സ്ത്രീകളും ഫുട്ബോളിന് പുറമെ സ്വന്തമായി മറ്റൊരു ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നവരാണ്. എന്നാല്‍ മെന്‍സ് ലീഗിലെ കളിക്കാര്‍ക്ക്, മികച്ച വേതനം ലഭിക്കുന്നതുകൊണ്ട് തന്നെ, ജീവിക്കാനായി മറ്റൊരു ജോലി തേടേണ്ട ആവശ്യമേ വരുന്നില്ല. അവര്‍ക്ക് തങ്ങളുടെ സമയം മുഴുവന്‍, ട്രെയിനിങ്ങിലും കളി മെച്ചപ്പെടുത്തുന്നതുമായി മറ്റു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്നു.
അമേരിക്കന്‍ ഫുട്ബോളര്‍ മേഗന്‍ റാപ്പിനോ ഇക്വല്‍ പേ ആവശ്യപ്പെട്ടു കൊണ്ട നടത്തിയ പ്രസ്താവനകള്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. 2019ല്‍ റാപ്പിനോ നയിച്ച ടീം ലോകകപ്പടിച്ചപ്പോള്‍ അവിടെയുള്ള കാണികള്‍ ‘ഇക്വല്‍ പേ’എന്ന് ഉറക്കെ ആവശ്യപ്പെട്ടിരുന്നു.
2021ല്‍ ഫോര്‍ബ്സ് പുറത്ത് വിട്ട ഏറ്റവും ധനികരായ 50 അതിലേറ്റുക്കളുടെ പട്ടികയില്‍ ആകെയുള്ളത് ഒരേയൊരു വനിത മാത്രമാണ്, ടെന്നിസ് താരമായ നവോമി ഒസാക്ക. ഈ വേതന വിവേചനത്തില്‍ ഇന്ത്യയും ഒട്ടും പുറകിലല്ല. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഗ്രേഡ് എ താരങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പതിന്മടങ്ങാണ് ഇവിടെയുള്ള ഗ്രേഡ് സി പുരുഷ താരത്തിന് ലഭിക്കുന്നത്.
മത്സരങ്ങളിലെ പ്രൈസ് മണിയുടെ കാര്യത്തിലും ഇതേ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. 2007 വരെ വിമ്പിള്‍ഡണില്‍ പുരുഷതാരങ്ങള്‍ക്ക് വനിതാ താരങ്ങളേക്കാള്‍ ഏറെ കൂടിയ തുകയായിരുന്നു പ്രൈസ് മണിയായി ലഭിച്ചിരുന്നത്. ടെന്നീസിലെ എക്കാലത്തെയും മികച്ച പ്ലെയേഴ്സിലൊരാളായ വീനസ് വില്യംസ് ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നതിന് പിന്നാലെയാണ്, പ്രൈസ് മണി തുല്യമാക്കിയത്. എന്നാലിപ്പോഴും വിവിധയിനങ്ങളില്‍ ഈ വ്യത്യാസം തുടരുന്നുണ്ട്.
ഈ വേതന വ്യത്യാസം സ്പോര്‍ട്സ് കരിയറായി സ്വീകരിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വലിയ തടസമാകുന്നുണ്ട്. സ്പോര്‍ട്സ് പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ ഇന്നും ശക്തമായ തുടരുന്ന ലോകത്ത്, വേതനത്തില്‍ കൂടി ഈ വിവേചനം തുടരുന്നത്, സ്ത്രീകള്‍ക്ക് ഈ മേഖലയിലേക്ക് കടന്നു വരുകയെന്നത് ഓള്‍മോസ്റ്റ് ഇംപോസിബിളാക്കുകയാണ്.
ഇവിടെ നമ്മള്‍ മാര്‍ക്കറ്റ് വാല്യൂ റിലേറ്റഡായി വരുന്ന ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്.
കാരണം, സ്പോര്‍ട്സിലെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും താരങ്ങളുടെ മാര്‍ക്കറ്റ് വാല്യൂ പ്രധാന ഘടകമാകാറുണ്ട്. പുരുഷതാരങ്ങള്‍ക്ക് വലിയ തരത്തിലുള്ള എന്റോഴ്സ്മെന്റ്സും പാര്‍ട്ണര്‍ഷിപ് ലഭിക്കുമ്പോള്‍, വനിത താരങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പിന്നോട്ട് പോകുന്നു എന്നതാണ് സങ്കടകരമായ വസ്തുത.
മാധ്യമങ്ങള്‍ സ്ത്രീകളുടെ മത്സരയിനങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുക എന്നത് താരതമ്യേനെ കുറവാണ്. ഒരു ലീഗ് എന്ന രീതിയില്‍ നോക്കുകയാണെങ്കില്‍ തന്നെ, പ്രീലിംസ് മുതല്‍ അവരെ പ്രോത്സാഹിപ്പിച്ച് കളി കാണുന്നവര്‍ കുറവാണ്. വനിതാ ടീമുകള്‍ ഫൈനല്‍സ്, സെമി വരെയെങ്കിലും എത്തിയാല്‍ മാത്രമേ പലരും കാണുകയുള്ളു. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് പരിചിതമാകാത്ത മുഖങ്ങളെ പാര്‍ട്ണര്‍ഷിപ്, എന്റോഴ്സ്മെന്റ്സ് എന്നിവയ്ക്ക് ക്ഷണിക്കുവാന്‍ ലോകോത്തര ബ്രാന്റുകള്‍ മടി കാണിക്കും.ഇത് സ്പോര്‍ട്സിലെ വനിതാ താരങ്ങളുടെ മാര്‍ക്ക് റ്റ് വാല്യൂ കുറക്കും. ഇത് അവരുടെ മൊത്തം വരുമാനം കുറഞ്ഞ രീതിയില്‍ തന്നെ തുടരുന്നതിന് കാരണമാവുകയും ചെയ്യും. അങ്ങനെ ഒരുതരം ലൂപ്പിലാണ് സ്പോര്‍ട്സിലെ സ്ത്രീകളുടെ വരുമാനം താഴ്ന്ന രീതിയില്‍ തന്നെ തുടര്‍ന്നുക്കൊണ്ടിരിക്കുന്നത്.
ഇതിനു പുറമേ മീഡിയ വനിതാ താരങ്ങളെ എങ്ങനെയാണ് പൊതുവെ അവതരിപ്പിക്കുന്നത് എന്നതും ഒന്നും ശ്രദ്ധിക്കേണ്ടതാണ്. മാധ്യമങ്ങളില്‍ സ്ത്രീകളുടെ കായിക പരിപാടികളെ കുറിച്ച് സംസാരിക്കുമ്പോള്‍, അവരുടെ ചിരി, ഭംഗി, മാതൃത്വം, കഷ്ടപ്പാട്, ദുരിതം, തീയില്‍ കുരുത്തവള്‍ എന്ന ആങ്കിളുകളില്‍ പ്രതിഷ്ഠിക്കാന്‍ ആണ് മുഖ്യധാര മാധ്യമങ്ങള്‍ക്ക് താല്പര്യം.
ഇത്തരം പ്രശ്നങ്ങളെ കൂടി അഭിമുഖീകരിക്കാന്‍ വേണ്ടിയാണ് 2019ല്‍ വുമണ്‍ വര്‍ത്ത് വാച്ചിങ് എന്ന ക്യാമ്പയിന്‍ നടന്നത്. ലോകമാധ്യമങ്ങളില്‍ തങ്ങള്‍ക്ക് 4% കവറേജ് മാത്രമേ ലഭിക്കുന്നുള്ളുവെന്നും ഇതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നുമായിരുന്ന ഈ ക്യാമ്പയിന്റെ പ്രധാന ആവശ്യം.
ഇത്പോലെ തന്നെയാണ് പ്രമുഖ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ വനിതാതാരങ്ങള്‍ അഭിമുഖീകരിക്കുന്ന അവഗണന. ഈ കൊല്ലം ഫിഫയുടെ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ ക്രിസ്റ്റൈന്‍ സിംക്ലെയര്‍, ക്രിസ്റ്റ്യന്‍ എന്‍ഡിയലര്‍, അലക്സ്യ പുറ്റെലസ്സ്, എമ്മ ഹെയ്‌സ് തുടങ്ങിയവര്‍ ചിത്രത്തില്‍ പോലുമില്ലായിരുന്നു. ഫിഫ ബെസ്റ്റ് പ്ലെയര്‍ നേടിയ പുരുഷ താരമായ ലവോന്‍ഡിസ്‌കിയെ മാത്രമായിരുന്നു എല്ലാവരും ആഘോഷിച്ചത്.
ഇക്കാരണങ്ങളെല്ലാം കൂടിച്ചേര്‍ന്നുകൊണ്ടാണ്, ക്രിക്കറ്റ് ടീം, ഫുട്ബോള്‍ ടീം, ഹോക്കി ടീം, നാഷണല്‍ ടീം, മികച്ച കായിക താരം എന്നൊക്കെ പറയുമ്പോള്‍ അതെല്ലാം ഒരു പുരുഷ കായികതാരമോ പുരുഷ ടീമോ ആയി മാത്രം പ്രൊജക്ട് ചെയ്യപ്പെടുന്ന രീതി തുടരുന്നത്. സ്ത്രീകളെ സെക്കന്റ് സെക്സായി പരിഗണിക്കുന്ന പാട്രിയാര്‍ക്കല്‍ രീതി ഏറ്റവും തെളിഞ്ഞു കാണാന്‍ സാധിക്കുന്ന ഒരു മേഖല കൂടിയാണ് സ്പോര്‍ട്സ്. അത് ഗെയിംസിലായാലും അത്ലറ്റിക് മത്സരങ്ങളിലായാലുമെല്ലാം അങ്ങനെ തന്നെയാണ്.
2016ല്‍ പോര്‍ട്ടര്‍ മാഗസിന് എഴുതിയ കത്തില്‍ ടെന്നിസ് ഇതിഹാസം സെറീന വില്യംസ് ഇത് വ്യക്തമായി രേഖപെടുത്തുന്നുണ്ട്. ദ്യോകോവിച് പോലെയുള്ള താരങ്ങള്‍ നടത്തുന്ന അതേ തയാറെടുപ്പാണ്, പ്രയത്നമാണ് താനും നടത്തുന്നതെന്നും എന്നിട്ടും എന്തുകൊണ്ടാണ് തന്നെ ‘മികച്ച വനിതാ താരം’ എന്നും എന്നാല്‍ പുരുഷ താരങ്ങളെ ‘മികച്ച താരം’ എന്നും അഭിസംബോധന ചെയ്യുന്നതെന്നുമാണ് സെറീന ചോദിച്ചിരുന്നത്.
വുമണ്‍സ് ടെന്നീസ് അസോസിയേഷന്റെ ഫൗണ്ടര്‍ ആയ ബില്ലി ജീന്‍ കിങ് 1979ല്‍ തന്നെ പുരുഷന്മാര്‍ക്ക് സ്പോര്‍ട്സില്‍ ലഭിക്കുന്ന പ്രിവിലേജ്സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ‘പുരുഷന്മാര്‍ക്ക് എല്ലാ പ്രതാപങ്ങളും ഉണ്ട്, സ്ത്രീകള്‍ക്ക് ബ്രെഡിന്റെ തരികള്‍ കിട്ടുന്നത് തന്നെ എന്തോ വലിയ സന്തോഷമാണ് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്, പക്ഷെ ഈ ബ്രെഡിന്റെ തരികള്‍ പോരാ, ഞങ്ങള്‍ സ്ത്രീകള്‍ക്കും കേക്കും, ഐസിങ്ങും ചെറിയുമൊക്കെ ആവശ്യമാണ് എന്നായിരുന്നു ബില്ലി ജീന്‍ കിങ്ങിന്റെ വാക്കുകള്‍.
ഇങ്ങനെയൊക്കെയാണെങ്കിലും, പ്രതീക്ഷ വെയ്ക്കാവുന്ന ചില നയമാറ്റങ്ങളും നടപടികളും ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഫുട്ബോള്‍ ബോര്‍ഡിന്റെ റവന്യു പുരുഷ-വനിതാ ടീമുകള്‍ക്ക് 24% എന്ന തുല്യ നിരക്കില്‍ നല്‍കും എന്ന തീരുമാനം പ്രശംസനീയമാണ്.
അതുപോലെ തന്നെ, മേരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് ബാറ്റ്സ്മാന്‍, ബാറ്റ്സ് വുമണ്‍ എന്നത് മാറ്റി ജന്‍ഡര്‍ ന്യൂട്രല്‍ ആയ ബാറ്റര്‍ എന്ന വാക്കിലേക്ക് മാറി. ബ്രിട്ടീഷ് ഫുട്ബോള്‍ പ്ളേയേഴ്സിന് തന്റെ കോണ്‍ട്രാക്ടില്‍ മെറ്റെര്‍നിറ്റി കവര്‍ ഉള്‍പെടുത്തുവാനുള്ള അവസരം നല്‍കിയതും മികച്ച തുടക്കമാണ്.
ഇത്തരത്തിലുള്ള കൂടുതല്‍ നടപടികള്‍ സ്പോര്‍ട്സില്‍ വരേണ്ടതുണ്ട്. അതിന് കായികരംഗത്തില്‍ താല്‍പര്യമുള്ള ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ മുതല്‍ അന്താരാഷ്ട്ര കായിക സമിതികളില്‍ വരെ പടിപടിയായ മാറ്റങ്ങളുണ്ടാകണം. അതേ കുറിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം നിര്‍ദേശങ്ങളാണ് പറയാനുള്ളതെന്നും സ്പോര്‍ട്സ് മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള അഭിപ്രായങ്ങളും തീര്‍ച്ചയായും കമന്റുകളില്‍ പങ്കുവെക്കണം.