നമുക്കിനിയും പാര്‍വതിമാരെ വേണം, സിനിമയിലെ ആണധികാരങ്ങളെ അസ്വസ്ഥതപ്പെടുത്താന്‍
Opinion
നമുക്കിനിയും പാര്‍വതിമാരെ വേണം, സിനിമയിലെ ആണധികാരങ്ങളെ അസ്വസ്ഥതപ്പെടുത്താന്‍
കാവേരി ബംസായി
Tuesday, 3rd December 2019, 3:56 pm

സിനിമയിലെ ചെയ്തികളെ മഹത്വവത്കരിച്ചുകൊണ്ട് പൊതുസമ്മതി ഉണ്ടാക്കിയെടുക്കുവാൻ വേണ്ടി കബീര്‍സിങ്, അര്‍ജ്ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ ഉപയോഗിച്ച വിഷ്വല്‍ വ്യാകരണത്തെക്കുറിച്ചും അത് ആള്‍ക്കൂട്ട ആക്രമണത്തിലേക്കും തെരുവ് ശിക്ഷകളിലേക്കും എങ്ങനെ നയിക്കുന്നു എന്നും നടി പാര്‍വതി തിരുവോത്ത് സംസാരിക്കുമ്പോള്‍ ‘ഫിലിം കമ്പാനിയൻ’ ചർച്ചയിലെ മറ്റ് പാനല്‍ അംഗങ്ങള്‍ എന്തുചെയ്യുകയായിരുന്നു എന്നത് രസകരമാണ്.

ആലിയാ ഭട്ടിന്റെ ശ്രദ്ധ മുഴുവന്‍ തന്റെ കൈവിരല്‍ത്തുമ്പിലായിരുന്നു, ലിപ്സ്റ്റിക്ക് കറ പല്ലിൽ പടർന്നിട്ടില്ലല്ലോ എന്ന് ഉറപ്പുവരുത്തുകയാണ് ദീപിക പദുക്കോണ്‍. അര്‍ജ്ജുന്‍ റെഡ്ഡിയെ അവതരിപ്പിച്ച വിജയ് ദേവറകൊണ്ട നീണ്ട നിശബ്ദതയിലും. ആയുഷ്മാന്‍ ഖുറാനയും രണ്‍വീര്‍ സിങുമാവട്ടെ, അനന്തതയിലേക്ക് നോക്കിയിരിക്കുന്നു.

ഫിലിം കമ്പാനിയനില്‍ പാര്‍വതി സംസാരിക്കുന്നു

പാര്‍വതി സംസാരിച്ചുകൊണ്ടേയിരുന്നു. ”ഒരു നടിയെന്നനിലയില്‍ ഇത്തരമൊരു സിനിമ ചെയ്യുന്നതില്‍നിന്ന് എനിക്ക് സംവിധായകനെ തടയാന്‍ കഴിയില്ല. പക്ഷേ, അതിന്റെ ഭാഗമാകാതിരിക്കാനുള്ള തീരുമാനം എനിക്കെടുക്കാൻ കഴിയും’, പാര്‍വതി പറഞ്ഞു.

മലയാള സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഈ 31 കാരി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു എന്നത് അനുനിമിഷം വ്യക്തമാവുകയാണ്. ഒരു ‘കുക്കി കട്ടര്‍ ക്യൂട്ടി’യോ അല്ലെങ്കില്‍ ‘പപ്പാ കി പാരി’യോ ആകുന്നതിലപ്പുറം സത്യം വിളിച്ചുപറയുന്നതിലും വിവിധ ഭാഷാ ചിത്രങ്ങളിലടക്കം അര്‍ത്ഥവത്തായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പാര്‍വതിക്ക് സ്വതസിദ്ധമായ ശൈലിയുണ്ട്.

ഓരോ സിനിമകൾ കഴിയുന്തോറും തന്റെ അഭിനയ മികവ് ഒന്നിനൊന്ന് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വൈറസ് എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷക പ്രശംസ നേടിയ പാര്‍വതിയുടെ അഭിനയം, ‘കൈയ്യടക്കത്തോടെയുള്ള മികച്ച പ്രകടന’മായിരുന്നെന്നാണ് വിമര്‍ശകര്‍ പോലും വിലയിരുത്തിയത്.

ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളെയും പോലെ മികച്ച തൊഴിലിടവും അന്തരീക്ഷവുമാണ് പാര്‍വതിയും ആവശ്യപ്പെടുന്നത്.

‘നിങ്ങളുടെ സ്ഥാപനങ്ങളില്‍ നല്ല ലൈംഗിക വിദ്യാഭ്യാസമാണ് വേണ്ടതെങ്കില്‍, നിങ്ങളത് ആവശ്യപ്പെടണം. അല്ലാതെ, ലൈംഗികതയെ കുറിച്ച് തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകളിലും മറ്റും അഭിരമിക്കുകയല്ല വേണ്ടത്. ലോക്കര്‍ റൂം തമാശകളും പരാമര്‍ശങ്ങളും നടത്താതിരിക്കൂ’, പാര്‍വതി പറയുന്നു.

ബോളിവുഡിനേക്കാള്‍ പുരുഷാധിപത്യമുള്ള സൗത്ത് ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന പാര്‍വതി, ഒരു നടിയായി തുടരാനും അതേസമയം അനീതികളോട്  ശബ്ദമുയര്‍ത്താനുമുള്ള ആർജവം കാണിക്കുന്നുണ്ട്.

പുരുഷ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്ന ഒരു വ്യവസായമാണിത്. നായകന്മാരോടുള്ള അപകടകരമായ അഭിനിവേശം ആരാധകര്‍ പ്രകടിപ്പിക്കുന്ന ഇടം.

ചുറ്റുപാടുകളെക്കുറിച്ച് ഉറച്ച ബോധ്യമുള്ളവരായും, അപ്രിയ സത്യങ്ങൾ വെട്ടിത്തുറന്നുപറഞ്ഞും, പുരുഷകേന്ദ്രീകൃത ഇടങ്ങളെ അസ്വസ്ഥപ്പെടുത്തിയും ബോളിവുഡ് നടിമാര്‍ എങ്ങനെയായിരിക്കണമെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്നോ, അതാണ് പാര്‍വതി ഇപ്പോള്‍ ചെയ്യുന്നത്.

ആരാണ് ആ സ്ത്രീ

അഭിനയിക്കാത്ത സിനിമകളെ പ്രകീർത്തിച്ചോ കാലാവസ്ഥാ ആക്ടിവിസ്ഥുകളെ പിന്തുണച്ചോ പാര്‍വതിക്ക് ട്വിറ്റര്‍ ട്രെന്‍ഡിങിലേക്ക് വേഗത്തില്‍ എത്താമായിരുന്നു. എന്നാല്‍ അവര്‍, മായ ഏഞ്ചലോയെ ഉദ്ധരിച്ച് എല്‍.ജി.ബി.ടി.ക്യു പ്രൈഡ് ഫ്‌ളാഗിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

ചാരുകസേര ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും വലയത്തിനപ്പുറമാണ് പാര്‍വതി. മുഖ്യധാരാ മീഡിയ പോലും നിസ്സംഗതയോടെ നോക്കികണ്ടപ്പോൾ അവര്‍ ‘മീടൂ മൂവ്‌മെന്റി’നെ പിന്തുണച്ചു.

മമ്മൂട്ടി ചിത്രമായ ‘കസബ’യിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ സംസാരിച്ചതിന് പാര്‍വതി നേരിടേണ്ടി വന്നത് വലിയ ആക്രമണമാണ്. അവരെ ബലാത്സംഗം ചെയ്യുമെന്നും വകവരുത്തുമെന്നും വരെ മമ്മൂട്ടി ഫാന്‍സ് ആക്രോശിച്ചു.

മലയാളം സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ (ഡബ്ല്യു,സി.സി) പാര്‍വതി പിന്തുണച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അവര്‍ അവരുടെ കടമ ഗൗരവത്തോടെ ചെയ്യുന്നെന്നാണ് സംവിധായക ബീനാപോള്‍ പാര്‍വതിയെക്കുറിച്ച് പറഞ്ഞത്.

‘സിനിമയിലെത്തുന്ന സ്ത്രീകളുടെ കാര്യത്തില്‍ വലിയ മാറ്റമാണിപ്പോഴുള്ളത്. അവരെല്ലാവരും നല്ല വിദ്യാഭ്യാസമുള്ളവരാണ്. സിനിമാ കുടുംബത്തില്‍നിന്നുള്ളവരല്ല. അവര്‍ അഭിനയത്തെ തൊഴിലായി സ്വീകരിച്ചവരാണ്. അവര്‍ ലോകം കണ്ടവരും അവകാശങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളവരുമാണ്.

ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനം

അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് അസാധാരണമായ എന്തോ ഒന്നാണെന്ന് ഇനിമേൽ കരുതാത്ത ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിന് ഡ.ബ്ല്യു.സി.സിയുടെ രൂപീകരണം സഹായിച്ചിട്ടുണ്ട്’. ബീനാ പോള്‍ പറയുന്നു. പ്രത്യേകിച്ചും ദിലീപിനെപ്പോലെ ഇന്‍ഡസ്ട്രിയില്‍ പ്രബലനായ ഒരാള്‍ക്കെതിരെ സംസാരിക്കുന്നതില്‍.

തന്റെ രാജി പുറത്താക്കലല്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞപ്പോള്‍ ഒറ്റവാക്ക് പ്രതികരണത്തിലൂടെ മുഴുവൻ സ്ത്രീകളുടെയും രോഷം തുറന്നുകാട്ടുകയായിരുന്നു പാർവതി.

 

ധൈര്യവും ഔന്നത്യവും പാര്‍വതിയുടെ ചിത്രങ്ങളിലും പ്രകടമാണ്. ഉദാഹരണത്തിന്, 2019-ല്‍ പുറത്തിറങ്ങിയ ‘ഉയരെ’യില്‍ പാര്‍വതി ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന ഒരു പൈലറ്റായി. 2017-ല്‍ പുറത്തിറങ്ങിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തില്‍ ഇറാഖിലെ തിക്രിതില്‍ പെട്ടുപോകുന്ന നേഴ്‌സിനെയാണ് പാര്‍വതി അവതരിപ്പിച്ചത്.

നിപാ വൈറസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘വൈറസി’ലാവട്ടെ, പാര്‍വതിക്ക് ഡോക്ടറുടെ കഥാപാത്രമായിരുന്നു. അവയെല്ലാം തന്നെ യഥാര്‍ത്ഥ സ്ത്രീ ജീവിതങ്ങളുടെ പുനരാവിഷ്‌കാരങ്ങളായിരുന്നു. നമ്മളെല്ലാവരെയും പോലെ, നമുക്ക് ചുറ്റുമുള്ളവരെപ്പോലെ.

അതുകൊണ്ടുതന്നെയാണ് തനൂജ ചന്ദ്രയെ തന്റെ ‘ഖാരിബ് ഖാരിബ് സിംഗിളി’ല്‍ ഇര്‍ഫാന്‍ ഖാനൊപ്പം പാര്‍വതിയെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.  ‘പാര്‍വതിയില്‍ കാപട്യങ്ങള്‍ ഒന്നുമില്ല. അവരെപ്പോലെ എന്റെ കഥാപാത്രത്തിന് ഇത്രമാത്രം ഇണങ്ങുന്ന ശരീരപ്രകൃതമുള്ള ഒരാളെ കഥാപാത്രമാക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ വലിയൊരനുഗ്രഹവും സന്തോഷവുമായി കാണുന്നു. എന്ത് ഭംഗിയാണ് അവരെക്കാണാന്‍’.

‘ഖാരിബ് ഖാരിബ് സിംഗിളി’ല്‍ പാര്‍വതി

‘സുന്ദരിയെന്നാല്‍ ഒരാള്‍ അസ്ത്രം പോലെ മെലിഞ്ഞിരിക്കുക എന്നര്‍ത്ഥമില്ല. അതൊന്നുമില്ലാതെ തന്നെ അവര്‍ വളരെ മികച്ച നടിയാണ്. ഇത്രമേല്‍ മികച്ച ഒരു നടിയായിരുന്നില്ലെങ്കില്‍ എനിക്ക് എന്റെ ലക്ഷ്യത്തിലെത്തുക അസാധ്യമായിരുന്നു. എനിക്ക് ശക്തമായൊരു അഭിനേതാവിനെയായിരുന്നു ആവശ്യം’, എന്നാണ് തനൂജ ചന്ദ്ര ദി പ്രിന്റിനോട് പറഞ്ഞത്.

‘ഖാരിബ് ഖാരിബ് സിംഗിള്‍’ റിലീസ് ചെയ്തതിന് ശേഷം ഹിന്ദി സിനിമാ പ്രേക്ഷകരില്‍നിന്നും ചന്ദ്ര നേരിട്ട പ്രതികരണം, ‘ഇര്‍ഫാന്‍ പതിവുപോലെ ഗംഭീരമാക്കി, പക്ഷേ, ആരാണ് ആ പെണ്‍കുട്ടി’ എന്നായിരുന്നു. മികച്ച സ്‌ക്രീന്‍ പ്രസന്‍സുള്ള വ്യക്തിയാണ് പാര്‍വതിയെന്നും ചന്ദ്ര പറയുന്നു.

‘അവള്‍ ഹൃദയംകൊണ്ടാണ് അഭിനയിക്കുന്നത്. അവര്‍ അഭിനയിക്കുകയല്ല, കഥാപാത്രമായി മാറുകയാണ് ചെയ്യുന്നത്. എന്റെ കാഴ്ചപ്പാടില്‍ ഒരു അഭിനേതാവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ കഴിവാണത്. അവര്‍ കഠിനാധ്വാനിയും നന്നായി ഉള്‍ക്കൊള്ളുകയും വേണ്ടസമയത്ത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്’, ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

പാര്‍വതി എന്ന ഫെമിനിസ്റ്റ്‌

അങ്ങേയറ്റം സ്വതന്ത്ര്യയായ പാര്‍വതി, തികഞ്ഞ ഫെമിനിസ്റ്റും ലിബറലുമാണ്. ഇന്ത്യയിലെ മറ്റ് നായികാ നടിമാര്‍ പലരും ഫെമിനിസമെന്ന വാക്ക് അവരുടെ ശക്തി ചോര്‍ത്തുമെന്നും  സിനിമാലോകത്ത്‌ അവരെ അപ്രസക്തമാക്കിക്കളയുമെന്നും കരുതുമ്പോള്‍ പാര്‍വതി സ്വയം ഫെമിനിസ്റ്റെന്ന്  ഉറക്കെ വിളിച്ചു പറയുന്നു.

ഓണ്‍ലൈന്‍ ട്രോളുകളും ഓഫ്‌ലൈന്‍ വിമര്‍ശനങ്ങളും മുഖവിലക്കെടുക്കാതൊയാണ് അവര്‍ മുന്നോട്ടുപോകുന്നത്. ചിലപ്പോഴൊക്കെ അതവരുടെ പ്രതിഫലത്തെ ബാധിക്കുകയും ബലാത്സംഗ, വധഭീഷണികള്‍വരെ ഉയരുകയും ചെയ്യുന്നുണ്ടെങ്കില്‍ക്കൂടിയും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി അവര്‍ ആത്മാര്‍ത്ഥമായി നിലകൊള്ളുന്നു.

‘താരാരാധനകൊണ്ട് ഭ്രാന്തുപിടിച്ച ഫാന്‍സിന്റെ ആക്രമണങ്ങള്‍ക്ക് പാര്‍വതി എല്ലായിപ്പോഴും ഇരയാകാറുണ്ട്. മമ്മൂട്ടിയുടെ ‘കസബ’യിലെ സ്ത്രീവിരുദ്ധയ്‌ക്കെതിരെയും ‘അര്‍ജ്ജുന്‍ റെഡ്ഡി’ക്കെതിരെയും അവര്‍ സംസാരിച്ചപ്പോള്‍ സംഭവിച്ചത് അതുതന്നെയാണ്’.

‘ഡിപ്ലോമസിയുടെയും സ്വയം സംരക്ഷണത്തിന്റെയും ഈ കാലത്ത് വ്യക്തിത്വം സ്പഷ്ടമാക്കാനും അഭിപ്രായങ്ങള്‍ വ്യക്തമാക്കാനും അവര്‍ കാണിക്കുന്ന ആര്‍ജവത്തെ ഞാന്‍ പ്രത്യേകമായി വിലമതിക്കുന്നു’.

‘നിരന്തരം സ്വയം മെച്ചപ്പെടുത്താനുള്ള പ്രവണത അവര്‍ക്കുണ്ട്. അവരുടെ ‘ബൈപോളാര്‍ പ്രയോഗം’ വിമര്‍ശനത്തിന് കാരണമായി. പാര്‍വതി തന്റെ അബദ്ധം സമ്മതിക്കുകയും അഭിപ്രായപ്രകടനങ്ങള്‍ മെച്ചപ്പെടുത്താമെന്ന് വാക്കുനല്‍കുകയും ചെയ്തു’.

‘പാര്‍വതിയെപ്പോലെ മികച്ച അഭിനേതാക്കള്‍ നമുക്കുണ്ട്, പക്ഷേ, അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ കാര്യങ്ങൾ തുറന്നുപറയുന്നവരും വിവേകമുള്ളവരുമായിട്ടുള്ളു’, സിനിമാ നിരൂപകന്‍ സുധിര്‍ ശ്രീനിവാസന്‍ ദ പ്രിന്റിനോട് പറഞ്ഞു.

ഉപരിപ്ലവവും ഉറപ്പില്ലാത്തതുമായ നിലപാടുകളുടെയും സ്വയം ബ്രാന്‍ഡിങ്ങിന്റെയും ഇക്കാലത്ത് പാര്‍വതിയുടെ ദൃഢതയാര്‍ന്നതും സത്യസന്ധവുമായ നിലപാടുകളോടാണ് ആളുകള്‍ ഇങ്ങനെ പ്രതികരിക്കുന്നത്.

നല്ല സിനിമയോടുള്ള ഇഷ്ടത്തിലും അവര്‍ വേറിട്ടുനില്‍ക്കുന്നു. താനും ഭാര്യയും മാമി(MAMAI)യില്‍ സിനിമ കാണുന്നതിനായി കുറച്ച് സമയം ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള അനുഭവത്തെക്കുറിച്ച് ‘സോളോ’യുടെയും ‘ശെയ്ത്താന്റെ’യും സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പങ്കുവക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അദ്ദേഹം പറയുന്നതിങ്ങനെ, ‘പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുകയും സിനിമയുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ യുവതലമുറയിലെ അഭിനേതാക്കളുടെ ഭാഗമാണ് പാര്‍വതി’.

‘അവര്‍ വിവിധ ഭാഷകളില്‍ നിന്നും വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ്. കൂടാതെ, അവരുടെ സിനിമകള്‍, ചെറുതാണെങ്കില്‍ക്കൂടിയും അവര്‍ അത് വിവിധ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ക്കൂടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അവരുടെ മികവുറ്റ സിനിമകള്‍ ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്യുന്നു.

ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ നിരവധി പിശാചുക്കളെ പൂട്ടിയിടാൻ നമുക്ക് ധാരാളം പാര്‍വ്വതിമാരെ ആവശ്യമാണ്.

ദ പ്രിന്റില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി  ബംസായി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാവേരി ബംസായി
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക, ഇന്ത്യാ ടുഡെ മുന്‍ എഡിറ്റര്‍