കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പിലെ തന്റെ എതിരാളികളില്‍ പ്രധാനിയായ എ.ഐ.എം.ഐ.എം നെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ ടുഡെ കോണ്‍ക്ലേവ് 2021 ലായിരുന്നു മമതയുടെ പ്രതികരണം.
എന്തിനാണ് ഉവൈസിയെ മാധ്യമങ്ങള്‍ ഇത്ര കണ്ട് പ്രചാരണം നല്‍കുന്നതെന്ന് മമത ചോദിച്ചു.
‘എന്തിനാണ് നിങ്ങള്‍ ഉവൈസിയെന്ന പേര് ഇത്രമാത്രം ഉപയോഗിക്കുന്നത്. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കില്‍ പോലും ചില സമയത്ത് അവ പോസിറ്റാവാകാന്‍ സാധ്യതയുണ്ട്’, മമത പറഞ്ഞു.
തെരഞ്ഞെടുപ്പിലെ മുഖ്യഎതിരാളിയായ ബി.ജെ.പിയ്‌ക്കെതിരെയും മമത രൂക്ഷവിമര്‍ശനമാണുയര്‍ത്തിയത്. വിദ്വേഷം പ്രചരിപ്പിക്കുന്ന ഇതുപോലൊരു പാര്‍ട്ടിയെ മുമ്പ് കണ്ടിട്ടില്ലെന്ന് മമത പറഞ്ഞു.
‘ഞാന്‍ ബി.ജെ.പിക്കെതിരെയും, അവരുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പോരാടുകയാണ്. ഒരുപാട് സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. ഇത്തരമൊരു വിദ്വേഷ സര്‍ക്കാരിനെ ജീവിതത്തില്‍ കണ്ടിട്ടില്ല’, മമത പറഞ്ഞു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക